കണ്ണൂർ: കണ്ണൂർ ടൗൺ എസ്എച്ച്‌ഒ ശ്രീജിത്ത് കൊടേരി കർണപുടം അടിച്ചുതകർത്തെന്ന് വെളിപ്പെടുത്തി വർക്‌ഷോപ്പ് ഉടമ. നാറാത്ത് സ്വദേശിയായ അഷ്റഫാണ് ഒരു മാദ്ധ്യമത്തോട് ഇക്കാര്യം തുറന്നുപറഞ്ഞത്. 2017ലാണ് സംഭവം നടന്നത്. അന്ന് വളപട്ടണം എസ്ഐ ആയിരുന്ന ശ്രീജിത്ത് കൊടേരി. വർക്‌ഷോപ്പിന്റെ മേൽവാടകയെ ചൊല്ലിയുള്ള പരാതിയെക്കുറിച്ച് സംസാരിക്കാൻ വിളിപ്പിച്ചായിരുന്നു മർദനം. ഇരുചെവിയിലും ആഞ്ഞടിച്ചപ്പോൾ കർണപുടം തകർന്ന് 35 ശതമാനം കേൾവി ശക്തി നഷ്ടപ്പെട്ടെന്ന് അഷ്റഫ് പറയുന്നു. മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടും സ്വീകരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ജൂണിൽ വ്യവസായിയിൽ നിന്ന് ഉപഹാരം സ്വീകരിച്ചതായി കണ്ണൂർ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിക്കെതിരെ പരാതി ലഭിച്ചിരുന്നു. എന്നാൽ ഈ പരാതിയിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായാണ് സൂചന. സ്വകാര്യ വ്യക്തി മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയായിരുന്നു. വ്യക്തി വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു പരാതിയെന്ന് ശ്രീജിത്ത് കൊടേരി മുൻപേ പ്രതികരിച്ചിരുന്നു.
കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ ശ്രീജിത്ത് കൊടേരിയെ യാദൃശ്ചികമായി കണ്ടതാണെന്നും തനിക്ക് പൊലീസിൽ നിന്നോ ശ്രീജിത്ത് കൊടേരിക്ക് തന്നിൽ നിന്നോ ഒന്നും നേടാനില്ലെന്നും കടയുടമയും ബ്‌ളോഗറുമായ കെ.വി റിജേഷും പ്രതികരിച്ചു. തന്റെ കടയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പിറന്നാൾ സമ്മാനമായി സ്‌നേഹത്തോടെയാണ് മുത്തപ്പൻ വിളക്ക് നൽകിയത്. താൻ നൽകിയ സമ്മാനം കേവലം 240 രൂപ മാത്രം വിലവരുന്നതാണ്. ശ്രീജിത്ത് കൊടേരി കടയിൽ നിന്നും ഉരുളിയടക്കമുള്ള സാധനങ്ങൾ പണം നൽകിയാണ് വാങ്ങിയത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് ചിലപ്പോഴൊക്കെ ഉപഹാരങ്ങൾ നൽകാറുമുണ്ട്. ഇതാണ് തെറ്റായ രീതിയിൽ പ്രചരിച്ചതും വിവാദമായതുമെന്ന് റിജേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |