മുംബയ്: സിനിമാ, സീരിയൽ നടിമാരെ വലയിലാക്കി സെക്സ് റാക്കറ്റ് കേന്ദ്രം നടത്തിയിരുന്ന നടി അറസ്റ്റിലായി. അനുഷ്ക മോനി മോഹൻ ദാസ് എന്ന 41കാരിയാണ് പിടിയിലായത്. താനെ ജില്ലയിലെ ഇവരുടെ കേന്ദ്രത്തെക്കുറിച്ച് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ഇവരുടെ വലയിൽ അകപ്പെട്ട രണ്ട് സിനിമാതാരങ്ങളെയും പൊലീസ് രക്ഷപ്പെടുത്തി. ഇവർ ടെലിവിഷൻ സീരിയലുകളിലും ബംഗ്ലാ സിനിമയിലും സജീവമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഏറെനാളായി അനുഷ്ക സെക്സ് റാക്കറ്റ് കേന്ദ്രം നടത്തുന്നുണ്ടായിരുന്നു. ഇടപാടുകാരുടെ ആവശ്യത്തിനനുസരിച്ച് സ്ത്രീകളെ എത്തിച്ചുകൊടുക്കുകയായിരുന്നു ഇവരുടെ രീതി. സിനിമാ, സീരിയൽ താരങ്ങൾക്കായി വൻതുകയാണ് ഇടപാടുകാരിൽ നിന്ന് ഇവർ വാങ്ങിയിരുന്നത്. നടിമാർ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചുമാണ് ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നത്.
കേന്ദ്രത്തെക്കുറിച്ചറിഞ്ഞ പൊലീസ് ഇവരെ നിരീക്ഷിച്ചു. വിവരങ്ങൾ സത്യമാണെന്ന് വ്യക്തമായതോടെ തെളിവുസഹിതം പൂട്ടാനായി പൊലീസിന്റെ ശ്രമം. ഇതിനായി ഇടപാടുകാരെന്ന വ്യാജേനയാണ് പൊലീസ് സംഘം എത്തിയത്. ഇവർ പൊലീസുകാരാണെന്ന് മനസിലാകാത്ത അനുഷ്ക ഒരു മാളിൽ വച്ച് കാണാമെന്ന് വാക്കുകൊടുത്തു. അവിടെയെത്തിയപ്പോൾ കാത്തുനിന്ന പൊലീസ് സംഘം അനുഷ്കയെ അറസ്റ്റുചെയ്യുകയായിരുന്നു.
ഇവരുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തിയ യുവതികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. സെക്സ് റാക്കറ്റിനുപിന്നിൽ വേറെയും ആൾക്കാർ ഉണ്ടെന്നും അവർക്കുവേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. അനുഷ്കയുടെ വലയിൽ കൂടുതൽ നടിമാർ വീണിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |