തിരുവനന്തപുരം : ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീംകോടതിയിൽ വാദിച്ച നിലപാട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആഗോള അയ്യപ്പസംഗമത്തിന് മുൻപ് തിരുത്തണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബോർഡിന്റെ മുൻ ചെയ്തികൾ വിശ്വാസികൾ മറന്നെന്ന് കരുതരുത്. ബോർഡിനും സർക്കാരിനും അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ സുപ്രീം കോടതിയിൽ പുതിയ നിലപാട് അറിയിക്കണം. അതേസമയം ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിച്ചുകൊണ്ടും ക്ഷേത്രപരിശുദ്ധി നിലനിറുത്തിക്കൊണ്ടും വികസന പ്രവർത്തനങ്ങൾക്കാണ് അയ്യപ്പസംഗമം എങ്കിൽ പിന്തുണയ്ക്കാമെന്ന എൻ.എസ്.എസിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. യുവതീപ്രവേശനം ഭക്തർ ഇഷ്ടപ്പെടുന്നില്ലെന്ന എസ്.എൻ.ഡി.പി നിലപാടും കണക്കിലെടുക്കണം. മറ്ര് ഹൈന്ദവ സംഘടനകളുടെ ആശങ്കകളും പരിഹരിക്കപ്പെടണമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ആഗോള അയ്യപ്പസംഗമം സർക്കാരിന്റെ
പ്രായശ്ചിത്തം: കെ.സി വേണുഗോപാൽ
ആലപ്പുഴ: ആഗോള അയ്യപ്പ സംഗമം ശബരിമലയിൽ സർക്കാരിന്റെ പ്രായശ്ചിത്തമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി പറഞ്ഞു. വിശ്വാസികളെ വേദനിപ്പിച്ച സംഭവങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിട്ടുള്ളത്. ദേവസ്വം ബോർഡിനെ പിന്നിലാക്കി സർക്കാർ തന്നെ രംഗത്തിറങ്ങിയത് പ്രായശ്ചിത്തം തീർക്കാനാണ്.
അയ്യപ്പ സംഗമത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാനില്ല. അയ്യപ്പൻമാരെ ദ്രോഹിച്ച ചരിത്രമാണ് സർക്കാരിനുള്ളത്. ഈശ്വര വിശ്വാസികളായ സംഘടനകൾ പിന്തുണ നൽകുന്നത് സ്വാഭാവികമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ശബരിമലയിൽ കൂടുതൽ സൗകര്യം ഒരുക്കുന്നതിലാണ് സർക്കാർ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബീഹാറിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റം നടക്കുകയാണ്. മോദിക്ക് പ്രതികരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കേരളത്തിലെ നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |