ഹൃദയ ശസ്ത്രക്രിയകൾ മാറ്റിവച്ചാൽ അത് രോഗിയുടെ ജീവനുതന്നെ ഭീഷണിയാകും. പ്രധാന സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ സ്റ്റെന്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ക്ഷാമമല്ല അത്തരമൊരു സാഹചര്യത്തിന് ഇടയാക്കിയിരിക്കുന്നത്. ഉപകരണങ്ങൾക്കൊന്നും ഒരു ക്ഷാമവുമില്ല. എത്ര വേണമെങ്കിലും നൽകാനും കമ്പനികൾ തയ്യാറാണ്. എന്നാൽ അവർക്ക് കൊടുക്കാനുള്ള കുടിശ്ശിക 150 കോടി കടന്നാൽ അവർ വീണ്ടും ഉപകരണങ്ങൾ മുടങ്ങാതെ നൽകിക്കൊണ്ടിരിക്കണം എന്നു പറയുന്നതിൽ അർത്ഥമില്ല. അത്തരമൊരു അവസ്ഥ സംജാതമാകാൻ ആരോഗ്യവകുപ്പ് ഇടയാക്കരുതായിരുന്നു. സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികൾ ഉൾപ്പെടെ പ്രധാന സർക്കാർ ആശുപത്രികളിലേക്കുള്ള ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം മെഡിക്കൽ ഉപകരണ വിതരണക്കാരുടെ സംഘടന നിറുത്തിവച്ചിരിക്കുകയാണ്.
കുടിശ്ശിക തുക ലഭ്യമാക്കാമെന്ന ഉറപ്പ് സർക്കാർ ലംഘിച്ചതിനു പിന്നാലെയാണിത്. ആകെ ലഭിക്കാനുള്ള 158 കോടിയോളം രൂപയിൽ കുറച്ചെങ്കിലും നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകിയതായിരുന്നെങ്കിലും ഒന്നും നൽകിയില്ല. അതിനാൽ ഉപകരണങ്ങളുടെ വിതരണം നിറുത്തുകയാണെന്നറിയിച്ച് അവർ ആരോഗ്യവകുപ്പിന് കത്ത് നൽകിയിരിക്കുകയാണ്. കുടിശ്ശിക ലഭിക്കാത്തതിനാൽ ഉപകരണ നിർമ്മാക്കൾക്കു നല്കാൻ പണമില്ലെന്നും, അതിനാൽ തങ്ങൾക്ക് കൂടുതൽ സ്റ്റോക്ക് എടുക്കാൻ കഴിയാത്ത സ്ഥിതിയാണെന്നുമാണ് അവർ കത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ശസ്ത്രക്രിയയ്ക്ക് ആവശ്യമായ കൊറോണറി സ്റ്റെന്റ്, ഗൈഡ് വയർ, ഗൈഡ് കത്തീറ്റർ, പി.ടി.സി.എ ബലൂൺ എന്നിവയുടെ സ്റ്റോക്ക് തീർന്നു. ആശുപത്രികളിലേക്ക് പുതിയ സ്റ്റോക്ക് അയയ്ക്കാനാവില്ല. മാർച്ച് 31 വരെയുള്ള കുടിശ്ശികയായ 100 കോടി രൂപ അടിയന്തരമായി നൽകിയാൽ അത് കമ്പനികൾക്കു കൈമാറി സ്റ്റോക്ക് എടുക്കാമെന്നാണ് സംഘടനയുടെ നിലപാട്. സർക്കാർ ആശുപത്രികളിൽ ഇനി ഒരാഴ്ചത്തേക്ക് ആവശ്യമായ ഉപകരണങ്ങളുടെ സ്റ്റോക്ക് മാത്രമാണുള്ളത്. അതിനാൽ അടിയന്തര ശസ്ത്രക്രിയകൾ മുടങ്ങിയിട്ടില്ല. എന്നാൽ ഒരാഴ്ചയ്ക്കകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഹൃദയ ശസ്‌ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യമുണ്ടാകും. ആരോഗ്യവകുപ്പ്, ധനവകുപ്പ് മന്ത്രിമാർ അടിയന്തരമായി ഇടപെട്ട് ഈ പ്രശ്നം പരിഹരിക്കേണ്ടതാണ്.
മറ്റ് മെഡിക്കൽ ക്ളെയിമുകളോ സാമ്പത്തിക ശേഷിയോ ഇല്ലാത്ത സംസ്ഥാനത്തെ പാവപ്പെട്ട രോഗികളാണ് ഹൃദയ ശസ്ത്രക്രിയകൾക്കായും മറ്റും മെഡിക്കൽ കോളേജ് ആശുപത്രികളെ സമീപിക്കുന്നത്. 36 കോടി നൽകാനുള്ള കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഏറ്റവും കൂടുതൽ കുടിശ്ശികയുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് അടക്കം മറ്റുള്ള ആശുപത്രികളിൽ നിന്ന് ഇവിടേക്ക് തത്കാലം ഉപകരണങ്ങൾ എത്തിച്ചിട്ടുണ്ട്. ഒരു ദിവസം 15 മുതൽ 20 വരെ ആൻജിയോപ്ളാസ്റ്റി നടന്നിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇപ്പോൾ ദിവസം മൂന്നെണ്ണം മാത്രമാണ് നടക്കുന്നത്. മറ്റ് മെഡിക്കൽ കോളേജ് ആശുപത്രികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. അടിയന്തര പ്രാധാന്യമുള്ള ഈ വിഷയം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടലും ഉണ്ടാകേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |