കൊച്ചി: കാന്താര 2വിന് കേരളത്തിൽ വിലക്ക്. ചിത്രം സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷനിൽ 55ശതമാനം വേണമെന്ന് വിതരണക്കാർ ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം. ഇത് പറ്റില്ലെന്ന് വ്യക്തമാക്കിശേഷമാണ് വിലക്ക് ഏർപ്പെടുത്തിയത്. ഫിയോക്ക് നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ കാന്താര 2 കേരളത്തിലെ തിയേറ്ററുകളിൽ എത്തില്ല. ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുണ്ട്.
ചിത്രം ഒക്‌ടോബർ രണ്ടിന് വേൾഡ് വെെഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി ഭാഷകളിൽ ആരാധകർക്ക് മുന്നിലേക്ക് എത്താനിരിക്കെയാണ് ഫിയോക്ക് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയിരുന്ന കാന്താര ആദ്യഭാഗത്തിന്റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു. കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ ബഡ്ജറ്റിൽ ബിഗ് സ്ക്രീനുകളിൽ എത്തിയ കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.
പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ അണിയറപ്രവർത്തകർ പുറത്തിറക്കുകയും അവയെല്ലാം തന്നെ ബോക്സ്ഓഫീൽ മികച്ച കളക്ഷനുകൾ നേടുകയും ചെയ്തു. ഇക്കാരണങ്ങൾ കൊണ്ടെല്ലാം ആരാധകർ ആകാംക്ഷയോടെയാണ് കാന്താരയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്. കാന്താരയിൽ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ "ഭൂതക്കോലം" കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും വരാനിരിക്കുന്ന ചിത്രമെന്നാണ് റിപ്പോർട്ട്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ നിർമ്മിക്കുന്നത്. കെ.ജി.എഫ്, കാന്താര, സലാർ തുടങ്ങിയ ബ്ലോക് ബസ്റ്ററുകൾ നിർമ്മിച്ച ഇന്ത്യയിലെ മുൻനിര പാൻ ഇന്ത്യൻ നിർമ്മാണ കമ്പനിയാണ് ഹോംബാലെ ഫിലിംസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |