മുംബയ് ദർശൻ ടൂർ പാക്കേജിൽ നഗരക്കാഴ്ചകളും എലിഫന്റാ ഗുഹകളുമെല്ലാം കണ്ടതിനുശേഷം ഇനിയെന്ത് എന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് ഔറംഗാബാദിലെ വിശേഷങ്ങൾ കേൾക്കുന്നത്. എന്നാലിനി അവിടത്തെ മുഗൾ ശേഷിപ്പുകൾ കൂടി കണ്ടുമടങ്ങാമെന്ന് മനസ് പറഞ്ഞു. മുംബയിൽനിന്ന് ഔറംഗാബാദ് വഴി ബല്ലാർഷായിലേക്കുള്ള നന്ദിഗ്രാം എക്സ്‌പ്രസിൽ സന്ധ്യയ്ക്ക് പുറപ്പെടുമ്പോൾ മനസ് അസ്വസ്ഥമായിരുന്നു. ജനറൽ കമ്പാർട്ട്മെന്റിൽ നിന്നുതിരിയാൻ ഇടമില്ലാത്ത തിരക്ക്. പുറത്തെ ഇരുട്ടിന്റെ നാവുകൾ ഒറ്റ ബൾബു മാത്രം കത്തിക്കൊണ്ടിരുന്ന ബോഗിയിലേക്കും നീണ്ടിരിക്കുന്നു...
നാലഞ്ചു മണിക്കൂർ യാത്രയേ ഔറംഗാബാദിലേക്കുള്ളൂ. ഈ തിരക്കിൽ സ്റ്റേഷനെത്തിയാൽത്തന്നെ അറിയുമോ എന്നാണ് പേടി. അടുത്തിരുന്ന യുവാവിനോട് ഔറംഗാബാദ് സ്റ്റേഷനെത്തുമ്പോൾ അറിയിക്കണമെന്ന് അപേക്ഷാ സ്വരത്തിൽ പറഞ്ഞു. ഔറംഗാബാദ് എന്നു കേട്ടപ്പോൾ അയാളുടെ മുഖമിരുണ്ടു. 'ഔറംഗാബാദ് മത് ബോലോ... സംഭാജി നഗർ ബോൽ...!" ഇപ്പോഴത്തെ പേര് അതാണ്. എതിർ സീറ്റിൽ കൂനിക്കൂടിയിരുന്ന താടി വളർത്തിയ വൃദ്ധൻ മുരണ്ടു: അതിപ്പോ കോടതിയല്ലേ തീരുമാനിക്കേണ്ടത്! പിന്നെ, അവർ തമ്മിലായി, തർക്കം.
വർത്തമാനമെല്ലാം 'ഘടീ മറാഠി"യിലായിരുന്നതുകൊണ്ട് മനസിലാക്കാനായില്ല. പിന്നീടാണ് അറിഞ്ഞത്, മഹാരാഷ്ട്രയിലെ പുതിയ ഭരണകൂടം, മുഗളന്മാർ നൽകിയ ഔറംഗാബാദെന്ന പേര് മാറ്റി, ഔറംഗസേബിനാൽ വധിക്കപ്പെട്ട മറാഠാ വംശാധിപനായ ഛത്രപതി ശിവാജിയുടെ മകൻ സംഭാജിയുടെ പേര് നഗരത്തിനിട്ടതും, തർക്കമുണ്ടായതിനാൽ ബോംബെ ഹൈക്കോടതിയിൽ കേസായതുമൊക്കെ! (കോടതിവിധി പ്രകാരം ഇപ്പോൾ സംഭാജിനഗർ എന്ന പുതിയ പേര് നിലവിൽ വന്നിട്ടുണ്ട്).
യാതനാപൂർണമായ യാത്ര രണ്ടുമണിക്കൂറുകൾ കൂടി പിന്നിട്ടപ്പോൾ ഔറംഗാബാദ് സ്റ്റേഷനെത്തി. രാവേറെച്ചെന്നതിനാൽ സ്റ്റേഷനു താെട്ടടുത്തുള്ളൊരു ഹോട്ടലിൽ മുറിയെടുത്തു. തലേന്നത്തെ ദുരിതയാത്ര സമ്മാനിച്ച ക്ഷീണം കാരണം നന്നേ പുലർന്നിട്ടാണ് ഉറക്കം മുറിഞ്ഞത്. രാവിലെ തന്നെ നഗരം ചുറ്റിക്കാണാനിറങ്ങി. മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഔറംഗാബാദ്. പ്രാചീനകാലത്ത് 'ഘാഡ്കി" എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. എ.ഡി. 1610-ൽ ദേശം ഭരിച്ചിരുന്ന മാലിക് അംബർ എന്ന ഭരണാധിപനിൽ നിന്ന് നഗരം പിടിച്ചടക്കിയ മുഗളന്മാരാണ് ഔറംഗാബാദ് എന്ന് പുനർനാമകരണം നടത്തിയത്.
ചരിത്രം പറയുന്ന
ദൗലത്താബാദ്
ഔറംഗാബാദ് നഗര ഹൃദയത്തിൽ നിന്ന് പതിനഞ്ചു കിലോമീറ്റർ ദൂരമുണ്ട്, പ്രശസ്തമായ ദൗലത്താബാദ് ഫോർട്ടിലേക്ക്. എല്ലോറയിലേക്കു പോകുന്ന ഒരു ബസിൽ കയറി ടിക്കറ്റെടുത്തു. റോഡരികിൽത്തന്നെയാണ് കോട്ടയുടെ പ്രവേശന കവാടം. കോട്ടയിലേക്കുള്ള കല്ലുപാകിയ വീഥിയിലൂടെ മുന്നൂറു മീറ്ററോളം നടന്നപ്പോൾ അകത്തേക്കുള്ള പ്രധാന വാതിലായി. വീഥിയുടെ ഓരത്തായി മുഗളരുടെ കാലത്തെ തോക്കുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗ്രേറ്റ് പിരമിഡ് വാസ്തുശൈലിയാണ് കോട്ടയുടെ മുകൾത്തട്ടിന്. പ്രധാന കവാടത്തിനു മുന്നിൽ കോട്ടയുടെ ചരിത്രമെഴുതിയ ഫലകം. എ.ഡി പന്ത്രണ്ടാം നൂറ്റാണ്ടിൽ ഡെക്കാനിലെ യാദവ രാജാവായ ബില്ലംരാജ് അഞ്ചാമനാണ് ബൃഹത്തായ ഈ കോട്ട നിർമ്മിച്ചതെന്ന് ലിഖിതത്തിൽ കാണാം. ദേവഗിരി ഫോർട്ട് (Hill of God) എന്നായിരുന്നത്രേ കോട്ടയുടെ പൂർവനാമം.
എ.ഡി 1308-ൽ മുഗളന്മാർ കോട്ട പിടിച്ചെടുത്ത് വീണ്ടുമൊരു മുപ്പതു വർഷംകൂടി കഴിഞ്ഞ് മുഗൾ വംശത്തിലെ 'ഭ്രാന്തൻ രാജാവെ"ന്ന് അറിയപ്പെടുന്ന മുഹമ്മദ് ബിൻ തുഗ്ലക്ക് മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഡൽഹിയിൽ നിന്ന് ദേവഗിരിയിലേക്ക് മാറ്റിയപ്പോൾ കോട്ടയുടെ പേരും പരിഷ്കരിച്ചു- ദൗലത്താബാദ്. ഏതാണ്ട് പതിനഞ്ചുവർഷം കൂടി കോട്ട മുഗളരുടെ ആധിപത്യത്തിൽ തുടർന്നു. പിന്നീട് ബാഹ്മിനി വംശത്തിലെ രാജാവായ അലാവുദ്ദീൻ ബാഹ്മിൻഷാ കോട്ട മുഗളരിൽ നിന്ന് പിടിച്ചെടുത്തു. അലാവുദ്ദീൻ കോട്ടയ്ക്കുമേൽ നേടിയ വിജയത്തിന്റെ പ്രതീകമായി 63 മീറ്റർ ഉയരത്തിൽ ഒരു മിനാരം നിർമ്മിച്ചിട്ടുണ്ട്. 'ചാന്ദ് മിനാർ" എന്നാണ് ഈ അത്ഭുത നിർമ്മിതിയുടെ പേര്.
എ.ഡി 1445-ലാണ് നാലു നിലകളുള്ള മിനാരം നിർമ്മിക്കപ്പെട്ടത്. ഇന്തോ- മുസ്ളിം വാസ്തുവിദ്യാ ശൈലിയുടെ മകുടോദാഹരണമായി ആകാശം ചുംബിച്ചു നിൽക്കുന്ന ചാന്ദ് മിനാർ, ദൗലത്താബാദ് കോട്ടയുടെ പ്രധാന ആകർഷണമാണ്. അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരുന്നതിനാൽ അവിടേക്ക് പ്രവേശനം വിലക്കിയിരിക്കുന്നു. കൽപ്പടവുകൾ കയറി കോട്ടയുടെ മുകളിലേക്കു നടക്കുമ്പോൾ വലതു വശത്തായി ഒരു വലിയ ജലസംഭരണി കണ്ടു. കോട്ടയിലെ നിവാസികൾക്ക് ഉപയോഗിക്കാനായി അക്കാലത്ത് കുഴിച്ചുണ്ടാക്കിയതാണത്രേ.
94 ഏക്കറിൽ പരന്നുകിടക്കുന്ന കോട്ടയുടെ ആകെ ഉയരം 183 മീറ്ററാണ്. കുത്തനെ കയറ്റമായതിനാൽ ഇടയ്ക്കിടയ്ക്ക് വിശ്രമമെടുത്താണ് മുകളിലെത്തിയത്. കോട്ടയുടെ ഒത്ത മുകളിൽ നിന്ന് നോക്കിയാൽ പ്രദേശത്തിന്റെ വിഹഗവീക്ഷണം സാദ്ധ്യമാവും. സുഖവാസത്തിനായി ഷാജഹാൻ ചക്രവർത്തി നിർമ്മിച്ച ബിരാദരി മഹലും, പഴയ ഒരു ഹിന്ദു ക്ഷേത്രത്തിന്റെ ശേഷിപ്പുമാണ് മുകളിലത്തെ പ്രധാന കാഴ്ചകൾ. പടിഞ്ഞാറുനിന്ന് വീശിയടിക്കുന്ന കുളിർകാറ്റിലലിഞ്ഞ് കോട്ടമുകളിൽ നിൽക്കുമ്പോൾ മനസ് ചരിത്രത്തിന്റെ പഴന്താളുകളിലേക്ക് ഊളിയിട്ടു. എത്രയെത്ര പടപ്പുറപ്പാടുകൾ കണ്ടിട്ടുണ്ടാവണം, ഈ കൽച്ചുമരുകൾ. എത്രയോ യോദ്ധാക്കളുടെ ചോര വീണലിഞ്ഞിട്ടുണ്ടാകണം, ഈ പടിക്കെട്ടുകളിൽ...
അമ്മയ്ക്കായൊരു
സ്നേഹ സ്മാരകം
അനശ്വര പ്രണയത്തിന്റെ ജീവൽസാക്ഷ്യമായ ഒരു ലോകാത്ഭുതമുണ്ട്, അങ്ങ് ആഗ്രയിലെ യമുനാ തീരത്ത്. അകാലത്തിൽ പൊലിഞ്ഞുപോയ പ്രിയപത്നിയുടെ (മുംതാസ്) സ്മരണയ്ക്കായി മുഗൾ ചക്രവർത്തിയായ ഷാജഹാൻ നിർമ്മിച്ച പ്രണയമന്ദിരം- താജ്മഹൽ! ആഗ്രയിലെ താജ് മഹലിനെ ഓർമ്മിപ്പിക്കുന്നതാണ് ഔറംഗാബാദിൽ ഷാജഹാന്റെ ചെറുമകനും ഔറംഗസീബിന്റെ പുത്രനുമായ അസംഷാ നിർമ്മിച്ച 'ബീബി കാ മക്ബര." ഭർത്താവിന് പത്നിയോടുള്ള പ്രണയത്തിന്റെ സാക്ഷാത്കാരമാണ് താജ്മഹൽ എങ്കിൽ, ബീബി കാ മക്ബര പുത്രന് അമ്മയോടുള്ള സ്നേഹത്തിന്റെ അനശ്വര പ്രതീകമാകുന്നു!
ഔറംഗസീബിന്റെ പത്നിയായ മിൽക്കിസ് ബാനു തന്റെ അഞ്ചാമത്തെ പുത്രന് ജന്മം നൽകിയ ഉടൻ ഇഹലോകവാസം വെടിയുകയായിരുന്നു. അമ്മയോട് അതിയായ സ്നേഹമുണ്ടായിരുന്ന മൂത്ത പുത്രനും കിരീടാവകാശിയുമായ അസം ഷാ അമ്മയ്ക്കായി നിർമ്മിച്ച സ്മരണകുടീരമാണ് ബീബി കാ മക്ബര. എ.ഡി 1608- ലാണ് താജ്മഹലിന്റെ മിനിയേച്ചർ രൂപമായ ഈ സ്മാരകം നിർമ്മിക്കപ്പെട്ടത്. 25 രൂപ ടിക്കറ്റെടുത്ത് ചുറ്റുമതിലിനകത്ത് പ്രവേശിക്കുമ്പോൾ അത്ഭുതപ്പെട്ടുപോയി. കാഴ്ചയിൽ താജ് മഹലിനോടുള്ള രൂപസാദൃശ്യമാണ് പിൽക്കാലത്ത് ഈ നിർമ്മിതി 'ഡക്കാഡ കാ താജ്" എന്ന് അറിയപ്പെടാൻ കാരണമായത്.
മുകളിലെ താഴികക്കുടങ്ങൾ മാത്രമാണ് മാർബിൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്നത്. ചുവരിലും അകത്തളങ്ങളിലുമെല്ലാം ചുടുകട്ടയും സാൻഡ് സ്റ്റോണുമാണ് ഉപയോഗിച്ചിരിക്കുന്നത്. അകത്ത് ഭൂഗർഭത്തിൽ മിൽകിസ് ബാനുവിന്റെ ഖബർ അടക്കം ചെയ്തിരിക്കുന്നത് കാണാം. ഇന്തോ- പേർഷ്യൻ വാസ്തുവിദ്യയിലാണ് മഹലിന്റെ നിർമ്മാണം. തൊട്ടടുത്ത് പള്ളിയും. ബൃഹത്തായ ഒരു പ്രാർത്ഥനാ സൗധവുമുണ്ട്. നിർമ്മിതിക്കു ചുറ്റുമായി വിസ്തൃതവും മനോഹരവുമായ പൂന്തോട്ടവുമുണ്ട്. ആർക്കിയോളജി വകുപ്പിന്റെ മേൽനോട്ടത്തിലുള്ള ഈ സ്മാരകത്തിലേക്കുള്ള പ്രവേശനം ജുമാ ദിവസമായ വെള്ളിയാഴ്ചകളിൽ സൗജന്യമാണ്.
പദ്മാസന
ബുദ്ധൻ
മുറിയിൽ തിരിച്ചെത്തുമ്പോൾ സന്ധ്യമയങ്ങിയിരുന്നു. അതുകൊണ്ട് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഔറംഗാബാദ് ഗുഹകളിലേക്കുള്ള യാത്ര പിറ്റേന്നത്തേക്കാക്കി. അതിരാവിലെ തന്നെ ഔറംഗാബാദ് ബസ് സ്റ്റേഷനിലെത്തി. ഒമ്പതു കിലോമീറ്ററാണ് നഗരത്തിൽ നിന്ന് ഗുഹാ സമുച്ചയത്തിലേക്കുള്ള ദൂരം. രണ്ടുകിലോമീറ്റർ ഇപ്പുറം, ബാബാ സാഹേബ് അംബേദ്കർ യൂണിവേഴ്സിറ്റി വരെയേ ബസ് സർവീസുള്ളൂ. സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും മാത്രമേ ഗുഹാകേന്ദ്രം വരെ പോകൂ.
യൂണിവേഴ്സിറ്റി ക്യാമ്പസിൽ ബസിറങ്ങി രണ്ടുകിലോമീറ്റർ വിജനമായ റോഡിലൂടെ നടന്നാണ് ഗുഹകൾ സ്ഥിതി ചെയ്യുന്ന മലയടിവാരത്തെത്തിയത്. ഗുഹകൾ തുടങ്ങുന്നയിടം വരെ കുത്തനെയുള്ള കയറ്റമാണ്. പാതയുടെ ഇരുവശങ്ങളിലും വള്ളിപ്പടർപ്പുകളും പാറക്കൂട്ടവും ചേർന്ന വന്യമായ പ്രകൃതി. കട്ടികുറഞ്ഞ ബാസാൾട്ട് ശിലകൾ തുരന്നെടുത്താണ് ഗുഹകൾ നിർമ്മിച്ചിരിക്കുന്നത്. കാലഗണനയനുസരിച്ച് ആറ്, ഏഴ് നൂറ്റാണ്ടുകളിലാണ് ഇവ നിർമ്മിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബുദ്ധമതം പ്രതാപം പ്രാപിച്ച കാലത്ത് നിർമ്മിക്കപ്പെട്ട ഈ ഗുഹകളുടെ നിർമ്മാതാവ് ആരെന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു.
പന്ത്രണ്ട് ഗുഹകളാണ് ഇവിടെയുള്ളത്. ബുദ്ധമതത്തിലെ ഹീനയാന ശൈലിയിലുള്ളതാണ് ഗുഹാശില്പങ്ങൾ. എന്നാൽ ദേവതാ ശില്പങ്ങളാവട്ടെ, വജ്രയാന ശൈലിയാണ് പിന്തുടരുന്നത്. പതിനൊന്നും പന്ത്രണ്ടും ഗുഹകൾ പൂർത്തീകരിച്ചിട്ടില്ല. ചൈതന്യ ഗൃഹങ്ങളെന്ന് അറിയപ്പെടുന്ന പ്രാർത്ഥനാ സ്ഥലങ്ങളും ബുദ്ധഭിക്ഷുക്കൾ താമസത്തിന് ഉപയോഗിച്ചിരുന്ന വിഹാരങ്ങളും പ്രത്യേകം പ്രത്യേകം നിർമ്മിച്ചിരിക്കുന്നു. രണ്ടാം ഗുഹയിലെ പത്മാസന ബുദ്ധശില്പം, അഞ്ചാം ഗുഹയിലെ സരസ്വതി, ഏഴാമത്തെ ഗുഹയിലെ ഗണേശ, കാർത്തികേയ പ്രതിമകൾ എന്നിവ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു. തിങ്കളാഴ്ചകളിൽ ഗുഹയിലേക്ക് പ്രവേശനമില്ല.
യന്ത്രവത്കൃത ഉപകരണങ്ങളുടെയൊന്നും സഹായമില്ലാതെ നൂറ്റാണ്ടുകൾക്കു മുമ്പ് കൊത്തിയെടുക്കപ്പെട്ട ഈ ഗുഹാവിസ്മയം കണ്ടിറങ്ങുമ്പോൾ അന്നത്തെ മനുഷ്യരുടെ നിശ്ചയദാർഢ്യത്തിനും മനോബലത്തിനും മുന്നിൽ ശിരസ് നമിച്ചുപോയി. ഔറംഗാബാദിലെ കാഴ്ചകൾ ഇനിയും ശേഷിക്കുന്നുണ്ട്. പ്രശസ്തങ്ങളായ അജന്ത, എല്ലോറ ഗുഹാത്ഭുതങ്ങളിലേക്കുള്ള സന്ദർശനം സമയക്കുറവു കാരണം മാറ്റിവയ്ക്കേണ്ടിവന്നു. സഞ്ചാരങ്ങൾ ഒരിക്കലും പൂർത്തീകരിക്കപ്പെടുന്നില്ല. കാഴ്ചകളിൽ ചിലതെല്ലാം ബാക്കിവയ്ക്കുമ്പോഴാണല്ലോ, വീണ്ടുമൊരു പുറപ്പെടലിന് മനസ് കുതികൊള്ളുന്നത്!
തൊപ്പികൾ തുന്നിയ ഔറംഗസീബ്
ദൗലത്താബാദ് ഫോർട്ടിൽ നിന്ന് 13 കിലോമീറ്റർ മുന്നോട്ടു പോയാൽ ഖുലാദാബാദായി. ഷെയർ ഓട്ടോയിലായിരുന്നു യാത്ര. മുഗൾ വംശത്തിലെ ശക്തനായ ഭരണാധികാരിയായി അറിയപ്പെട്ടിരുന്ന ഔറംഗസീബിന്റെ അന്ത്യവിശ്രമസ്ഥലം സ്ഥിതിചെയ്യുന്നു എന്നതാണ് ഖുലാദാബാദ് എന്ന ചെറിയ തെരുവിനെ പ്രശസ്തമാക്കുന്നത്. തെരുവിന്റെ മദ്ധ്യഭാഗത്തെ ഒരു ചെറിയ പള്ളിയിലാണ് ഈ ഖബർ. പള്ളിയിൽ ജാതിമതഭേദമില്ലാതെ ആർക്കും പ്രവേശിക്കാം.
പടികൾ കയറിച്ചെല്ലുന്ന അങ്കണത്തിൽത്തന്നെയാണ് ഔറംഗസീബിന്റെ കബറിടം. പൂർണമായും മതാധിഷ്ഠിത ജീവിതം നയിച്ചിരുന്ന സുൽത്താൻ, തന്റെ അന്ത്യവിശ്രമസ്ഥലം വളരെ ലളിതമായിരിക്കണമെന്നും, സ്വന്തം അദ്ധ്വാനത്തിൽ നിന്നെടുക്കുന്ന നാമമാത്രമായ പണമേ അതിനായി ചെലവാക്കാവൂ എന്നും നിഷ്കർഷിച്ചിരുന്നത്രേ. അത് സ്ഥാപിക്കാൻ വേണ്ടുന്ന ധനം, തൊപ്പികൾ തുന്നിയുണ്ടാക്കി അദ്ദേഹം തന്നെ സ്വരൂപിച്ച് അനന്തരാവകാശികളെ ഏല്പിച്ചിരുന്നത്രേ! അലങ്കാരങ്ങളോ ആഡംബരങ്ങളോ ഇല്ലാതെ വെറും മണ്ണിൽ ഒരു സാധാരണക്കാരനെപ്പോലെ അന്ത്യവിശ്രമം കൊള്ളുന്ന ഔറംഗസീബിന്റെ ഈ കബറിടം ജീവിതത്തിലെ കൊട്ടിഘോഷിക്കലുകളുടെ നിരർത്ഥകത ഓരോ സന്ദർശകനെയും ഓർമ്മിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |