കൊച്ചി: വശ്യചന്ദനം, വശ്യകുങ്കുമം, വശ്യകൺമഷി. ചോറ്റാനിക്കര അമ്മയുടെ പ്രസാദമാണെന്ന് പ്രചരിപ്പിച്ച് വിദേശ രാജ്യങ്ങളിൽ വ്യാജപൂജാദ്രവ്യ വില്പന കൊഴുക്കുന്നു. പേരുപോലെ വശീകരണ ശക്തിയുണ്ടെന്ന് അവകാശപ്പെട്ടാണ് വൻവിലയ്ക്ക് വിൽക്കുന്നത്.
ഇങ്ങനെയുള്ള പ്രസാദമോ വഴിപാടുകളോ ചോറ്റാനിക്കര ക്ഷേത്രത്തിലില്ല. ക്ഷേത്രം മാനേജർ രഞ്ജിനി ചോറ്റാനിക്കര പൊലീസിൽ മാർച്ച് 26ന് പരാതി നൽകിയെങ്കിലും തുടർ നടപടിയെടുത്തിട്ടില്ല. ഒട്ടേറെപ്പേർ തട്ടിപ്പിനിരയായെന്ന് സംശയിക്കുന്നു.
മലേഷ്യ ക്വാലാലംപൂർ സ്വദേശി സൂര്യയെന്ന യുവതി ചോറ്റാനിക്കര ക്ഷേത്രത്തിനുള്ളിൽ ചിത്രീകരിച്ച ടിക്ടോക് റീലുകൾ ഉപയോഗിച്ചാണ് ഓൺലൈൻ കച്ചവടം. ഫോട്ടോഗ്രഫി നിഷിദ്ധമായ ശ്രീകോവിലിന് അരികിൽ നിൽക്കുന്ന ചിത്രവും വീഡിയോയും ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചെറിയ ചില്ലുകുപ്പിയിലെ കോമ്പോസെറ്റിന് 86.70 മലേഷ്യൻ റിങ്കിറ്റാണ് (1,850രൂപ) വില.
മലേഷ്യ, സിംഗപ്പൂർ, തായ്ലാൻഡ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ ചോറ്റാനിക്കര അമ്മയുടെ ഒട്ടേറെ ഭക്തരുണ്ട്. ഇവരിലേറെയും തമിഴരാണ്. ദർശനത്തിനെത്തുന്ന ഇവരിൽ ചിലർ ക്ഷേത്ര കൗണ്ടറുകളിലും കടകളിലും വശ്യചന്ദനവും മറ്റും തേടാറുണ്ട്. പൂജാരിമാർ ഉൾപ്പെടെ ചില ജീവനക്കാരും ഇടനിലക്കാരും ഇത്തരം ആൾക്കാരുമായി ചങ്ങാത്തം പുലർത്തുന്നതായി സൂചനയുണ്ട്.
ചോറ്റാനിക്കര അമ്മയുടെ ചൈതന്യം ആവാഹിച്ച് മലേഷ്യയിലേക്ക് കടത്തിയെന്ന പേരിൽ ഇരുപത് വർഷംമുമ്പ് വിവാദവും അന്വേഷണവും ഉണ്ടായതാണ്. മംഗല്യവെടി, ശത്രുസംഹാരവെടി, വിദ്യാവെടി തുടങ്ങിയ പേരിൽ കരാറുകാരൻ സ്വന്തം നിലയിൽ ക്ഷേത്രത്തിൽ വെടിവഴിപാട് നടത്തി വന്നിരുന്നു. കഴിഞ്ഞ മാസമാണ് ദേവസ്വം തടഞ്ഞത്.
കാൽകഴുകൽ
ചോറ്റാനിക്കരയിലും
കീഴ്ക്കാവിലെ ആറാട്ടു കുളത്തിൽ വശ്യചന്ദന വില്പനക്കാരി കാലുകൾ കഴുകിയ വീഡിയോ ദൃശ്യങ്ങളും ടിക്ടോക്ക് വഴി പ്രചരിക്കുന്നുണ്ട്. എന്നാണ് ഇവർ ക്ഷേത്രത്തിൽ എത്തിയതെന്ന് വ്യക്തമല്ല. ആറാട്ട് ദിനത്തിൽ മാത്രമാണ് കുളത്തിൽ ഭക്തർക്ക് ഇറങ്ങാനാവുക. അങ്ങനെയല്ലെങ്കിൽ, ഗുരുവായൂരിൽ എന്നപോലെ പുണ്യാഹം ഇവിടെയും വേണ്ടിവരും.
വ്യാജ പ്രസാദം വില്പനയിൽ പ്രാഥമികാന്വേഷണം നടത്തി. കൂടുതൽ വിവരങ്ങൾ ലഭിക്കാത്തതിനാലാണ് കേസെടുക്കാത്തത്. സൈബർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
- കെ.എൻ.മനോജ്,
ചോറ്റാനിക്കര ഇൻസ്പെക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |