മലയാളികളുടെ അടക്കം പ്രീതി പിടിച്ചുപറ്റിയ തമിഴ് സംവിധായകനാണ് വെട്രിമാരൻ. വിസാരണെെ, വട ചെന്നെെ, അസുരൻ തുടങ്ങിയ നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനം മാത്രമല്ല നിർമാതാവ് എന്ന നിലയിലും വെട്രിമാരൻ ശ്രദ്ധനേടിയിട്ടുണ്ട്. കാക്കമുട്ടെെ, കൊടി, ലെൻസ് തുടങ്ങിയ ചിത്രങ്ങൾ വെട്രിമാരന്റെ പ്രൊഡക്ഷൻ കമ്പനിയായ ഗ്രാസ് റൂട്ട് ഫിലിം കമ്പനിയാണ് നിർമിച്ചത്. ഇപ്പോഴിതാ തന്റെ നിർമാണ കമ്പനി പൂട്ടാനൊരുങ്ങുകയാണ് വെട്രിമാരൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വർഷാ ഭരത് സംവിധാനം ചെയ്യുന്ന 'ബാഡ് ഗേൾ' എന്ന ചിത്രമാണ് നിലവിൽ വെട്രിമാരന്റെ പ്രൊഡക്ഷൻ കമ്പനിയായ ഗ്രാസ് റൂട്ട് ഫിലിം നിർമിക്കുന്നത്. ഇത് താൻ നിർമ്മിക്കുന്ന അവസാന ചിത്രമായിരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ബാഡ് ഗേളും അതിന് മുൻപ് നിർമിച്ച മാനുഷിയും കാരണമുണ്ടായ വിവാദങ്ങളും ഈ ചിത്രങ്ങളുടെ പേരിൽ സെൻസർ ബോർഡുമായുണ്ടായ തർക്കങ്ങളുമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'നിർമാതാവായതിനാൽ ഞാൻ കൂടുതൽ ശ്രദ്ധാലുവായിരിക്കണം. ടീസറിനെയും ട്രെയിലറിനെയും കുറിച്ചുള്ളത് ഓരോ അഭിപ്രായങ്ങളും ജാഗ്രതയോടെ സമീപിക്കണം. ഈ ഘടകങ്ങളെല്ലാം സിനിമയുടെ വരുമാനത്തെ ബാധിക്കുന്നതിനാൽ നിർമാതാവിനുമേലുള്ള സമ്മർദ്ദം അധികമാണ്. 'മനുഷി' ഇപ്പോൾ കോടതിയിലാണ്. അതിന് കോടതി ഉത്തരവ് നൽകിയിട്ടുണ്ട്. ബാഡ് ഗേളിന്റെ കാര്യത്തിലും ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിക്കാൻ റിവെെസിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്. ബാഡ് ഗേളിന്റെ ടീസർ ഇറങ്ങിമ്പോൾ മുതൽ അതിനെക്കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങൾ ഉണ്ടായി. എന്നാൽ ബാഡ് ഗേൾ അങ്ങനെ ഒരു സിനിമല്ല. ഇത്തരം സന്ദർഭങ്ങളിൽ നിർമാതാവായിരിക്കുക വലിയ വെല്ലുവിളിയാണ്. അതിനാലാണ് ബാഡ് ഗേൾ എന്ന ചിത്രത്തിന് ശേഷം ഗ്രാസ് റൂട്ട് ഫിലിം കമ്പനി അടച്ചുപൂട്ടാൻ ഞങ്ങൾ തീരുമാനിച്ചത്'- വെട്രിമാരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |