ഭൂമിയുമായി ബന്ധപ്പെട്ട കുരുക്കുകൾ മനുഷ്യനെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. നിറയെ തെങ്ങുള്ള പുരയിടമാണെങ്കിലും റവന്യു രേഖയിൽ നിലമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ അതു മാറ്റാൻ കടമ്പകൾ പലത് കടക്കണം. പലപ്പോഴും വീടുവയ്‌ക്കാനും മറ്റും ഇറങ്ങിത്തിരിക്കുമ്പോഴാണ് പലരും റവന്യു രേഖകളിലെയും; പ്രമാണങ്ങളിലെ പോലും തെറ്റുകുറ്റങ്ങൾ മനസിലാക്കുന്നത്. അതു തിരുത്താൻ വില്ലേജാഫീസും പല തവണ കയറിയിറങ്ങേണ്ടിവരും. അങ്ങനെ വരുമ്പോൾ ജോലിയുമായി ബന്ധപ്പെട്ട് അന്യനാടുകളിൽ താമസിക്കുന്ന ഒരാൾക്ക് അത് ക്ഷിപ്രസാദ്ധ്യമല്ലാതാകും. അപ്പോഴാണ് ഇടനിലക്കാരെ ഏല്പിക്കാൻ നിർബന്ധിതരാകുന്നത്. ഇടനിലക്കാർ രംഗത്തു വരുമ്പോൾ കിമ്പളവും കൈക്കൂലിയുമൊക്കെ അതിന്റെ ഭാഗമായി സ്വാഭാവികമായും കടന്നുവരും. അഴിമതി എങ്ങനെ ഉണ്ടാകുന്നു എന്നതിന്റെ ഉത്തരം കൂടിയാണിത്.
അതേസമയം റവന്യു രേഖകളിലെ തെറ്റുകുറ്റങ്ങൾ തിരുത്താനുള്ള നടപടികൾ ലളിതമാക്കിയാൽ അപേക്ഷകന്റെ വട്ടംചുറ്റൽ അവസാനിക്കും. പലർക്കും ഇതിന്റെ സങ്കീർണമായ നടപടിക്രമങ്ങളെക്കുറിച്ച് അറിവില്ല എന്നതാണ് യാഥാർത്ഥ്യം. ഇക്കാര്യത്തിൽ ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ അവരെ അറിയിക്കുവാനുള്ള ബോധവത്കരണം റവന്യു വകുപ്പ് ആവർത്തിച്ച് നടത്തേണ്ടതാണ്. നിലമായി റവന്യു രേഖകളിലുള്ള ഭൂമിയിലെ വീട് നിർമ്മാണത്തിന്റെ കാര്യത്തിൽ ഈ വർഷം തുടക്കത്തിൽത്തന്നെ വ്യക്തത വരുത്തിയിരുന്നു. സാധാരണ ഗതിയിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ നിർമ്മാണാനുമതി ലഭിക്കില്ല. എന്നാൽ ഒരാൾക്ക് 2008-നു മുമ്പ് മുതൽ കൈവശമുള്ള ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെങ്കിലും മറ്റെങ്ങും കരഭൂമിയില്ലാത്തപക്ഷം പഞ്ചായത്തുകളിൽ പത്തു സെന്റും നഗരസഭകളിൽ അഞ്ചു സെന്റും ഭൂമി നികത്തി വീട് വയ്ക്കാൻ അനുമതി ലഭിക്കും. അനുമതി നൽകേണ്ടത് അതത് ജില്ലാ കളക്ടറാണ്. കെട്ടിടത്തിന്റെ വിസ്‌തീർണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല.
നിയമങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ചിലയിടങ്ങളിൽ ഉദ്യോഗസ്ഥർ തെറ്റായ വ്യാഖ്യാനങ്ങൾ നൽകി അപേക്ഷകനെ വലയ്ക്കുന്നതും പതിവാണ്. വീടോ ചെറിയൊരു കടയോ വയ്ക്കാനാവും സൗജന്യ തരംമാറ്റ അപേക്ഷ ഭൂരിപക്ഷം പേരും നൽകുന്നത്. സംസ്ഥാനത്ത് ഇത്തരം അപേക്ഷ നൽകി ആയിരക്കണക്കിന് പേർ കാത്തിരിക്കുന്നു. ഈ വർഷം ഓഗസ്റ്റ് 24 വരെ കിട്ടിയത് 6,39,235 തരംമാറ്റ അപേക്ഷകളാണ്. ഇതിൽ 3,70,760 എണ്ണം തീർപ്പായി. 2,68,466 അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. ഭൂമി തരംമാറ്റ അപേക്ഷയിൽ തീരുമാനമെടുക്കുന്നതിൽ കാലതാമസം വരുത്തുന്നത് അനാവശ്യ വിവരശേഖരണം എന്ന വില്ലനായിരുന്നു. ഒടുവിൽ ഇതൊഴിവാക്കാൻ ചട്ട ഭേദഗതി വരുത്തുമെന്ന മന്ത്രി കെ. രാജന്റെ പ്രഖ്യാപനം അഭിനന്ദനാർഹമാണ്. ഭൂമി തരംമാറ്റൽ 25 സെന്റ് വരെ സൗജന്യമാണെങ്കിലും നടപടിക്രമങ്ങൾ സങ്കീർണമായിരുന്നു. ഇതാണ് അപേക്ഷകൾ കുമിഞ്ഞുകൂടുന്നതിന് ഇടയാക്കുന്നത്.
വില്ലേജ് ഓഫീസർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആർ.ഡി.ഒ / ഡെപ്യൂട്ടി കളക്ടർ സൗജന്യ തരംമാറ്റം അനുവദിക്കുക. റിപ്പോർട്ട് തയ്യാറാക്കാനുള്ള പ്രൊഫോമയിൽ ഉൾപ്പെടുത്തുന്ന അനാവശ്യ വിവര ശേഖരണം പുതിയ ചട്ടഭേദഗതി വരുന്നതോടെ ഇല്ലാതാകും. ഇതിനു പകരം തണ്ടപ്പേർ രജിസ്റ്ററിലെയും റവന്യു രേഖകളിലെയും വിവരങ്ങൾ ഉൾക്കൊള്ളിച്ച് റിപ്പോർട്ട് തയ്യാറാക്കിയാൽ മതിയാകും. വില്ലേജ് ഓഫീസർക്ക് ഏറെ സമയം ചെലവിടേണ്ടിവന്നത് പ്രൊഫോമ തയ്യാറാക്കുന്നതിനായിരുന്നു. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഇതിൽ വില്ലേജ് ഓഫീസർ ചേർക്കേണ്ട വിവരങ്ങൾക്കു പുറമെയാണ് ഭൂമിയുമായി ബന്ധപ്പെട്ടതെന്ന പേരിൽ മറ്റൊന്നു കൂടി പൂരിപ്പിച്ച് നൽകേണ്ടത്. കുറഞ്ഞത് 12 വിവരങ്ങളെങ്കിലും രേഖപ്പെടുത്തണം. ഇത്തരം അനാവശ്യ വിവര ശേഖരണമാണ് ഇനി ഒഴിവാകുക. ഇത് ഭൂമി തരംമാറ്റൽ അപേക്ഷയിൽ വേഗത്തിൽ തീരുമാനമെടുക്കാൻ ഇടയാക്കുമെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |