മലയാളികളുടെ പ്രഭാത ഭക്ഷണ വിഭവങ്ങളിൽ പ്രധാനികളാണ് ദോശയും ഇഡ്ഡലിയും. ആഴ്‌ചയിൽ ഒരിക്കലെങ്കിലും ഇവ തയ്യാറാക്കാത്ത മലയാളി വീടുകൾ വിരളമായിരിക്കും. മൂന്നോ നാലോ ദിവസത്തേയ്ക്ക് ആവശ്യമായ മാവ് ഒരുമിച്ച് അരച്ചുവച്ച് ഫ്രിഡ്‌ജിൽ സൂക്ഷിക്കുകയാണ് ഇന്ന് കൂടുതൽപ്പേരും ചെയ്യുന്നത്.
ദിവസേന ജോലിക്ക് പോകുന്നവരുള്ള വീടാണെങ്കിൽ എല്ലാദിവസും മാവ് തയ്യാറാക്കുന്നത് ബുദ്ധിമുട്ടായിരിക്കും. അതിനാൽതന്നെ ഒരാഴ്‌ചത്തേയ്ക്കുവരെ ഒരുമിച്ച് അരച്ചുവച്ചതിനുശേഷം കുറച്ച് കുറച്ചായി മാവ് എടുത്ത് ദോശയും ഇഡ്ഡലിയും മാറിമാറി ഉണ്ടാക്കുകയായിരിക്കും മിക്കവരും ചെയ്യുന്നത്. എന്നാൽ ഇത്തരത്തിൽ കൂടുതലായി അരച്ചുവയ്ക്കുമ്പോൾ നേരിടുന്ന പ്രധാന പ്രശ്‌നമാണ് മാവ് പുളിച്ചുപോകുന്നത്. ഫ്രിഡ്‌ജിൽ വച്ചിരുന്നാലും രണ്ട് ദിവസം കഴിയുമ്പോൾ തന്നെ മാവ് പുളിക്കാറുണ്ട്. ഈ പ്രശ്‌നത്തിന് മികച്ച പരിഹാരമുണ്ട്.
ഇതിനായി ആദ്യം ശ്രദ്ധിക്കേണ്ടത് ദോശമാവ് ഒഴിച്ചുവയ്ക്കുന്ന പാത്രത്തിൽ ജലാംശം ഉണ്ടാകരുത് എന്നതാണ്. മാവിന് അമിതമായി പുളി ഉണ്ടെങ്കിൽ ഒരു സ്‌പൂൺ പഞ്ചസാര ചേർക്കാം. മാവിൽ അൽപം അരിമാവ് ചേർക്കുന്നതും പുളി മാറ്റാൻ സഹായിക്കും. ചൂട് കൂടിയ സ്ഥലത്ത് ദോശമാവ് സൂക്ഷിക്കരുത്. ഊഷ്മാവ് കൂടുന്നതും മാവ് പുളിക്കുന്നതിനിടയാക്കും.
മിക്കവാറും എല്ലായിടത്തും കാണുന്ന വെറ്റിലയും മാവ് അമിതമായി പുളിച്ച് ഭക്ഷണയോഗ്യമല്ലാതാക്കുന്നതിൽ നിന്ന് രക്ഷിക്കും. വെറ്റില നന്നായി കഴുകിയെടുത്തതിന് ശേഷം അരച്ചുവച്ചിരിക്കുന്ന മാവിന് മുകളിലായി വയ്ക്കാം. ഇനിയിത് അടച്ചുവച്ചതിനുശേഷം ഫ്രിഡ്‌ജിൽ വച്ചാൽ എത്രദിവസം വേണമെങ്കിലും മാവ് പുളിക്കാതെ സൂക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |