കൊച്ചി: പൊലീസ് ഉദ്യേോഗത്തിനിടയിലെ മാനസിക പിരിമുറുക്കത്തെ 'ഏകപാത്ര നാടകം" കളിച്ച് തോൽപ്പിക്കുകയാണ് ആലപ്പുഴ എരമല്ലൂർ വളവൻകേരി വീട്ടിൽ കെ. ഷിബുരാജ്. കടവന്ത്ര സ്റ്റേഷനിലെ സീനിയർ സി.പി.ഒയ്‌ക്ക് നാലു വർഷത്തിനിടെ ലഭിച്ചത് നൂറിലധികം വേദികൾ. അന്താരാഷ്ട്ര മത്സരത്തിനുള്ള നാടകത്തിന്റെ പണിപ്പുരയിലാണ് ഈ 48കാരൻ.
ബാലസംഘം പ്രവർത്തനമാണ് നാടകത്തിലേക്കടുപ്പിച്ചത്. പഠനകാലത്ത് തെരുവുനാടകങ്ങളിൽ സജീവമായി. എറണാകുളത്ത് വക്കീൽ ഗുമസ്തനായപ്പോഴും നാടകത്തെ ഹൃദയത്തോട് ചേർത്തു. 2010ൽ സേനയുടെ ഭാഗമായതോടെ ഇടവേളയെടുത്തു. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന നിലയിലേക്ക് സേന മാറിയപ്പോൾ വീണ്ടും മുഖത്ത് ചായം പുരണ്ടു.
സിസ്റ്റർ അഭയ കൊലക്കേസിലെ പ്രധാന സാക്ഷിയും മോഷ്ടാവുമായ അടയ്‌ക്കാരാജുവിന്റെ കഥപറയുന്ന 'മുറുക്കാൻ", ലഹരിമരുന്നിന്റെ ദൂഷ്യവശങ്ങൾ എടുത്തുകാട്ടുന്ന 'ഇരുട്ടുകുത്തി" എന്നിവ മടങ്ങിവരവിനെ മികച്ചതാക്കി. പൊലീസുകാരൻ കള്ളനായി അഭിനയിച്ച 'മുറുക്കാൻ" പ്രേക്ഷകശ്രദ്ധ നേടി. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു.
ആംബുലൻസ് ഡ്രൈവറുടെ കഥപറയുന്ന 'മരണക്കൂട്ടും", ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ ജീവിതകഥയുമാണ് അടുത്ത ഏകപാത്ര നാടകങ്ങൾ. വാൻഗോഗിന്റെ നാടകവുമായാണ് അന്താരാഷ്ട്ര തലത്തിലേക്കിറങ്ങുന്നത്. ഇതിനിടെ പ്രമുഖ സമിതികളുടെ 70 അമച്വർ നാടകങ്ങളിലും അഭിനയിച്ചു.
ഏകപാത്ര നാടകത്തിനും അമച്വർ നാടകങ്ങൾക്കും വേദിക്ക് കുറവില്ല. ഡ്യൂട്ടി ക്രമീകരിച്ചാണ് സമയം കണ്ടെത്തുന്നത്. കടവന്ത്ര സ്റ്റേഷനിലെ ഇൻസ്പെക്ടർ പി.എം. രതീഷുൾപ്പെടെ എല്ലാവരും ഫുൾ സപ്പോർട്ടാണ്. എറണാകുളത്തെ പൊലീസ് ക്വാർട്ടേഴ്സിലാണ് താമസം. അഭിഭാഷകയായ സരിതയാണ് ഭാര്യ. മക്കളായ ആവണിക്കും സായന്തിനും ഒപ്പമുള്ള നാടകവും ഒരുങ്ങുന്നു.
ചെലവുണ്ടെങ്കിലും പ്രതിഫലം വാങ്ങില്ല
കഥ തിരഞ്ഞെടുക്കൽ, ശബ്ദവും വെളിച്ചവും ഒരുക്കൽ, കർട്ടൻ കെട്ടൽ എന്നിവയെല്ലാം ഷിബുരാജ് ഒറ്റയ്‌ക്കാണ് ചെയ്യുന്നത്. മറ്റുകാര്യങ്ങളിൽ സുഹൃത്തുക്കൾ സഹായിക്കും. പോക്കറ്റിൽ നിന്ന് നല്ലൊരു തുക ചെലവാകുമെങ്കിലും പ്രതിഫലം വാങ്ങില്ല. ജീവിക്കാനുള്ളത് സർക്കാർ തരുന്നുണ്ടെന്ന് ഷിബുരാജ് പറയുന്നു.
'നല്ല നാടകങ്ങളുടെ ഭാഗമാകണമെന്നാണ് ആഗ്രഹം. അതിനൊപ്പം ഏകപാത്ര നാടങ്ങളും ഏറെ ചെയ്യണം".
-ഷിബുരാജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |