തിരുപ്പൂരിന്റെ പ്രിയപുത്രൻ സി.പി. രാധാകൃഷ്‌ണൻ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നമ്മുടെ അയൽ സംസ്ഥാനത്തു നിന്നുള്ള സൗമ്യനും ആദരണീയനുമായ ഒരു നേതാവ് ഈ ഉന്നത പദവിയിൽ എത്തിയിരിക്കുന്നതിൽ കേരളത്തിനും അഭിമാനിക്കാം. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും തിരുപ്പൂരിൽ വിജയാഘോഷം ജനങ്ങൾ ദീപാവലി മുൻകൂട്ടി എത്തിയതു പോലെയാണ് നടത്തിയത്. തികച്ചും അപ്രതീക്ഷിതമായാണ് ഉപരാഷ്ട്രപതി പദവിയിലേക്ക് ഒരു തിരഞ്ഞെടുപ്പ് ഉണ്ടായത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജഗ്‌ദീപ് ധൻകർ രാജിവച്ചതാണ് ദക്ഷിണേന്ത്യയിൽ നിന്നുള്ള സംഘപരിവാർ പശ്ചാത്തലത്തിൽ വളർന്ന മുതിർന്ന നേതാവായ സി.പി. രാധാകൃഷ്ണന് ഈ ഉന്നത പദവിയിലേക്ക് വഴിയൊരുക്കിയത്.
എൻ.ഡി.എ സ്ഥാനാർത്ഥിയായ ഇദ്ദേഹം എതിർ പാളയത്തിൽ നിന്നുള്ളവരുടെ വോട്ടുകൾ കൂടി നേടിയാണ് വിജയം വരിച്ചിരിക്കുന്നത്. ആകെ പോൾ ചെയ്ത 767 വോട്ടിൽ 452 വോട്ട് ജയിച്ച സ്ഥാനാർത്ഥി നേടിയപ്പോൾ പ്രതിപക്ഷത്തെ പാർട്ടികളുടെ സ്ഥാനാർത്ഥിയും മുൻ സുപ്രീംകോടതി ജഡ്‌ജിയുമായ ബി. സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ. 15 വോട്ടുകൾ അസാധുവായി.
ജനാധിപത്യത്തിൽ ഇത്തരം തിരഞ്ഞെടുപ്പുകൾ നല്ലതാണെങ്കിലും ഏറ്റവും ഉന്നതമായ ഇത്തരം സ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ജയസാദ്ധ്യത തീരെയില്ലെങ്കിൽ തിരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള വിവേകമാണ് പ്രതിപക്ഷ കക്ഷികൾ കാണിക്കേണ്ടത്.
അനാവശ്യമായ പണച്ചെലവുകളും തയാറെടുപ്പുകളും മറ്റും ഒഴിവാക്കാനും ഒത്തൊരുമയുടെ ഒരു സന്ദേശം നൽകാനുമൊക്കെ അതിടയാക്കുമായിരുന്നു. ഇവിടെ അത് സംഭവിച്ചില്ലെന്ന് മാത്രമല്ല തിരഞ്ഞെടുപ്പിന് ഇറങ്ങിയതിലൂടെ പ്രതിപക്ഷത്തിന് തങ്ങൾക്കിടയിൽ ഭിന്നത ഉണ്ടെന്നത് ജനമദ്ധ്യത്തിൽ തുറന്നുകാട്ടേണ്ടിയും വന്നു. ഇന്ത്യാ സഖ്യം പരമാവധി 324 വോട്ടാണ് പ്രതീക്ഷിച്ചതെങ്കിലും ഫലം വന്നപ്പോൾ എൻ.ഡി.എയ്ക്കാണ് അവർ പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ട് നേടി തിളക്കമുള്ള വിജയം കരസ്ഥമാക്കാനായത്. രഹസ്യ ബാലറ്റായതിനാൽ പ്രതിപക്ഷത്തു നിന്ന് വോട്ട് ചോർന്നു എന്നത് വ്യക്തമാണ്. രാജ്യസഭയുടെ അദ്ധ്യക്ഷനായി കൂടി പ്രവർത്തിക്കുന്ന ഉപരാഷ്ട്രപതിക്ക് ചില സന്ദർഭങ്ങളിലെങ്കിലും സഭയിലെ അനിയന്ത്രിത ബഹളങ്ങളും ഒച്ചപ്പാടും ക്ഷമ പരീക്ഷിക്കാൻ പോന്നതാണ്. ആർ.എസ്.എസ്സിലും ബി.ജെ.പിയിലും കൂടാതെ ഗവർണർ പദവി ഉൾപ്പെടെയുള്ള ഭരണഘടനാ പദവികളിലും പ്രവർത്തിച്ചിട്ടുള്ള രാഷ്ട്രീയ പരിചയം മികച്ച ഉപരാഷ്ട്രപതിയായി കാര്യനിർവഹണം നടത്താൻ സി.പി. രാധാകൃഷ്ണന് പ്രാപ്‌തി നൽകുമെന്ന് കരുതാം.
കേരളത്തിലെ ബി.ജെ.പി നേതാക്കളെ മാത്രമല്ല മറ്റ് പ്രമുഖരായ രാഷ്ട്രീയകക്ഷി നേതാക്കളെയും ക്രൈസ്‌തവ മതാദ്ധ്യക്ഷൻമാരെയും സാമുദായിക സംഘടനകളെ നയിക്കുന്നവരെയും എന്തിന് നമ്മുടെ പ്രമുഖ കായിക പ്രതിഭകളെ വരെ നേരിട്ട് പരിചയമുള്ള വ്യക്തി കൂടിയാണ് പുതിയ ഉപരാഷ്ട്രപതി എന്നത് നമുക്ക് കൂടുതൽ ആഹ്ലാദം പകരുന്ന വസ്തുതയാണ്. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ മണ്ഡലത്തിൽ നിന്നാണ് 1998-ൽ ആദ്യമായി രാധാകൃഷ്ണൻ ലോക്‌സഭയിലെത്തിയത്. മഹാരാഷ്ട്ര ഗവർണറായിരിക്കെയാണ് അപ്രതീക്ഷിതമായി ഉപരാഷ്ട്രപതിയായുള്ള സ്ഥാനക്കയറ്റം അദ്ദേഹത്തിന് ലഭിക്കുന്നത്. ജാർഖണ്ഡിലും ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങളിൽ ഗവർണറായിരിക്കെ അദ്ദേഹത്തിന്റെ നടപടികളൊന്നും വിവാദമായിട്ടില്ലെന്ന് മാത്രമല്ല വളരെ രമ്യമായ രാഷ്ട്രീയ അന്തരീക്ഷം സംസ്ഥാനങ്ങളിൽ നിലനിറുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതും എടുത്തുപറയേണ്ട കാര്യമാണ്. അതിനാൽ തിരുപ്പൂരിന്റെ ഈ പ്രിയപുത്രന് ഉപരാഷ്ട്രപതിയെന്ന നിലയിൽ പക്ഷപാതരഹിതവും തിളക്കമേറിയതുമായ സേവനം കാഴ്ചവയ്ക്കാൻ കഴിയുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |