അണിഞ്ഞൊരുങ്ങിയ പള്ളിയോടങ്ങളുടെ ആവേശത്തുഴ പമ്പാനദിയിൽ ഉത്സവക്കാഴ്ചയാണ്. മദ്ധ്യതിരുവിതാംകൂറിലെ ഓണാഘോഷത്തിന്റെ സമാപനം കൂടിയാണ് ആറൻമുള ജലമേള. അൻപത്തി രണ്ട് കരകളിൽ നിന്നുള്ള പള്ളിയോടങ്ങൾ ആചാരാനുഷ്ഠാനങ്ങളോടെ പാടിത്തുഴഞ്ഞ് മത്സരിക്കുന്നതാണ് ലോക പ്രശസ്തമായ ആറൻമുള വള്ളംകളി. പടിഞ്ഞാറ് ചെന്നിത്തല മുതൽ കിഴക്ക് ഇടക്കുളം വരെ വ്യാപിച്ചു കിടക്കുന്ന പ്രദേശത്താണ് പള്ളിയോട കരകൾ. ഉത്രട്ടാതി നാളിൽ രാവിലെ ക്ഷേത്രത്തിൽ പൂജിച്ച മാലയും ചന്ദനവും ക്ഷേത്രക്കടവിൽ നിന്ന് ഏറ്റുവാങ്ങി ജലഘോഷയാത്രയ്ക്ക് പള്ളിയോടങ്ങൾ അണിനിരക്കുന്നതോടെയാണ് ജലമേളയ്ക്ക് തുടക്കമാകുന്നത്. ആറൻമുളയുടെ ഓണക്കാലം വള്ളസദ്യയും വഞ്ചിപ്പാട്ടും വള്ളംകളിയുമാണ്. ലോക പൈതൃക ഭൂപടത്തിൽ ഇടം നേടിയ ആറൻമുള ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പ് പാർത്ഥസാരഥി ക്ഷേത്രമാണ്. വലിയൊരു സംസ്കൃതിയുടെയും പാരമ്പര്യത്തനിമയുടെയും കൂടിച്ചേരലാണ് ആറൻമുളയിൽ വള്ളസദ്യയും വഞ്ചിപ്പാട്ടും ജലമേളയും. എല്ലാ ഭേദഭാവങ്ങളും മറന്ന് ഒരു ജനത ഒന്നായി മാറുന്ന കലയുടെ ജ്വലിക്കുന്ന ഭാവമാണ് വള്ളംകളി. വഞ്ചിപ്പാട്ടിന്റെയും തുഴച്ചിലിന്റെ ഹൃദയതാളം ഓരോ ആറൻമുളക്കാരന്റെയും മനസിലുണ്ട്. ഒരുമയുടെയും സന്തോഷത്തിന്റെയും പ്രതീകമാണ് കായിക കരുത്തിന്റെ കൂടി ഉത്സവമായ വള്ളംകളി.
ആറൻമുള വള്ളസദ്യയുടെയും വള്ളംകളിയുടെയും നടത്തിപ്പ് ചുമതല പള്ളിയോട സേവാസംഘത്തിനാണ്. അൻപത്തിരണ്ട് കരകളുടെയും പ്രതിനിധികളടങ്ങിയതാണ് പള്ളിയോട സേവാ സംഘം. എല്ലാവർഷവും പരാതികളില്ലാതെ വള്ളസദ്യയും വള്ളം കളിയും കടന്നു പോകുന്നു. എന്നാൽ, വലിയ ഒരുക്കങ്ങൾ ഇതിനു മുന്നോടിയായി നടത്തേണ്ടതുണ്ട്. വള്ളംകളിക്കു മുന്നോടിയായി നടത്തേണ്ട ചില ക്രമീകരണങ്ങൾ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ടതാണ്. ഇതിൽ പ്രധാന പങ്കാളിത്തം വഹിക്കേണ്ടത് ജലവിഭവ വകുപ്പും ടൂറിസം വകുപ്പുമാണ്. പമ്പാനദിയിലൂടെ തുഴഞ്ഞെത്തുന്ന പള്ളിയോടങ്ങളിൽ ഒന്നിൽ നൂറിലേറെ തുഴച്ചിലുകാരുണ്ടാകും. പതിനഞ്ച് മുതൽ ഇരുപത് അടി വരെ അമരപ്പൊക്കമുണ്ട് പള്ളിയോടങ്ങൾക്ക്. പള്ളിയോടങ്ങൾക്ക് തുഴഞ്ഞു വരാൻ പമ്പാ നദിയിൽ ആവശ്യത്തിന് വെള്ളമുണ്ടാകണം. പള്ളിയോടങ്ങൾ ഇടിച്ചു മറിയാതിരിക്കാൻ നദിയിലെ മൺപുറ്റുകൾ നീക്കം ചെയ്യണം.
പവലിയൻ വേണം
മൺപുറ്റ് നീക്കണം
പരപ്പുഴ കടവിൽ നിന്ന് തുടങ്ങി സത്രക്കടവിൽ അവസാനിക്കുന്നതാണ് വള്ളംകളി മത്സരം. സത്രക്കടവിലാണ് ഫിനിഷിംഗ് പോയിന്റ്. ഇവിടെയാണ് വള്ളംകളയുടെ പ്രധാന ഗ്യാലറിയും വി.ഐ.പി പവലിയനും. സംസ്ഥാനത്തെ പ്രധാന രണ്ടു ജലമേളകളാണ് പുന്നപ്രയിലെ നെഹ്റു ട്രോഫി ജലമേളയും ആറൻമുളയിലേ വള്ളം കളിയും. നെഹ്റു ട്രോഫി മത്സരത്തുഴയുടേതാണെങ്കിൽ ആറൻമുള വള്ളംകളി പരമ്പരാഗത ശൈലിയിൽ തുഴയുന്നതാണ് എന്നതു മാത്രമാണ് വ്യത്യാസം. നെഹ്റു ട്രോഫി നടക്കുന്ന ആലപ്പുഴയിൽ വള്ളം കളിക്ക് സ്ഥിരം പവലിയനുണ്ട്. അവിടെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. അതേസമയം, ആറൻമുള വള്ളംകളിക്ക് സ്ഥിരം പവലിയനില്ല. മറ്റ് അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്. ഓരോ വർഷം ആറൻമുള ജലമേള അടുക്കുമ്പോൾ ഏതാനും ദിവസം മുൻപ് മാത്രമാണ് താത്ക്കാലിക പവലിയൻ ഒരുക്കുന്നതും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതും. ആറൻമുളയിൽ പള്ളിയോടങ്ങൾ തുഴഞ്ഞു വരുമ്പോൾ മറിയാതിരിക്കാൻ പമ്പാനദിയിലെ മൺപുറ്റ് നീക്കണമെന്ന് പല ആവർത്തി ആവശ്യപ്പെടുമ്പോൾ മാത്രമാണ് സർക്കാർ അനങ്ങുന്നത്. ആറൻമുള വള്ളംകളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും സർക്കാരുകളുടെ ഭാഗത്ത് നിന്ന് കാര്യമായ സഹായമില്ലാത്തത് പള്ളിയോട കരകളെ നിരാശയിലാക്കുന്നു. എല്ലാ വർഷവും കേന്ദ്ര, സംസ്ഥാന സർക്കാർ പ്രതിനിധികൾ വള്ളംകളി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാറുണ്ട്. വള്ളംകളിക്ക് സഹായം നൽകുമെന്ന് പ്രഖ്യാപനം നടത്തി മടങ്ങും. തുടർ നപടികളുണ്ടാകാറില്ല.
മന്ത്രിമാരുടെ
വാക്കുകൾ പൊന്നാകണം
ഇത്തവണ ആറൻമുളയിൽ ജല ഘോഷയാത്ര ഉദ്ഘാടനം ചെയ്ത മന്ത്രി വീണാ ജോർജ് സത്രക്കടവിൽ സ്ഥിരം പവലിയൻ നിർമിക്കുമെന്ന് ഉറപ്പു നൽറിയിരിക്കുകയാണ്. മണ്ഡലത്തിലെ എം.എൽ.എ കൂടിയായ മന്ത്രിയുടെ പ്രഖ്യാപനം ആറൻമുളക്കാർ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. പവലിയന് വേണ്ടി ബഡ്ജറ്റിൽ തുക വകയിരുത്തുമെന്നും അടുത്ത വർഷത്തെ ജലമേളയ്ക്ക് മുൻപ് നിർമാണം പൂർത്തിയാക്കാമെന്നുമുള്ള മന്ത്രിയുടെ വാക്കുകൾ വള്ളംകളിക്ക് പ്രേമികൾക്ക് പുതിയ പ്രതീക്ഷ നൽകുന്നു. പവലിയനു മാത്രമല്ല, പള്ളിയോടങ്ങൾക്കും ധനസഹായം ആവശ്യമാണ്. പള്ളിേയാടങ്ങൾ സംരക്ഷിക്കുന്ന വള്ളപ്പുരകൾ പലതും ജീർണാവസ്ഥയിലാണ്. കരക്കാരുടെ ശ്രമഫലമായാണ് പലതും പുതുക്കിപ്പണിയുന്നത്. കാലപ്പഴക്കം ചെന്ന പള്ളിയോടങ്ങളുണ്ട്. അവയുടെ അറ്റകുറ്റപ്പണിക്കും വൻ തുകയാണ് ചെലവാകുന്നത്.
ഉത്രട്ടാതി ജലമേളയ്ക്ക് കേന്ദ്ര ടൂറിസം വകുപ്പ് പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. പള്ളിയോട സേവാസംഘം ഭാരവാഹികളെ നേരിട്ടു വിളിച്ചാണ് കേന്ദ്രമന്ത്രി ഇക്കാര്യമറിയിച്ചത്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടന്ന ദിവസമായതിനാൽ കേന്ദ്രസർക്കാർ പ്രതിനിധികൾ ജലമേളയ്ക്ക് എത്തിയിരുന്നില്ല.
സർക്കാർ സഹായമില്ലാതെ ആറൻമുള ജലമേള മുന്നോട്ടു കൊണ്ടുപോകാനാകില്ല. പുരാതനമായ കലയെയും ആചാരത്തെയും സംരക്ഷിക്കേണ്ടത് പൊതു ആവശ്യമാണ്. അതു നിലനിന്നെങ്കിൽ മാത്രമേ ആറൻമുളക്കാരുടെ ഐക്യവും സാഹോദര്യവും നിലനിൽക്കൂ. വഞ്ചിപ്പാട്ടും വള്ളംകളിയുമാണ് ആറൻമുളക്കാരെ ഒരുമിപ്പിക്കുന്നത്. വള്ളപ്പുരകൾ കരക്കാരുടെ ഒത്തുചേരൽ കേന്ദ്രവുമാണ്. തലമുറളിലേക്ക് പകരുന്ന പാരമ്പര്യ കലയും അനുഷ്ഠാനവുമാണ് ആറൻമുളയുടെ സാംസ്കാരിക പാരമ്പര്യം. അതു നിലനിറുത്താനും സംരക്ഷിക്കാനും നാട്ടുകാർക്കൊപ്പം ഭരണകൂടങ്ങളും കൈകോർക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |