പുറത്തുനിന്നുള്ള അഴുക്കും പൊടിയും മറ്റും വീടിനുള്ളിലേയ്ക്ക് കടക്കാതിരിക്കാൻ വീടുകളിൽ ഉപയോഗിക്കുന്നതാണ് ചവിട്ടി. മുൻവശത്തെ വാതിലിന് മുന്നിലും പടികളിലും മുറികളിലെ വാതിലിന് മുന്നിലുമൊക്കെ ചവിട്ടികൾ ഇടാറുണ്ട്. എന്നാൽ വാസ്തുശാസ്ത്രം അനുസരിച്ച് വീട്ടിലെ ചവിട്ടികൾക്കും പ്രത്യേക സ്ഥാനമുണ്ട്. ചവിട്ടി ശരിയായ ദിശയിൽ ഇടുന്നതിലൂടെ വീട്ടിൽ സമ്പത്തും ഐശ്വര്യവും കൊണ്ടുവരാൻ സാധിക്കുമെന്നാണ് വിശ്വാസം.
വാസ്‌തുപ്രകാരം വ്യത്യസ്ത ഡിസൈനുകളുള്ള ചവിട്ടികൾ പ്രധാന വാതിലിന് മുന്നിൽ ഇടുന്നതാണ് ഉത്തമം. വടക്ക് ദിശയിൽ ഇളംനീല നിറത്തിലുള്ള ചവിട്ടി ഇടുന്നത് ശുഭകരമായി കണക്കാക്കുന്നു. കുബേര ഭഗവാൻ ഈ ദിശയിൽ വസിക്കുന്നുവെന്നും ഈ സ്ഥാനത്തുനിന്ന് സമ്പത്ത് ഉത്ഭവിക്കുമെന്നുമാണ് വിശ്വാസം. ഇളംനീല നിറം സാമ്പത്തിക അഭിവൃദ്ധി ഉറപ്പാക്കുന്നു.
വീടിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ഇളംമഞ്ഞ നിറത്തിലെ ചവിട്ടി വീടിന്റെ വടക്കുകിഴക്ക് ദിശയിലായി ഇടണം. ഇത് സാമ്പത്തിക ഉയർച്ചയ്ക്ക് പുറമെ വീട്ടിൽ സന്തോഷവും കൊണ്ടുവരുന്നു.
സൂര്യൻ ഉദിക്കുന്ന ദിശയായ കിഴക്ക് ദിശ പ്രകാശദിശ എന്നാണ് അറിയപ്പെടുന്നത്. വാസ്‌തുപ്രകാരം നീല, പച്ച, കറുപ്പ് എന്നിവ ഒഴികെയുള്ള ഇളം നിറത്തിലെ ചവിട്ടികൾ ഇവിടെ ഇടാം.
തെക്കുകിഴക്ക് ദിശയിൽ ചുവന്ന ചവിട്ടി ഇടുന്നത് ശുഭകരമാണെന്നും വാസ്‌തുശാസ്ത്രത്തിൽ പറയുന്നു. ഇത് വീടിന്റെ അഭിവൃദ്ധിക്ക് ഗുണം ചെയ്യും. തെക്ക് പടിഞ്ഞാറ് ദിശയിൽ മഞ്ഞ, ക്രീം നിറത്തിലെ ചവിട്ടികൾ ഇടുന്നത് വീട്ടിൽ ലക്ഷ്മീസാന്നിദ്ധ്യം എപ്പോഴും ഉറപ്പാക്കുമെന്നും വിശ്വാസമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |