ന്യൂഡൽഹി: നേപ്പാളിൽ ആഭ്യന്തര കലാപത്തെത്തുടർന്ന് രാജിവച്ച കെ.പി.ശർമ്മ ഒലിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള ചർച്ചകൾ സൈനിക മേധാവികളും ജെൻ-സി പ്രക്ഷോഭകരും തമ്മിൽ പുരോഗമിക്കുകയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപം കുറഞ്ഞത് 30 പേരുടെ മരണത്തിനും 1000ത്തിലധികം പേർക്ക് പരിക്കേൽക്കാൻ ഇടയായതായും നേപ്പാൾ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രക്ഷോഭകർ രാജ്യത്തെ പാർലമെന്റും സുപ്രീം കോടതിയും ഉൾപ്പെടെ സർക്കാർ, സ്വകാര്യ കെട്ടിടങ്ങളും അഗ്നിക്കിരയാക്കിയിരുന്നു. നിയമസഭാംഗങ്ങളുടെയും മന്ത്രിമാരുടെയും വീടുകളടക്കം കത്തിച്ചു.
പ്രക്ഷോഭകരും, പ്രസിഡന്റ് രാം ചന്ദ്ര പൗഡലും, സൈനിക മേധാവി അശോക് രാജ് സിഗ്ഡലും തമ്മിലുള്ള ചർച്ചകൾ തുടരുമ്പോഴും അടുത്ത പ്രധാനമന്ത്രി ആരാണെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. വ്യത്യസ്ത സ്ഥാനാർത്ഥികളെ പിന്തുണച്ചവർക്കിടയിൽ തർക്കം ഉടലെടുത്തതായും നേപ്പാളിലെ വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന് നേതാവില്ലാത്തതിനാൽ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിക്കായി നാല് മുൻനിരക്കാരുടെ പേരുകളാണ് ഉയർന്നുവന്നിട്ടുള്ളത്. കാഠ്മണ്ഡു മേയർ ബാലേൻ ഷാ, മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി, വൈദ്യുതി ബോർഡിന്റെ മുൻ മേധാവി കുൽമാൻ ഗിസിംഗ്, ധരൺ മേയർ ഹർക്ക രാജ് സംപാംഗ് റായ് എന്നിവരുടെ പേരുകളാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്.
മുൻ റാപ്പറായ കാഠ്മണ്ഡു മേയർ ബാലേൻ ഷാ, ജെൻസി പ്രക്ഷോഭകർക്ക് പിന്തുണയുമായി നിലകൊണ്ടയാളാണ്. നേപ്പാളിലെ യുവജനങ്ങൾ അദ്ദേഹത്തെ പുതുതലമുറയുടെ ശബ്ദമെന്നാണ് വിശേഷിപ്പിക്കുന്നത്. സിവിൽ എഞ്ചിനീയറിംഗിലും സ്ട്രക്ചറൽ എഞ്ചിനീയറിംഗിലും ബിരുദം നേടിയ ബാലേൻ ഷാ നേപ്പാളിലെ ഹിപ്-ഹോപ്പ് രംഗത്ത് റാപ്പറായും ഗാനരചയിതാവായും സജീവമാണ്. 2022ൽ കാഠ്മണ്ഡുവിൽ നടന്ന മേയർ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് അദ്ദേഹം വിജയിച്ചത്.
സുശീല കാർക്കിയുടെ പേര് സുപ്രീം കോടതി ബാർ അസോസിയേഷന്റെ സെക്രട്ടറിയുമായി കൂടിയാലോചിച്ചതിന് ശേഷമാണ് പ്രക്ഷോഭകർ നിർദ്ദേശിച്ചത്. നേപ്പാളിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് കാർക്കി സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പൗരത്വ അവകാശങ്ങൾ കൈമാറാൻ പ്രാപ്തമാക്കുന്നത് ഉൾപ്പെടെയുള്ള നിരവധി സുപ്രധാന വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.
2016 ജൂലായ് മുതൽ 2017 ജൂൺ വരെ ചീഫ് ജസ്റ്റിസായിട്ട് കാർക്കി സേവനമനുഷ്ഠിച്ചിരുന്നു. എക്സിക്യൂട്ടീവിന്റെ തീരുമാനങ്ങളിൽ ഇടപെടുന്നുവെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ കാർക്കിക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ പിന്നീട് പ്രമേയം പിൻവലിച്ചു.
വർഷങ്ങളോളം രാജ്യത്ത് നീണ്ടുനിന്ന ലോഡ് ഷെഡിംഗ് അവസാനിപ്പിച്ചതിന് കാരണക്കാരനായ മുൻ വൈദ്യുതി ബോർഡ് സിഇഒയാണ് കുൽമാൻ ഘിസിംഗ്. ഇലക്ട്രിക്കൽ എഞ്ചിനീയറായ കുൽമാൻ ഇന്ത്യയിലെ ജംഷഡ്പൂരിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് ബിരുദം നേടിയത്. നേപ്പാളിലെ ത്രിഭുവൻ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 1994 ൽ നേപ്പാൾ വൈദ്യുതി അതോറിട്ടിയിൽ കരിയർ ആരംഭിച്ച കുൽമാൻ 2016ൽ മാനേജിംഗ് ഡയറക്ടറായി നിയമിതനാകുകയായിരുന്നു. രാജ്യത്ത് ദിവസവും 18 മണിക്കൂർ നീണ്ടുനിന്ന വൈദ്യുതി മുടക്കത്തിന് അറുതി വരുത്തിയത് അദ്ദേഹമാണ്. രാഷ്‌ട്രീയ പശ്‌ചാത്തലമില്ലാത്ത കുൽമാൻ, നേപ്പാളിനെ നയിച്ചാൽ അഴിമതി അടക്കം പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഒരു വിഭാഗം പ്രക്ഷോഭകർ വാദിക്കുന്നു.
ധരനിലെ സ്വതന്ത്ര മേയറായ ഹർക്ക സംപാംഗും നേപ്പാളിലെ അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകളിൽ സജീവമാണ്. വിഐപി ആനുകൂല്യങ്ങളെ പലപ്പോഴും എതിർത്തിരുന്ന സാധാരണക്കാരിൽ ഒരാളാണ് സാംപാംഗ്. അഫ്ഗാനിസ്ഥാനിൽ കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്തതിനുശേഷം ജന്മനാടായ ധരണിലേക്ക് മടങ്ങി പ്രാദേശിക കാര്യങ്ങളിൽ പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് രാഷ്ട്രീയത്തിലേക്കുള്ള കടന്നു വരവ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലും ശ്രദ്ധേയമാണ്. 2022ൽ മേയർ സ്ഥാനാർത്ഥിയായി സ്വതന്ത്രമായി മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |