കോട്ടയം : അന്തരീക്ഷം ശാന്തമായി. കാലവർഷം ഉയർത്തിയ ആശങ്കകൾ അകന്നു. ടൂറിസം മേഖലയിൽ ഓണച്ചിരി നിറയുകയാണ്. ഓണം സീസൺ മുന്നിൽക്കണ്ട് സഞ്ചാരികൾക്കായി ടൂറിസം പാക്കേജുകളടക്കം ഒരുക്കിയിട്ടുണ്ട്.ആഭ്യന്തര സഞ്ചാരികൾ മാത്രമാണെത്തുന്നതെന്ന സങ്കടമുണ്ടെങ്കിലും പിടിച്ചു നിൽക്കാൻ കഴിയുന്നതിന്റെ സന്തോഷമുണ്ട് സംരംഭകരുടെ മുഖത്ത്. നോർത്ത് ഇന്ത്യക്കാർ കൂടുതലെത്തേണ്ട സമയമാണിതെങ്കിലും അത്തരമൊരു തിരക്കില്ല.
പൂജാവധിയുമായി ബന്ധപ്പെട്ട ബുക്കിംഗുമുണ്ട്. ഓണാവധി തുടങ്ങിയതോടെ റിസോർട്ടുകളും ഹൗസ് ബോട്ടുകളും ഹൗസ് ഫുള്ളാണ്. ഓണം അവസാനിച്ചാലും സീസൺ തുടരും. പിന്നാലെ പൂജാവധിയും പ്രതീക്ഷ നൽകുന്നു. കുറഞ്ഞ പാക്കേജിൽ ഇന്റർനാഷണൽ പാക്കേജുകൾ ലഭ്യമായത് തിരിച്ചടിയായിട്ടുണ്ട്. കർണാടക,ആന്ധ്രപ്രദേശ് ഉൾപ്പെടെയുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർ പതിവായി എത്തുന്ന സമയമായിരുന്നെങ്കിലും അവരെല്ലാം സിംഗപ്പൂർ, മലേഷ്യ, തായ്‌ലാൻഡ് ട്രിപ്പിനോടാണ് താത്പര്യം കാട്ടുന്നത്.
ഈ വർഷം ഒരുലക്ഷം സഞ്ചാരികൾ
കുമരകം, വാഗമൺ, ഇല്ലിക്കൽക്കല്ല് പ്രദേശങ്ങളിൽ ഈ വർഷം ഒരു ലക്ഷത്തിലേറെപ്പേർ വന്നെന്നാണ് ഡി.ടി.പി.സി കണക്ക്. ഓണം മുതൽ ക്രിസ്മസ്, ന്യൂ ഇയർ വരെയുള്ള സീസണിനായി ഏജൻസികൾ വഴിയുള്ള പാക്കേജ് ബുക്കിംഗുകളാണ് ഏറെയും. എറണാകുളത്ത് നിന്ന് കുമരകത്ത് ഹൗസ് ബോട്ട് യാത്രയും റിസോർട്ടിലെ താമസവും കഴിഞ്ഞ് വാഗമൺ വഴി മൂന്നാറിൽ പോകുംവിധമാണിത്.
പ്രതീക്ഷകൾ
കാലാവസ്ഥാ പ്രശ്നങ്ങൾ ഇത്തവണ അലട്ടുന്നില്ല
ഓണത്തെ തുടർന്നുള്ള തുടർച്ചയായ അവധികൾ
നെഹ്റു ട്രോഫിക്ക് ശേഷമുള്ള ചാമ്പ്യൻസ് ബോട്ട് ലീഗുകൾ
'' അറബികൾ ഉൾപ്പെടെയുള്ള വിദേശ സഞ്ചാരികൾ എത്തുന്നില്ല. എന്നാൽ ആഭ്യന്തര സഞ്ചാരികളുടെ വൻവർദ്ധനവുണ്ട്. പ്രതീക്ഷയോടെയാണ് ഇത് നോക്കിക്കാണുന്നത്.
ഷനോജ് ഇന്ദ്രപ്രസ്ഥ, സംരഭകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |