SignIn
Kerala Kaumudi Online
Monday, 08 September 2025 8.15 PM IST

സമൃദ്ധി വിളമ്പി സപ്ളൈകോ നേട്ടം

Increase Font Size Decrease Font Size Print Page

d

മഹാബലിയുടെ കാലത്ത് 'കള്ളപ്പറയും ചെറുനാഴിയും പൊളിവചനവു"മൊക്കെ ഉണ്ടായിരുന്നെങ്കിലും കച്ചവടത്തിൽ 'കരിഞ്ചന്ത" എന്നൊരു ഏർപ്പാട് ഇല്ലാഞ്ഞതുകൊണ്ടായിരിക്കാം പഴയ ഓണപ്പാട്ടിൽ അക്കാര്യം പറഞ്ഞു കാണാത്തത്! അമിത വാണിജ്യവത്കരണത്തിന് ഇടയിലെപ്പോഴോ ഇടനിലക്കാർ എന്നൊരു അദൃശ്യവർഗം അവതരിച്ചതോടെയാണ് കരിഞ്ചന്ത എന്ന ഏടാകൂടം വിപണിയുടെ ഭാഗമായി ഉയർന്നുവന്നത്. സാധനങ്ങൾക്ക് ഡിമാൻഡ് കൂടാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട്,​ അത്തരം വസ്തുക്കൾ നേരത്തേ ശേഖരിച്ച് പൂഴ്‌ത്തിവച്ച്,​ സമയമാകുമ്പോൾ അവയുടെ വ്യാജദൗർലഭ്യം സൃഷ്ടിക്കുകയും,​ സ്റ്റോക്ക് കുറേശ്ശെ പുറത്തെടുത്ത് വിലക്കയറ്റത്തിന് സ്വാഭാവികമായ സാഹചര്യമൊരുക്കുകയും ചെയ്യുകയാണ് കരിഞ്ചന്തയുടെ ലളിതമായ പ്രയോഗശാസ്ത്രം. ഇടനിലക്കാർക്ക് കേരളത്തിലെ ഓണം പോലെ അതിലും നല്ലൊരു 'കൊയ്ത്തുകാലം" വേറെയില്ല.

ഇത്തരം സീസണുകളിൽ പൊതുവിതരണ ശൃംഖലകളിലൂടെ അവശ്യവസ്തുക്കൾ ന്യായവിലയ്ക്ക് ലഭ്യമാക്കിയാണ് സർക്കാർ കരിഞ്ചന്തക്കാർക്ക് കുരുക്കിടുന്നതെങ്കിലും,​ ധനഞെരുക്കം ഉൾപ്പെടെ പല കാരണംകൊണ്ട് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ഇടപെടൽ പൂർണമായും ഫലപ്രദമായി കാണാറില്ലായിരുന്നു. പക്ഷേ,​ അത്തരം തടസങ്ങളെ മുൻകൂട്ടിക്കണ്ട് ഭക്ഷ്യ,​ പൊതുവിതരണ വകുപ്പ് ഈ വർഷം കൃത്യമായ പദ്ധതി തയ്യാറാക്കി നടപ്പാക്കിയതിന്റെ സദ്ഫലമെന്നു വേണം പറയാൻ,​ ഈ ഓണക്കാലത്ത് വിലക്കയറ്റത്തെക്കുറിച്ചുള്ള ആശങ്കകളും ആക്ഷേപങ്ങളും തുലോം പരിമിതമാക്കാൻ കഴിഞ്ഞത്. കുടിശികയുടെ പേരിൽ വിതരണക്കാർ അവസാന നിമിഷം നിസഹകരണം പ്രഖ്യാപിക്കുന്നത് ഒഴിവാക്കുന്നതു മുതൽ,​ സപ്ളൈകോ ഔട്ട്ലെറ്റുകളിലും വിവിധ സർക്കാർ ഏജൻസികളുടെ ഓണംഫെയറുകളിലും അവശ്യസാധനങ്ങൾ പൊതുവിപണിയിലേതിനെക്കാൾ ഗണ്യമായ വിലക്കുറവിൽ എത്തിക്കുന്നതു വരെ ഓരോ ഘട്ടത്തിലും സൂക്ഷ്മശ്രദ്ധ ഉറപ്പാക്കിയതിന്റെ ക്രെഡിറ്റ് മുഖ്യമായും ഭക്ഷ്യ- സിവിൽസപ്ളൈസ് വകുപ്പിന് നേതൃത്വം നല്കുന്ന മന്ത്രി ജി.ആർ. അനിലിന് അവകാശപ്പെട്ടതാണ്.

ആക്ഷേപങ്ങൾ ഒഴിവാക്കി,​ സാധാരണക്കാർക്ക് അല്ലലില്ലാതെ ഓണം ആഘോഷിക്കാൻ സാഹചര്യമൊരുക്കി എന്നതു മാത്രമല്ല സപ്ളൈകോയെ സംബന്ധിച്ച് ഈ സീസണിലെ വിശേഷം. സെപ്തംബർ മൂന്ന് വരെയുള്ള കണക്കനുസരിച്ചു തന്നെ,​ ഓണം സീസണിൽ സപ്ളൈകോ നടത്തിയത് 354 കോടി രൂപയുടെ വിറ്റുവരവാണ്! അതിൽത്തന്നെ,​ ആഗസ്റ്റ് 27-ന് ഒരൊറ്റ ദിവസം കോർപറേഷൻ നേടിയത് 15.70 കോടി രൂപയുടെ വിറ്റുവരവായിരുന്നു. നേരത്തെയുള്ള പ്രതിദിന വിറ്റുവരവ് റെക്കാ‌ഡ് 15.37 കോടിയായിരുന്നിടത്താണ് ഇത്തണ അതിൽ 33 ലക്ഷത്തിന്റെ വർദ്ധനവ് കൈവരിക്കാനായത്. ഓണം സീസണിൽ ആകെ 51.87 ലക്ഷം ഉപഭോക്താക്കൾ സപ്ളൈകോ ശാലകളിലെത്തിയെന്നാണ് കണക്ക്. ആരോഗ്യ,​ വിദ്യാഭ്യാസ മേഖലകൾ പോലെ,​ സംസ്ഥാനത്ത് പൊതുമേഖലയിൽ ഏറ്റവും ശക്തമായ സേവന ശൃംഖലയാണ് സിവിൽ സപ്ളൈസ് വകുപ്പിന്റേത്. സാധനങ്ങളുടെ ലഭ്യതയും,​ സബ്സിഡി നിരക്കിൽ ന്യായവിലയും ഉറപ്പാക്കിയാൽ സർക്കാരിന്റെ പൊതുവിതരണ സംവിധാനത്തെ ഒരു കരിഞ്ചന്തക്കാരനും വെല്ലാനാകില്ലെന്നതിന് മികച്ച ഉദാഹരണം കൂടിയാണ് ഈ കണക്കുകൾ.

തിരുവോണത്തിന്,​ ഔദ്യോഗിക വസതിയിൽ ഓണസദ്യയ്ക്ക് ഒരുങ്ങുന്നതിനിടെ വിശേഷം തിരക്കിയെത്തിയ മാദ്ധ്യമ പ്രവർത്തകരോട് മന്ത്രി ജി.ആർ. അനിൽ ആദ്യം പങ്കുവച്ചത്,​ സപ്ളൈകോ നേടിയ അപൂർവനേട്ടത്തിന്റെ സന്തോഷവും സംതൃപ്തിയും തന്നെയായിരുന്നു. ആ ചിരിയിൽ അതിന്റെ നിറവ് പ്രകടവുമായിരുന്നു. അതേസമയം,​ ശക്തമായ വിപണി ഇടപെടൽ ഉത്സവ സീസണുകളിൽ മാത്രമായല്ലാതെ എല്ലാക്കാലത്തും വേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മന്ത്രി പറഞ്ഞു. വിതരണക്കാരുടെ കുടിശിക ഘട്ടംഘട്ടമായി തീർക്കുകയും,​ ക്രിസ്‌മസ്,​ വിഷു ഉൾപ്പെടെ കരിഞ്ചന്തയ്ക്ക് സാദ്ധ്യതയുള്ള സീസണുകളെ മുൻകൂട്ടിക്കണ്ട് പദ്ധതി തയ്യാറാക്കുകയും,​ ഇതിനെല്ലാം വേണ്ടുന്ന തുകയെക്കുറിച്ച് ധനവകുപ്പിനെ നേരത്തേ തന്നെ അറിയിക്കുകയും ചെയ്താൽ ഇത്തവണത്തെ 'ഓണം സപ്ളൈകോ റിസൾട്ട്" ആവർത്തിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകാനിടയില്ല. 'സദാ സമൃദ്ധി" എന്നതാകട്ടെ,​ സപ്ളൈകോയുടെ പ്രതിജ്ഞയും ലക്ഷ്യവും.

TAGS: SUPPLICO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.