പത്തനംതിട്ട : മഴ ശക്തമായതിനെ തുടർന്ന് ടാപ്പിംഗ് നിലച്ചതും വില കുറഞ്ഞതും റബർ കർഷകർക്ക് കനത്ത തിരിച്ചടിയായി. റബറിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കർഷകർ ജില്ലയിലുണ്ട്. മഴയെ തുടർന്ന് അഞ്ച് മാസത്തോളമായി ടാപ്പിംഗില്ല. ആഗസ്റ്റ് ആദ്യവാരത്തോടെ കാലാവസ്ഥ മാറുമെന്ന് പ്രതീക്ഷിച്ച് ടാപ്പിംഗ് നടത്താനിരുന്ന കർഷകർ ദുരിതത്തിലായി. ജൂലായിൽ കിലോയ്ക്ക് ഇരുന്നൂറിന് മുകളിലായിരുന്ന റബർ ഷീറ്റ് വില ഒരുമാസം കൊണ്ട് നാൽപ്പതോളം രൂപ കുറഞ്ഞത് ഇരുട്ടടിയായി. അന്താരാഷ്ട്ര വിപണിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന റബറിന്റെ തീരുവ കുറയ്ക്കണമെന്ന ആവശ്യവുമായി ടയർ കമ്പനികൾ കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തിവരികയാണ്. ആവശ്യം സർക്കാർ അംഗീകരിച്ചാൽ വില ഇനിയും ഇടിയും.
ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ കിട്ടുന്ന വരുമാനത്തെ ആശ്രയിച്ചാണ് റബർ കർഷകർ ഓണം ഒരുങ്ങാറുള്ളത്. ഇക്കുറി മഴ മാറാത്തതിനാൽ കർഷകർക്ക് വറുതിയുടെ ദിവസങ്ങളാണ് സമ്മാനിച്ചത്. മഴയെ തുടർന്ന് കടംവാങ്ങി റെയിൻ ഗാർഡ് ഇട്ട് ടാപ്പിംഗ് ആരംഭിക്കാൻ തീരുമാനിച്ച കർഷകർക്ക് വിലയിടിവ് പ്രഹരമായി.
റബർ വില
ജൂലായ് ആദ്യം : 215രൂപ
ഇന്നത്തെ വില : 181രൂപ
വിലയിടിക്കാൻ വ്യവസായികൾ
വില 175 രൂപയിൽ എത്തിക്കാനാണ് വ്യവസായികളുടെ നീക്കം. വില 210 രൂപയ്ക്ക് മുകളിലേക്ക് എത്തിയപ്പോഴാണ് ആഭ്യന്തര മാർക്കറ്റിൽ നിന്ന് റബർ എടുക്കുന്നത് കുറച്ചത്. ഇറക്കുമതി കൂട്ടുകയും ചെയ്തു. ഇപ്പോൾ ഇറക്കുമതി ചുങ്കം കുറയ്ക്കണമെന്നാണ് വ്യവസായികളുടെ ആവശ്യം. അതേസമയം, വില 180ൽ താഴ്ന്നാൽ സർക്കാർ കർഷകർക്ക് സബ്സിഡി നൽകേണ്ടി വരും. അതുകൊണ്ട് 181ൽ പിടിച്ചു നിറുത്താനാണ് സർക്കാരിന്റെ ശ്രമം.
ഉത്പാദനം മെച്ചപ്പെട്ടു നിന്നപ്പോൾ ടയർ കമ്പനികൾ ആഭ്യന്തര വിപണിയിൽ നിന്ന് റബർ ശേഖരിക്കുന്നത് കുറച്ചു. മഴ മാറാതെ വന്നതോടെ ഉത്പാദനം കുറഞ്ഞു. മരങ്ങൾക്ക് ഇലകൊഴിച്ചിലും രോഗബാധയുമുണ്ടായി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
മലയാലപ്പുഴ വിശ്വംഭരൻ,
റബർ കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |