വിമാനം പറത്തുന്നത് അത്ഭുതപ്പെടുത്തുന്നതും സാഹസം നിറഞ്ഞതുമായ പ്രവൃത്തിയാണ്. അതുകൊണ്ടുത്തന്നെ പൈലറ്റുമാർ കർശനമായ നിയമങ്ങൾ പിന്തുടരേണ്ടതുണ്ട്. യാത്രക്കാരുടെയും മറ്റ് ജീവനക്കാരുടെയും സുരക്ഷയെ മുൻനിർത്തിയാണ് പല നിയമങ്ങളും കൊണ്ടുവന്നിരിക്കുന്നത്. കോക്ക്പിറ്റിലേക്ക് പ്രവേശിക്കുന്ന പൈലറ്റുമാർ പെർഫ്യൂം ഉപയോഗിക്കരുതെന്ന കർശനനിയമം നിലനിൽക്കുന്നുണ്ട്. കേൾക്കുമ്പോൾ അസാധാരണമായി തോന്നാമെങ്കിലും ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ ( ഡിജിസിഎ) സുരക്ഷാ, ആരോഗ്യ മാർഗനിർദ്ദേശങ്ങളുടെ ഭാഗമാണിത്. ഈ നിയമത്തിനുപിന്നിലെ കാരണം എന്താണെന്ന് നോക്കാം.
ഡിജിസിഎയുടെ നിർദ്ദേശപ്രകാരം വിമാനം പറത്തുന്നതിന് മുന്നോടിയായി പൈലറ്റുമാർ ബ്രെത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്. അവർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാണിത്. പെർഫ്യൂമുകൾ, മൗത്ത് വാഷ്, ഹാൻഡ് സാനിറ്റൈസറുകൾ തുടങ്ങിയവയിൽ ഈഥൈൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. അവ വേഗത്തിൽ ബാഷ്പീകരിക്കുകയും വായുവിൽ തങ്ങിനിൽക്കുകയും ചെയ്യും. ഇത് ബ്രെത്ത് അനലൈസറിൽ തെറ്റായ റീഡിംഗ് രേഖപ്പെടുത്താൻ കാരണമാകും. അതുകൊണ്ടാണ് കോക്ക്പിറ്റിൽ പ്രവേശിക്കുമ്പോൾ പെർഫ്യൂം പോലുളള വസ്തുക്കൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നത്.
അടുത്തിടെ ക്യാപ്റ്റൻ തോമർ അവധേഷ് ഈ നിയമവുമായി ബന്ധപ്പെട്ടുളള ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഡിജിസിഎയുടെ പെർഫ്യൂം നിരോധന നിയമം പൈലറ്റുമാർക്ക് ഇഷ്ടമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മിക്ക പൈലറ്റുമാരും പെർഫ്യൂമുകൾ ഇഷ്ടപ്പെടുന്നവരാണെന്നും ഡ്യൂട്ടി ഫ്രീയിൽ നിന്ന് പല പെർഫ്യൂമുകളും വാങ്ങാറുണ്ടെന്നും അദ്ദേഹം പറയുന്നു. 'ബ്രെത്ത് അനലൈസറിൽ 0.0001 ശതമാനം വരെയുളള ആൽക്കഹോളിന്റെ അംശം കണ്ടെത്താൻ സാധിക്കും. അതുകൊണ്ടുതന്നെ പൈലറ്റുമാർ പെർഫ്യൂം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തുകയും ചെയ്യും. ഇതോടെ കർശന നടപടിക്ക് വിധേയമാകേണ്ട അവസ്ഥയുണ്ടാകും'- അവധേഷ് വീഡിയോയിൽ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |