കണ്ണൂർ: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ജില്ലാകളക്ടർ നൽകിയ മൊഴി ശരി വച്ച് റവന്യൂ മന്ത്രി കെ.രാജൻ. കൂത്തുപറമ്പിൽ നടന്ന പട്ടയ മേളയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ,മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നവീൻബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച യാത്രയയപ്പ് സമ്മേളനത്തിന് പിന്നാലെ കളക്ടർ അരുൺ കെ.വിജയൻ തന്നെ വിളിച്ചിരുന്നുവെന്ന് മന്ത്രി സമ്മതിച്ചത്. കണ്ണൂർ ജില്ലാ കളക്ടറുമായി യാതൊരു പിണക്കവും തനിക്കില്ലെന്നും മന്ത്രി പറഞ്ഞു.
മുൻ എ.ഡി.എമ്മിന്റെ മരണത്തിന് ശേഷം നീണ്ട പത്തു മാസത്തെ ഇടവേളയ്ക്കൊടുവിലാണ് മന്ത്രി കെ.രാജനും കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനും ഒരു വേദയിലെത്തിയത്. ഇന്നലെ കൂത്തുപറമ്പിൽ നടന്ന പട്ടയ മേളയിലാണ് ഇരുവരും വേദി പങ്കിട്ടത്.പി. പി .ദിവ്യ എ.ഡി.എമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച യാത്രയയപ്പ് സമ്മേളനത്തിന് തൊട്ടുപിന്നാലെ നവീൻ ബാബു ചേംബറിലേക്ക് എത്തിയെന്നും തനിക്ക് ഒരു തെറ്റ് പറ്റിയെന്ന് പറഞ്ഞതായും ജില്ലാ കളക്ടർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. അന്നേ ദിവസം തന്നെ മന്ത്രി കെ.രാജനെ വിളിച്ച് നടന്ന എല്ലാ കാര്യങ്ങളും പറഞ്ഞതായും കളക്ടറുടെ മൊഴിയിലുണ്ട്. എന്നാൽ മന്ത്രി ഇക്കാര്യം ഇതുവരെയും സമ്മതിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |