തിരുവനന്തപുരം: വന്യജീവികളുടെ കാടിറക്കം തടയുന്നതിന് വനംവകുപ്പ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സോളാർ ഫെൻസ് സർവീസ് സെന്ററുകൾ വ്യാപിപ്പിക്കും. മാനന്തവാടിയിൽ നടപ്പാക്കിയതിന് പുറമേ ദക്ഷിണ കേരളത്തിലെ സർക്കിളുകൾ കേന്ദ്രമാക്കി അടിയന്തരമായി ഒരു സർവീസ് സെന്റർ കൂടി സജ്ജമാക്കും. സൗരോർജ്ജ വേലികൾ തകരാറിലാകുന്നത് വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിനാണ് നടപടി. ഇത് കൂടാതെ, വനാതിർത്തികളിൽ വന്യജീവികളുടെ സാന്നിദ്ധ്യം പെട്ടെന്ന് കണ്ടെത്തുന്നതിനായി ശക്തമായ വെളിച്ചം കിട്ടുന്ന ലൈറ്റുകൾ സ്ഥാപിക്കുന്നതും പരിഗണിക്കുന്നുണ്ട്.
വന്യജീവി സംഘർഷം നേരിടുന്നതിനുള്ള കരട് സമീപനരേഖയിന്മേൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെയും ചർച്ചയിലാണ് ഈ വിഷയങ്ങൾ ഉയർന്നുവന്നത്.
കെ.എസ്.ഇ.ബി കനിയണം
വനാതിർത്തികളിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ദുരന്തനിവാരണ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും എല്ലായിടത്തും വൈദ്യുതി പോസ്റ്റുകളില്ലാത്തതും ഓരോ സ്ട്രീറ്റ് ലൈറ്രിനും കെ.എസ്.ഇ.ബി വലിയ തോതിലുള്ള നിരക്ക് നിശ്ചയിച്ചതും തടസ്സങ്ങളുണ്ടാക്കുന്നുണ്ട്. നിലവിലുള്ള വൈദ്യുതി പോസ്റ്റുകളിൽ പ്രത്യേകം ലൈൻ വലിച്ച് സ്ട്രീറ്റ് ലൈറ്റുകൾ സജ്ജമാക്കണമെന്ന കെ.എസ്.ഇ.ബിയുടെ നിർദ്ദേശം പഞ്ചായത്ത് അധികൃതരെ കുഴപ്പിക്കുന്നുണ്ട്. വനാതിർത്തികളിലുള്ള പോസ്റ്റുകൾ വളരെ ദൂരത്തിലുള്ളതായതിനാൽ പ്രത്യേക കേബിളുകൾ വലിക്കുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നെന്നും ഇക്കാര്യത്തിൽ കെ.എസ്.ഇ.ബി മാനദണ്ഡങ്ങളിൽ ഇളവ് നൽകണമെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ ആവശ്യം.
സ്ട്രീറ്ര് ലൈറ്റ് അത്യാവശ്യം
വെളിച്ചക്കുറവുള്ളതിനാൽ ഇരുട്ടത്ത് കാടിറങ്ങുന്ന വന്യമൃഗങ്ങളെ നിരീക്ഷണ ക്യാമറയിൽ പോലും കണ്ടെത്താനാകുന്നില്ല. അതിനാൽ വേണ്ടവിധത്തിൽ മുന്നറിയിപ്പ് നൽകാനാകുന്നില്ല. വനാതിർത്തികളിലും ഗ്രാമീണ റോഡുകളിലും വേണ്ടരീതിയിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചാൽ മുന്നറിയിപ്പ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനാകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ഫോട്ടോ:
കേരളകൗമുദി ആഗസ്റ്റ് 20ന് പ്രസിദ്ധീകരിച്ച വാർത്ത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |