ബോളിവുഡ് നടി മൃണാൾ താക്കൂറിന്റെ പരാമർശങ്ങൾ സൈബറിടത്ത് പലപ്പോഴും വലിയ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ, ഒരു പ്രത്യേക സമയത്ത് താൻ സിനിമ ചെയ്യാത്തതിനെക്കുറിച്ച് പറയുന്ന താരത്തിന്റെ ഒരു പഴയ അഭിമുഖമാണ് വൈറലാകുന്നത്. വീഡിയോയിലെ മൃണാളിന്റെ പരാമർശങ്ങൾ മറ്റൊരു ബോളിവുഡ് നടിയായ അനുഷ്‌ക ശർമ്മയെ പരിഹസിക്കുന്നതാണെന്ന് ആരാധകർ വിലയിരുത്തുന്നു.
ആദ്യകാല സിനിമകൾ നിരസിക്കുന്നതിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു മൃണാളിന്റെ പരാമർശം. അത്തരത്തിൽ ഒരു ചിത്രം നിരസിച്ചതിനെപ്പറ്റി മൃണാൾ വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ ആ ചിത്രത്തിന്റെ പേരോ അതിൽ അഭിനയിച്ച താരങ്ങളുടെ പേരോ മൃണാൾ തുറന്ന് പറഞ്ഞിട്ടില്ല. താൻ ആ സിനിമ നിരസിച്ചത് വലിയ വിവാദമായി മാറിയെന്ന് മൃണാൾ പറഞ്ഞു. എന്നാൽ ആ സിനിമ സൂപ്പർ ഹിറ്റായി മാറിയെന്നും അത് ആ ചിത്രത്തിൽ തനിക്ക് പകരം അഭിനയിച്ച നടിക്ക് ഗുണം ചെയ്തെന്നുമായിരുന്നു മൃണാളിന്റെ പരാമർശം.
''അന്ന് താൻ സിനിമയിൽ അഭിനയിച്ചിരുന്നെങ്കിൽ എനിക്ക് എന്നെ തന്നെ നഷ്ടമാകുമായിരുന്നു. എന്നാൽ ഞാൻ സിനിമ നിരസിച്ചത് വലിയ വിവാദമായി. അത് ആ സിനിമയെ സൂപ്പർ ഹിറ്റാക്കി മാറ്റി. അതിൽ അഭിനയിച്ച നടിക്ക് ഗുണകരമായി മാറി'' എന്നായിരുന്നു മൃണാളിന്റെ വാക്കുകൾ.
ഇപ്പോൾ മൃണാളിന്റെ തന്നെ മറ്റൊരഭിമുഖത്തിലെ പരാമർശങ്ങളിലൂടെയാണ് മൃണാൾ അന്ന് പറഞ്ഞ നടി അനുഷ്കാ ശർമ്മയാണെന്ന് വിലയിരുത്താൻ തുടങ്ങിയത്.
'ആ നടി ഇന്ന് ജോലി ചെയ്യുന്നില്ല, പക്ഷേ ഞാൻ ജോലി ചെയ്യുന്നു, അത് തന്നെ ഒരു വിജയമാണ്. തനിക്ക് പെട്ടെന്നുള്ള പ്രശസ്തിയും അംഗീകാരവും ആവശ്യമില്ല, കാരണം പെട്ടെന്ന് സംഭവിക്കുന്നതെന്തും പെട്ടെന്ന് തന്നെ ഇല്ലാതാകുമെന്നും മൃണാൾ പറയുന്നുണ്ട്. ഇതോടെയാണ് മൃണാൾ പരിഹസിച്ചത് അനുഷ്ക ശർമ്മയെക്കുറിച്ചാണെന്ന് ഇന്റർനെറ്റിൽ പ്രചരിക്കാൻ തുടങ്ങിയത്.
സൽമാൻ ഖാൻ നായകനായെത്തിയ സുൽത്താൻ എന്ന ചിത്രത്തിൽ ആദ്യം തിരഞ്ഞെടുത്തത് മൃണാളിനെയാണെങ്കിലും പിന്നീട് ആ വേഷം ചെയ്തത് അനുഷ്കാ ശർമ്മയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മൃണാൾ പരിഹസിച്ചത് അനുഷ്കയെയാണെന്ന തരത്തിൽ അഭിമുഖത്തിന്റെ വീഡിയോ പ്രചരിക്കാൻ തുടങ്ങിയത്.
ഹിന്ദി ബിഗ്ബോസിന്റെ വേദിയിലാണ് മൃണാളിനെ സുൽത്താനിലേക്ക് തിരഞ്ഞെടുത്തതായി സൽമാൻ ഖാൻ പ്രഖ്യാപിച്ചത്. മൃണാൾ താക്കൂറും ഷാഹിദ് കപൂറും ചിത്രം പ്രൊമോട്ട് ചെയ്യുന്നതിനായി റിയാലിറ്റി ഷോ വേദിയിൽ എത്തുകയും ചെയ്തിരുന്നു. പിന്നീടാണ് ചിത്രത്തിൽ നിന്നും മൃണാൾ പിന്മാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |