കൊച്ചി: മുൻമന്ത്രിയും നിയമസഭാ സ്‌പീക്കറും യു.ഡി.എഫ് കൺവീനറുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.പി.തങ്കച്ചൻ (87) അന്തരിച്ചു. ന്യുമോണിയയും ശ്വാസകോശ അണുബാധയും കാരണം ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 4.30നായിരുന്നു അന്ത്യം.
ഭൗതികദേഹം ഇന്നു രാവിലെ 11മുതൽ പെരുമ്പാവൂർ ആശ്രമം ജംഗ്ഷനിലെ പൈനാടത്ത് വീട്ടിൽ പൊതുദർശനത്തിന് വയ്‌ക്കും. തങ്കച്ചന്റെ ആഗ്രഹപ്രകാരം വീട്ടിൽ മാത്രമാകും പൊതുദർശനം. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് നെടുമ്പാശേരി അകപ്പറമ്പ് യാക്കോബായ സുറിയാനി പള്ളിയിൽ.
2004ൽ കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റായിരുന്ന അദ്ദേഹം 2004 മുതൽ 2018വരെ യു.ഡി.എഫ് കൺവീനറായിരുന്നു. അങ്കമാലി നായത്തോട് പൈനാടത്ത് ഫാ.പൗലോസിന്റെയും അന്നമ്മയുടെയും മകനാണ്. നിയമപഠനം പൂർത്തിയാക്കിയശേഷം അഭിഭാഷകനായി. മുൻസിഫായി നിയമനം ലഭിച്ചെങ്കിലും വേണ്ടെന്നുവച്ച് രാഷ്ട്രീയത്തിലിറങ്ങി.
1968ൽ പെരുമ്പാവൂർ മുനിസിപ്പൽ കൗൺസിലറായി. 29-ാം വയസിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർമാനായി. എറണാകുളം ഡി.സി.സി പ്രസിഡന്റായിരുന്നു. 1982ൽ പെരുമ്പാവൂർ മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1987, 1991, 1996 വർഷങ്ങളിലും വിജയിച്ചു. 1991ൽ സ്‌പീക്കറായി. 1995ൽ എ.കെ.ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായിരുന്നു. കൃഷിക്ക് വൈദ്യുതി സൗജന്യമാക്കിയത് അദ്ദേഹം മന്ത്രിയായിരിക്കെയാണ്. യാക്കോബായ സഭയുടെ കമാൻഡർ പദവിയും നേടിയിട്ടുണ്ട്.
ഭാര്യ: പരേതയായ ടി.വി.തങ്കമ്മ. മക്കൾ: വർഗീസ്, ഡോ.രേഖ (പെരിന്തൽമണ്ണ എം.ഇ.എസ് ഡെന്റൽ കോളേജ് ), ഡോ.രേണു (തോമസ് ഡെന്റൽ സെന്റർ, ഷാർജ). മരുമക്കൾ: ഡെമിന, ഡോ.സാമുവൽ കോശി (മൗലാന ഹോസ്‌പിറ്റൽ, പെരിന്തൽമണ്ണ), ഡോ.തോമസ് കുര്യൻ (തോമസ് ഡെന്റൽ സെന്റർ, ഷാർജ). ഭാര്യയുടെ ചരമദിവസമാണ് തങ്കച്ചന്റെയും മടക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |