സംസ്ഥാനത്തെ ജനസംഖ്യയുടെ 18 ശതമാനത്തോളം മാത്രം വരുന്ന സവർണ സമുദായങ്ങളെ പ്രീണിപ്പിക്കാൻ സർക്കാർ 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയതിലൂടെ പിന്നാക്ക വിഭാഗങ്ങൾക്ക് നഷ്ടമായത് അർഹതപ്പെട്ട ജോലിയും പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തെ സംവരണവും. ഏകപക്ഷീയമായി നടപ്പാക്കിയ 10 ശതമാനം സാമ്പത്തിക സംവരണത്തിന്റെ വ്യാപ്തിയും അതുമൂലം പിന്നാക്ക വിഭാഗത്തിനുണ്ടാകുന്ന കടുത്ത നഷ്ടവും നീതിനിഷേധവും തുറന്നുകാട്ടാൻ രാഷ്ട്രീയ കക്ഷികളോ പിന്നാക്ക സംഘടനകളോ തയ്യാറാകുന്നില്ല. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിനായി കൊണ്ടുവന്ന ഭരണഘടനയുടെ 103-ാം ഭേദഗതിക്കെതിരായ ഹർജികളിൽ 2022 നവംബറിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി എത്തിയത്. മുന്നാക്ക സംവരണം നടപ്പാക്കിയ കേന്ദ്ര സർക്കാരിന്റെ ഭരണഘടനാ ഭേദഗതിയോട് അഞ്ചംഗ ബഞ്ചിലെ 3 ജഡ്ജിമാരാണ് യോജിച്ചത്. മുന്നാക്ക വിഭാഗങ്ങൾക്ക് പരമാവധി 10 ശതമാനം വരെ നൽകാം എന്നാണ് സുപ്രീംകോടതി പറഞ്ഞത്. സംസ്ഥാനങ്ങൾക്ക് ഇത് നടപ്പാക്കാതെയും ഇരിക്കാമെന്ന സുപ്രധാന നിർദ്ദേശവും കോടതി ഉത്തരവിലുണ്ടായിരുന്നു. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ സുപ്രീംകോടതി വിധി നടപ്പാക്കിയപ്പോൾ തമിഴ്നാട്ടിൽ ഇത് നടപ്പാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സംവരണം നടപ്പാക്കിയപ്പോൾ ഭരണാധികാരികൾ പൊതുസമൂഹത്തോട് പറഞ്ഞത് സംവരണ സമുദായങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നും പൊതു വിഭാഗത്തിലുള്ള ഒഴിവുകളിൽ 10 ശതമാനമാണ് അനുവദിക്കുന്നതെന്നുമാണ്. 50 ശതമാനം സംവരണവും 50 ശതമാനം പൊതു വിഭാഗവുമാണ് നിലവിലുള്ളത്. അങ്ങനെയെങ്കിൽ പൊതുവിഭാഗത്തിലെ 50 ശതമാനത്തിന്റെ 10 ശതമാനം എന്നാൽ അഞ്ച് ശതമാനമാണ്. പക്ഷെ കേരളത്തിൽ നടപ്പാക്കിയപ്പോൾ പത്ത് ശതമാനവും നൽകി. അതായത് 100 ൽ 10 ശതമാനവും മുന്നാക്ക വിഭാഗത്തിന് നൽകി. 2019 ൽ തന്നെ ഈ അട്ടിമറി പലരും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും സർക്കാരോ പിന്നാക്ക വിഭാഗം സംഘടനകളോ വേണ്ടവിധം ഗൗരവത്തിലെടുത്തില്ല.
മെഡിക്കൽ
പ്രവേശനത്തിൽ വ്യക്തം
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലേക്കുള്ള 2025ലെ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പൂർത്തിയായപ്പോൾ ആദിവാസി വിഭാഗത്തിൽപ്പെട്ടവരെക്കാൾ പിന്നിൽ റാങ്കുള്ള സവർണ വിഭാഗത്തിനും പ്രവേശനം ഉറപ്പായെന്നതു തന്നെ സംവരണത്തിലെ നീതിനിഷേധമാണ് തുറന്നു കാട്ടുന്നത്. സംസ്ഥാന മെറിറ്റിൽ 697 വരെ റാങ്ക് ലഭിച്ച എല്ലാവരും എം.ബി.ബി.എസ് പ്രവേശനത്തിന് അർഹത നേടി. 916 വരെ റാങ്കുള്ള മുസ്ലിങ്ങൾക്കും 1627 വരെ റാങ്കുള്ള ഈഴവ സമുദായത്തിൽപ്പെട്ടവർക്കും സംവരണ അടിസ്ഥാനത്തിൽ പ്രവേശനം ഉറപ്പായി. മറ്റു പിന്നാക്ക ഹിന്ദു വിഭാഗത്തിൽപ്പെട്ട 1902 വരെ റാങ്ക് ലഭിച്ചവർക്കും പ്രവേശനമായപ്പോൾ സവർണ സമുദായത്തിൽപ്പെട്ട 2842 വരെ റാങ്ക് ലഭിച്ച വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പായി. സ്വാശ്രയ കോളേജുകളിലെ പ്രവേശനത്തിലും ഒ.ബി.സി വിഭാഗം വിദ്യാർത്ഥികളെക്കാൾ വളരെ താഴ്ന്ന റാങ്കുള്ള സവർണ സമുദായത്തിൽപ്പെട്ട ഇ.ഡബ്ല്യൂ.എസ് (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ) എന്ന വിഭാഗത്തിൽ പ്രവേശനം ഉറപ്പാക്കി.
ബി.ഡി.എസ് പ്രവേശനത്തിൽ സ്വാശ്രയ കോളേജിൽ പ്രവേശനം ഉറപ്പായ ആദിവാസി കുട്ടിയുടെ റാങ്ക് 43,449 ആണ്. അതേസമയം സവർണ സമുദായത്തിൽ പെട്ട 43,690 വരെ റാങ്ക് ലഭിച്ച വിദ്യാർത്ഥിക്കും പ്രവേശനം ഉറപ്പായി. അതായത് ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളെക്കാൾ താഴ്ന്ന റാങ്കുള്ള സവർണ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥിക്കും പ്രവേശനം ലഭിച്ചുവെന്ന് സാരം.
കേന്ദ്രത്തിന്
വഴികാട്ടാൻ കേരളം
ഇന്ത്യയിലാദ്യമായി മുന്നാക്കക്കാർക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ സംസ്ഥാനമെന്ന ഖ്യാതിയും കേരളത്തിനാണ്. കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച ഭരണഘടനാ ഭേദഗതി നടപ്പാക്കാൻ പോകുന്നുവെന്ന് മുൻകൂട്ടി കണ്ട് അതിനുമുമ്പേ തന്നെ മുന്നാക്ക വിഭാഗങ്ങളുടെ പ്രീതി നേടാനായിരുന്നു സംസ്ഥാന സർക്കാരിന്റെ നീക്കം. 2019 ഒക്ടോബറിൽ സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിൽ സാമ്പത്തിക സംവരണം നടപ്പാക്കിയതായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പ്രഖ്യാപിച്ചു. പത്തുശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിക്കൊണ്ടുള്ള എൽ.ഡി ക്ലാർക്ക് റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചു. മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകാൻ 2017ൽ തന്നെ മന്ത്രിസഭ തീരുമാനിച്ചെങ്കിലും നടപ്പാക്കാൻ വൈകിയതിനെതിരെ രംഗത്തെത്തിയ എൻ.എസ്.എസിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ദേവസ്വം ബോർഡുകളിൽ മുന്നാക്കസംവരണം നടപ്പാക്കിയത്. നിലവിൽ തന്നെ 95 ശതമാനത്തോളം മുന്നാക്ക വിഭാഗത്തിൽപ്പെട്ടവരാണ് ദേവസ്വം ബോർഡുകളിൽ ജോലി ചെയ്യുന്നത്. അതുകൂടാതെയാണ് 10 ശതമാനം സാമ്പത്തികസംവരണം കൂടി അനുവദിച്ചത്. അതോടെ ദേവസ്വം ബോർഡുകളിൽ പിന്നാക്കക്കാർക്കുള്ള അവസരങ്ങളും നാമമാത്രമായി മാറി. കേരളം ദേവസ്വം ബോർഡുകളിൽ സാമ്പത്തിക സംവരണം നടപ്പാക്കിയതിന്റെ ചുവടു പിടിച്ചാണ് കേന്ദ്ര സർക്കാർ സർവീസുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭരണഘടനാ ഭേദഗതിയോടെ 10 ശതമാനം സാമ്പത്തിക സംവരണം കേന്ദ്ര സർക്കാർ നടപ്പാക്കിയത്. ഇത് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടെങ്കിലും കോടതിയുടെ അഞ്ചംഗ ബഞ്ചിലെ മൂന്ന് പേരുടെ ഭൂരിപക്ഷ വിധിയോടെ സാമ്പത്തിക സംവരണം രാജ്യത്താകെ നടപ്പാക്കാൻ വഴിതുറക്കുകയായിരുന്നു.
നായർ സമുദായം
10 ശതമാനത്തിലും താഴെ
നിലവിലെ സെൻസസ് റിപ്പോർട്ട് പ്രകാരം കേരളത്തിൽ 27 ശതമാനം മുസ്ലിങ്ങളും 18 ശതമാനം ക്രിസ്ത്യാനികളും ഉണ്ടെന്നാണ് കണക്ക്. അവശേഷിക്കുന്ന 55 ശതമാനവും ഹിന്ദു വിഭാഗമായി കണക്കാക്കാം. അതിൽ പട്ടിക വിഭാഗങ്ങൾ 10 ശതമാനമുണ്ട്. ഹിന്ദു ഒ.ബി.സി വിഭാഗത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഈഴവർ 25 ശതമാനവും വിശ്വകർമ്മജർ 5 ശതമാനവും മറ്റു പിന്നാക്ക ഹിന്ദുക്കൾ 10 ശതമാനവും എന്നാണ് അനുമാനം. ജനസംഖ്യയിൽ 13 ശതമാനം ഉണ്ടെന്നവകാശപ്പെടുന്ന നായർ സമുദായത്തിലെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട വിളക്കിത്തല നായർ, വെളുത്തേടത്ത് നായർ, ആന്തൂർ നായർ, ആന്ധ്ര നായർ, ചക്കാല നായർ, വിവിധ ചെട്ടിപിള്ള വിഭാഗങ്ങൾ, വണിക വൈശ്യർ തുടങ്ങിയവരെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. കൃത്യമായ കണക്കെടുത്താൽ സവർണ നായർ സമുദായം 10 ശതമാനത്തിലും താഴെ മാത്രമാണ്. ആ കണക്ക് പുറത്തു വരാതിരിക്കാനാണ് എൻ.എസ്. എസ് പോലുള്ള സംഘടനകൾ ജാതി സെൻസസിനെ എതിർക്കുന്നത്. അവർ 10ശതമാനം ഉണ്ടെന്ന് കരുതിയാലും 18 ശതമാനമുള്ള ക്രിസ്ത്യാനികളിൽ ലത്തീൻ കത്തോലിക്കരും പരിവർത്തിത ക്രൈസ്തവരും നാടാർ ക്രൈസ്തവരും കൂടി ഏകദേശം 10 ശതമാനം വരും. അവശേഷിക്കുന്ന എട്ടു ശതമാനം മാത്രമാണ് സവർണ ക്രൈസ്തവ വിഭാഗം. അങ്ങനെ ആകെ സവർണ വിഭാഗം 18 ശതമാനം വരും. എങ്കിലും രണ്ടു കൂട്ടരും കൂടി 20 ശതമാനമെന്ന് നിശ്ചയിച്ചാലും ഈ വിഭാഗത്തിലെ പാവപ്പെട്ടവർക്കാണ് 10 ശതമാനം സംവരണം അനുവദിക്കുന്നത്. സെൻസസ് രേഖ പ്രകാരം 27 ശതമാനമുള്ള മുസ്ലിം സമുദായത്തിന് പ്രൊഫഷണൽ കോഴ്സുകൾക്ക് എട്ടു ശതമാനം മാത്രമാണ് സംവരണം. സമാന ജനസംഖ്യയുള്ള ഈഴവ സമുദായത്തിന് ഒമ്പത് ശതമാനവും. ഈ കടുത്ത അനീതിയും അസമത്വവും അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതാണ്. ഉദ്യോഗ മേഖലയിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് 40 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്. എന്നാൽ വിദ്യാഭ്യാസ മേഖലയിൽ ഇത് വിവിധ കോഴ്സുകൾക്ക് 20 മുതൽ 30 ശതമാനം വരെ മാത്രമാണ്. സർക്കാർ അടിയന്തരമായി ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിൽ ഉദ്യോഗ മേഖലയിൽ ലഭ്യമായ 40 ശതമാനം സംവരണം അനുവദിക്കാൻ തയ്യാറാകണം. ഒപ്പം പാവപ്പെട്ടവരുടെ പേരിൽ അനുവദിച്ചിരിക്കുന്ന 10 ശതമാനം സംവരണം ജാതിമത വ്യത്യാസമില്ലാതെ എല്ലാ പാവപ്പെട്ടവർക്കും ബാധകമാക്കുകയാണ് വേണ്ടത്. ഒ.ബി.സി വിഭാഗങ്ങൾക്ക് അർഹമായ സംവരണവും അവസരങ്ങളും നേടിയെടുക്കാൻ പിന്നാക്ക സമുദായ സംഘടനകളും നേതാക്കളും തയ്യാറാവുക എന്നത് മാത്രമാണ് അടിയന്തര പരിഹാരമാർഗമെന്ന് പിന്നാക്ക വിഭാഗ വികസനവകുപ്പ് മുൻ ഡയറക്ടർ വി.ആർ ജോഷി അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |