പത്തനംതിട്ട: ശബരിമലയിൽ പമ്പാ മണൽപ്പുറത്ത് സെപ്തംബർ 20ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിലേക്ക് ആറ് കേന്ദ്രമന്ത്രിമാരെ ക്ഷണിക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പിൻമാറിയതിനാൽ, ആന്ധ്ര ഉപ മുഖ്യമന്ത്രി പവൻ കല്യാണിനെ മുഖ്യാതിഥിയാക്കാനാണ് ആലോചന.
കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, അശ്വനി വൈഷ്ണവ്, പീയുഷ് ഗോയൽ, ഗജേന്ദ്രസിംഗ് ഷെഖാവത്ത്, സംസ്ഥാനത്ത് നിന്നുള്ള കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരെയാണ് ക്ഷണിക്കുന്നത്. മത, സാമുദായിക സംഘടനകളെയും, ശബരിമലയുമായി ബന്ധമുള്ള മലയ, അരയ വിഭാഗങ്ങളെയും ക്ഷണിക്കും. അടുത്ത മാസ പൂജ ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിംഗിനൊപ്പം, അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നവർക്കുള്ള രജിസ്ട്രേഷനും നടത്താം. 500 പ്രതിനിധികൾക്കുള്ള താമസ സൗകര്യം പത്തനംതിട്ട, കോട്ടയം ജില്ലകളിലായി ക്രമീകരിക്കും.
ആശയം മലേഷ്യൻ
ഭക്തന്റേത്
എല്ലാ വർഷവും ശബരിമല ദർശനം നടത്തുന്ന മലേഷ്യൻ ഭക്തൻ ,ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്തുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ദർശനത്തിനെത്തുന്ന ഭക്തരുടെ സംഗമമെന്ന ആശയം മുന്നോട്ടു വച്ചത്. ദേവസ്വം മന്ത്രി വി.എൻ വാസവനുമായി പ്രസിഡന്റ് നടത്തിയ ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ അനുമതിയോടെ അയ്യപ്പ സംഗമത്തിനാ തീരുമാനിക്കുകയായിരുന്നു.ശബലിമല വികസനത്തിനുള്ള മാസ്റ്റർ പ്ളാൻ ചർച്ചയാണ് സംഗമത്തിലെ പ്രധാന അജൻഡ.
നാല് സെഷനുകൾ
1. ഉദ്ഘാടന സഭ
2. മാസ്റ്റർ പ്ളാൻ ചർച്ച, സ്പോൺസറെ തേടൽ
3. ഗതാഗത വിഷയങ്ങൾ
4. ആത്മീയ, സാംസ്കാരിക സമ്മേളനങ്ങൾ
'ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങൾ പാലിച്ചായിരിക്കും സംഗമം . മത, സാമുദായിക സംഘടനകളെയെല്ലാം ക്ഷണിക്കും. സർക്കാരിന്റെ സഹായത്തോടെയാണ് സംഗമം നടത്തുന്നത്.'
-പി.എസ് പ്രശാന്ത്,
തിരു.ദേവസ്വം
ബോർഡ് പ്രസിഡന്റ്
അയ്യപ്പസംഗമത്തിന് വിളിച്ചാൽ
പോകും: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചാൽ പങ്കെടുക്കുമെന്നും അവിടെ പോയി ഇവർ ചെയ്ത തെറ്റുകൾ ചൂണ്ടിക്കാട്ടുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അയ്യപ്പ സംഗമത്തിന് മുഖ്യമന്ത്രി പോകുന്നുണ്ടെങ്കിൽ ഭക്തരോട് മാപ്പ് പറയുകയും കേസുകൾ പിൻവലിക്കുകയും വേണം. ഇരട്ടത്താപ്പ് സമ്മതിക്കില്ല. പരിപാടിക്കെത്തുന്ന ഡി.എം.കെ മന്ത്രിയും മാപ്പു പറയണമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പറഞ്ഞത് വിരട്ടരുതെന്നാണ്. ആ രാഷ്ട്രീയം ഞങ്ങൾക്കില്ല. പേടിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും വിരട്ടുകയും ചെയ്യുന്നത് സി.പി.എം രാഷ്ട്രീയമാണ്. കേരളത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. രാഷ്ട്രീയ വിദ്വാനാണെന്നു പറഞ്ഞിട്ടില്ല. സാമാന്യബുദ്ധിയുള്ള, അധ്വാനിക്കുന്ന, കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുന്ന ആളാണ്. ഹൈന്ദവ വിശ്വാസിയാണ്. ശബരിമലയിൽ പോയി പ്രാർത്ഥിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെപ്പോലെ വിദ്വാനാകാൻ താത്പര്യമില്ല. സംഗമത്തിനെതിരെ ബി.ജെ.പി ഒന്നും പറഞ്ഞിട്ടില്ല. കുമ്മനം രാജശേഖരനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
രാജീവ് ചന്ദ്രശേഖർ വിശ്വാസികളെ അപമാനിക്കുന്നു: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്ന ബി.ജെ.പി സംസ്ഥാനാദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിശ്വാസികളെ അവഹേളിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി. 'തത്വമസി' ദർശനത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട്, വിശ്വാസികൾ അയ്യപ്പസംഗമത്തെ പിന്തുണയ്ക്കുമ്പോൾ, വിമർശനങ്ങൾ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ളവയാണ്.
രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനകൾ കേരളത്തിന്റെ സാമൂഹികസാംസ്കാരിക പശ്ചാത്തലങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞത തുറന്നുകാട്ടുന്നു. ആത്മീയതയും ഭക്തിയും രാഷ്ട്രീയ പാർട്ടിയുടെയോ വ്യക്തിയുടെയോ കുത്തകയല്ല, പൊതുസ്വത്താണ്.
മുഖ്യമന്ത്രിക്ക് കേരളത്തെക്കുറിച്ചോ സാധാരണക്കാരായ ജനങ്ങളെക്കുറിച്ചോ ഒന്നുമറിയില്ലെന്ന പ്രസ്താവന അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.
ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന രാജീവ് ചന്ദ്രശേഖർ, കഴിഞ്ഞ ഒമ്പതരവർഷത്തിനിടെ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളെ മനഃപൂർവം അവഗണിക്കുകയാണ്.
ദേവസ്വം ബോർഡ് നടത്തുന്ന പരിപാടിക്ക് സർക്കാർ നൽകുന്ന പൂർണ പിന്തുണ ഭരണപരമായ കടമയാണ്. ആത്മീയതയെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി ഉപയോഗിക്കാതെ, വിശ്വാസികളുടെ ഐക്യത്തെ ഉയർത്തിപ്പിടിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. അയ്യപ്പസംഗമത്തെ സുവർണാവസരമായി കരുതുന്ന രാജീവ് ചന്ദ്രശേഖറിന്റേത് മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നമാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |