കൊച്ചി : പാൻ ഇന്ത്യൻ ശ്രദ്ധനേടി തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് ലോക ചാപ്ടർ വൺ ചന്ദ്ര. ചിത്രം സംവിധാനംചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. 'ലോക' എന്ന സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യചിത്രമാണ് 'ചന്ദ്ര'. ചിത്രം കന്നഡ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം ഉയർന്നിരുന്നു, ഇപ്പോഴിതാ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാക്കൾ.
'ലോക: ചാപ്ടർ വൺ ചന്ദ്ര'യിലെ ഒരു ഡയലോഗിൽ മാറ്റംവരുത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. ഡയലോഗ് കന്നഡ വികാരത്തെ വ്രണപ്പെടുത്തണമെന്നുദ്ദേശിച്ച് മനഃപൂർവ്വമുള്ളതായിരുന്നില്ലെന്ന് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി അറിയിച്ചു.
'ഞങ്ങളുടെ ലോക: ചാപ്ടർ വൺ ചന്ദ്ര എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണം കർണാടകയിലെ ജനങ്ങളുടെ വികാരത്തെ അവിചാരിതമായി വ്രണപ്പെടുത്തിയതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. മറ്റെല്ലാത്തിനുമുപരി, മനുഷ്യർക്കാണ് വേഫെറർ ഫിലിംസ് സ്ഥാനം നൽകുന്നത്.
ഞങ്ങൾക്കുണ്ടായ വീഴ്ചയിൽ അഗാധമായി ഖേദിക്കുന്നു. ഇതിലൂടെ ഞങ്ങൾ ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. പ്രസ്തുത സംഭാഷണം എത്രയും വേഗം നീക്കംചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുന്നതായിരിക്കും. ഇതുമൂലമുണ്ടായ വിഷമത്തിന് ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ക്ഷമാപണം സ്വീകരിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു' എന്നാണ് വേഫെറർ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്.
ബെംഗളൂരുവിനെ പാർട്ടിയുടേയും മയക്കുമരുന്നിന്റേയും ഹബ്ബായി ചിത്രീകരിക്കുന്നു എന്ന ആരോപണവുമായി കന്നഡ സിനിമാ മേഖലയിൽനിന്നുള്ളവർ തന്നെ 'ലോക'യ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു. ബെംഗളൂരുവിലെ പെൺകുട്ടികളെ അപമാനിക്കുന്നുവെന്നും ചിലർ ചൂണ്ടിക്കാട്ടി.
പിന്നാലെ സംഭവം അന്വേഷിക്കുമെന്ന് ബെംഗളൂരു പോലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |