കൊച്ചി: ദിവസേന നൂറ് കണക്കിന് ആളുകളെത്തുന്ന ജില്ലയിലെ അരീക്കൽ വെള്ളച്ചാട്ടം ടൂറിസം വകുപ്പുമായി ചേർന്ന് വൻ ടൂറിസ്റ്റ് കേന്ദ്രമാക്കാൻ കോടികളുടെ പദ്ധതിയുമായി പാമ്പാക്കുട പഞ്ചായത്ത്.
ഒന്നേകാൽ കോടി മുടക്കിൽ സിപ് ലൈൻ സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ഇതിനായുള്ള പദ്ധതി രേഖ ഉടൻ തയാറാക്കും. അംഗീകാരം ലഭിച്ചാൽ ടെൻഡർ നടപടികളിലേക്ക് കടക്കും. ഇതിനൊപ്പം എല്ലാ സമയത്തും വെള്ളച്ചാട്ടം ഒരപോലെ നില നിർത്തുന്നതിനുള്ള മറ്റൊരു ബൃഹദ് പദ്ധതിയും ആലോചനയിലുണ്ട്.
സമീപത്തുള്ള കനാലിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് വെള്ളച്ചാട്ടത്തിന് മുകളിലൂടെ ഒഴുക്കും. അഞ്ച് കോടിയോളമാണ് പ്രാഥമിക ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന് ടൂറിസം വകുപ്പിന്റെ ഫണ്ട് കൂടിയില്ലാതെ സാദ്ധ്യമാകില്ല. നിലവിൽ മഴക്കാലത്ത് മാത്രമാണ് ഇവിടെ ശക്തമായ ഒഴുക്കുള്ളത്. മഴ കുറയുന്നതിനനുസരിച്ച് വെള്ളമൊഴുക്കിന്റെ ശക്തി കുറയും. അതോടെ ഇവിടേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണവും കുറയും. ഇതിനു പരിഹാരമായാണ് എപ്പോഴും ഒരേപോലൊഴുകുന്ന വെള്ളച്ചാട്ടം പദ്ധതി ഒരുക്കുന്നത്.
കോടികളുടെ പദ്ധതിയുമായി പഞ്ചായത്ത്
നിലവിൽ വെള്ളച്ചാട്ടത്തിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കനാലിലൂടെ താഴെയുള്ള പാടത്തേക്കാണ് എത്തുന്നത്. ഈ വെള്ളം പമ്പ് ചെയ്ത് വെള്ളച്ചാട്ടത്തിനു മുകളിലെത്തിച്ച് ഒഴുക്ക് ക്രമീകരിക്കുന്നതിനുള്ള പദ്ധതി ഇതിനോടകം ടെൻഡർ ആയി കഴിഞ്ഞു. 28 ലക്ഷം രൂപയടേതാണ് പദ്ധതി. അനൂപ് ജേക്കബ് എം.എൽ.എയാണ് ഇതിനായി ഫണ്ട് അനുവദിച്ചത്.
സീസണിൽ പ്രതിദിനം ആയിരത്തിലറെപ്പേർ എത്തുന്ന സ്ഥലമാണ് അരീക്കൽ വെള്ളച്ചാട്ടം. ഇവിടുത്തെ വമ്പൻ പദ്ധതികൾ നടപ്പാക്കാൻ സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും ഫണ്ട് അത്യാവശ്യമാണ്. അത് കണക്കിലെടുത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെ ഉള്ളവരെ സ്ഥലത്ത് എത്തിക്കാനുള്ള നീക്കത്തിലാണ് പ്രസിഡന്റ് ശ്രീകാന്ത് നന്ദനനും സംഘവും.
അരീക്കൽ വെള്ളച്ചാട്ടത്തെ സംസ്ഥാനത്തെ തന്നെ മികച്ച ടൂറിസം സ്‌പോട്ടുകളിൽ ഒന്നാക്കി മാറ്റാനാണ് ശ്രമിക്കുന്നത്.
ശ്രീകാന്ത് നന്ദനൻ
പ്രസിഡന്റ്
പാമ്പാക്കുട പഞ്ചായത്ത്
അരീക്കൽ വെള്ളച്ചാട്ടം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |