പറവൂർ: അയ്യപ്പസംഗമം ശബരിമലയുടെയും മറ്റു ക്ഷേത്രങ്ങളുടെയും വളർച്ചയ്‌ക്ക് സഹായകമാകുമെന്നും എസ്.എൻ.ഡി.പി യോഗം സംഗമത്തിന് പിന്തുണ നൽകുമെന്നും ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.
ആഗോളതലത്തിൽ ശബരിമലയുടെ പ്രസക്തി പ്രചരിപ്പിക്കാനും ഭക്തരെ ആകർഷിക്കാനും സാധിച്ചാൽ നല്ലതാണ്. ശബരിമലയിൽ കൂടുതൽ ഭക്തർ എത്തിയാൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന സാധാരണക്കാരുടെ ജീവിതം പച്ചപിടിക്കും. ആചാരങ്ങൾ നിലനിറുത്തിയേ കാര്യങ്ങൾ ചെയ്യൂവെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. അത് മുഖവിലയ്ക്കെടുക്കുന്നു. സർക്കാരിനും ദേവസ്വം ബോർഡിനും സ്ത്രീ പ്രവേശനമെന്ന അജൻഡ ഇപ്പോഴില്ല. യുവതീപ്രവേശനം പാടില്ലെന്നാണ് തങ്ങളുടെയും അഭിപ്രായം.
വിശ്വാസിയല്ലാത്ത മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ മുതലെടുപ്പിനാണ് അയ്യപ്പസംഗമം നടത്തുന്നതെന്ന ബി.ജെ.പിയുടെ ആരോപണത്തിൽ കഴമ്പില്ല. നല്ലൊരു ശതമാനം കമ്യൂണിസ്‌റ്റുകാർ ശബരിമലയിൽ പോകുന്നുണ്ട്. ശബരിമലയിലെ പ്രശ്നങ്ങൾക്കും പരിഹാരം വേണം. അവിടെ പാർക്കിംഗ് സൗകര്യമില്ല. വിരിവയ്‌ക്കാൻ ഇടമില്ല. ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ വന്നുപോകാനുള്ള സാഹചര്യം സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഒരുക്കണം.
യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസുകളിൽപെട്ട ഒട്ടേറെ നിരപരാധികൾ വിദേശത്ത് ജോലിക്ക് പോകാനുള്ള തടസം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകളിൽ പെട്ടിട്ടുണ്ട്. ഈ കേസുകൾ സർക്കാർ പിൻവലിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഈഴവർക്ക് തൊഴിലുറപ്പ് മാത്രം
ഈഴവരുടെ വോട്ടും കാശും വാങ്ങി വളർന്ന രാഷ്ട്രീയ പാർട്ടികൾ അവരെ അവഗണിക്കുകയാണെന്ന് കരിമ്പാടം ശാഖ ഓഫീസ് ഉദ്ഘാടനസമ്മേളനത്തിൽ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഈഴവരുടെ കഷ്ടങ്ങളും നഷ്ടങ്ങളും പരിഹരിക്കാനോ സംരക്ഷിക്കാനോ പാർട്ടികൾ തയ്യാറല്ല. നമ്മോടൊപ്പം പത്ത് സെന്റ് കുടികിടപ്പ് വാങ്ങിയ ന്യൂനപക്ഷങ്ങൾ കുബേരന്മാരായി. ഈഴവർ കിട്ടിയ ഭൂമി വിറ്റ് തൊഴിലുറപ്പ് തൊഴിലാളികളായി. മതവും ജാതിയും പറഞ്ഞ് രാഷ്ട്രീയ പാർട്ടികൾ ഉണ്ടാക്കി സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തി നേട്ടമുണ്ടാക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |