വാഹനാപകടത്തിൽ ആളപായം ഒഴിവാക്കാനും ദുരന്തത്തിന്റെ വ്യാപ്‌തി കുറയ്‌ക്കാനും മനുഷ്യർ കണ്ടെത്തിയതാണ് സീറ്റ് ബെൽറ്റുകളും എയർബാഗുകളും. വാഹനം അപകടത്തിൽപ്പെട്ടയുടൻ എയർബാഗുകൾ തുറന്നുവരുന്നതിനാൽ പലപ്പോഴും പരിക്കേറ്റാലും മരണം ഒഴിവാക്കാൻ സാധിക്കുന്നുണ്ട്. കാറുകളിലും വലിയ വാഹനങ്ങളിലും എയർബാഗ് ഉണ്ടെന്നത് ശരിതന്നെ എന്നാൽ വിമാനത്തിൽ എയർബാഗുണ്ടോ? വിമാനം അപകടത്തിൽ പെട്ടാൽ തകരാതിരിക്കാൻ എയർബാഗ് സഹായിക്കുമോ? രണ്ട് എഞ്ചിനീയർമാർ അത്തരത്തിലൊരു വ്യത്യസ്‌ത ഐഡിയയുമായി രംഗത്തെത്തിയിരിക്കുകയാണ്.
ദുബായിലെ ബിർള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയൻസസ് സർവകലാശാലയിലെ എഞ്ചിനീയർമാരായ ഇഷേൽ വാസിം, ദർശൻ ശ്രീനിവാസൻ എന്നീ യുവാക്കൾക്കാണ് ഇത്തരമൊരു വ്യത്യസ്‌ത ആശയം ഉദിച്ചത്. ജൂൺ 12ന് ഗുജറാത്തിലെ അഹമ്മദാബാദിൽ രാജ്യത്തെ നടുക്കിയ വിമാനദുരന്തമാണ് ഇതിന് കാരണം. ടേക്ക് ഓഫ് ചെയ്‌ത് വെറും 32 സെക്കന്റുകളിൽ തകർന്നുവീണ വിമാനത്തിലെ 260 പേർക്കാണ് അന്ന് ജീവൻ നഷ്‌ടമായത്.
ആ അപകടം നടന്ന് ദിവസങ്ങളോളം ഇഷേലിന്റെ അമ്മയ്‌ക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. തുടർന്ന് ദർശനുമായി ചേർന്ന് ഇഷേൽ തയ്യാറാക്കിയ പ്രൊജക്‌ട് ആണ് ക്രാഷ് പ്രൂഫ് വിമാനം എന്ന ആശയം. പ്രശസ്‌തമായ ജെയിംസ് ഡോസൺ അവാർഡിന് ഈ ആശയം സമർപ്പിച്ചുകഴിഞ്ഞു. അനുമതി ലഭിക്കും എന്ന് തന്നെയാണ് ഇരുവരുടെയും കണക്കുകൂട്ടൽ. അപകട സമയത്ത് പറക്കുന്നതിലെ ഊർജത്തെ ആഗിരണം ചെയ്യുകയും വേഗം കുറയ്‌ക്കുകയും ലാൻഡ് ചെയ്യുമ്പോഴുള്ള ആഘാതം കുറയ്‌ക്കുകയുമാണ് ഇതിന്റെ രീതി. വിമാനത്തിന്റെ നോസ് ഭാഗത്തും ടെയിൽ ഭാഗത്തും നടുക്കും എയർബാഗ് പുറത്തുവരുന്നതാണ് ഇതിന്റെ പ്രവർത്തന ശൈലി.
ഇതിനായുള്ള എഐ സംവിധാനം വിമാനത്തിന്റെ ഉയരം, വേഗം, എഞ്ചിന്റെ പ്രവർത്തനരീതി, തീ, പൈലറ്റിന്റെ പ്രതികരണം എന്നിങ്ങനെ വിവിധ ഘടകങ്ങൾ പരിശോധിക്കും. 3000 അടി താഴെ ക്രാഷ് ലാൻഡിംഗ് അല്ലാതെ വഴിയില്ലെന്ന് കണ്ടാൽ സംവിധാനം തനിയെ പ്രവർത്തിച്ചു തുടങ്ങും. 30,000 യൂറോ സമ്മാനത്തുകയുള്ള ആഗോള അവാർഡിനാണ് ഇഷേൽ വാസിമും, ദർശൻ ശ്രീനിവാസനും ശ്രമിക്കുന്നത്. ജെയിംസ് ഡോസൺ അവാർഡിന്റെ ദേശീയ പുരസ്‌കാര ജേതാക്കളെ ഇതിനകം തിരഞ്ഞെടുത്തുകഴിഞ്ഞു. അതിനാലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |