പുസ്തകങ്ങൾക്കു പകരം ഒരു മുറി നിറയെ മനുഷ്യ പുസ്തകങ്ങൾ! അനുഭവങ്ങളുടെ ചൂടും ചൂരും പേറിയ അവർ നിങ്ങളോട് കഥ പറയും. Unjudge someone എന്ന ആശയത്തിന്റെ ഭാഗമായി 25 വർഷങ്ങൾക്കു മുൻപ് ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ പിറവിയെടുത്ത 'ഹ്യൂമൻ ലൈബ്രറി" എന്ന പ്രസ്ഥാനമാണ് പുസ്തകങ്ങൾക്കു പകരം മനുഷ്യനെ കടംകൊടുത്ത് ആയിരക്കണക്കിനു 'വായനക്കാരെ" അത്ഭുതപ്പെടുത്തുന്നത്.
Stop the violence ക്യാമ്പയിന്റെ ഭാഗമായി ഡാനിഷ് മനുഷ്യാവകാശ പ്രവർത്തകനും പത്രപ്രവർത്തകനുമായ റോണി ആബെർഗെലും അദ്ദേഹത്തിന്റെ സഹോദരൻ ഡാനി ആബെർഗെലും സഹപ്രവർത്തകരായ അസ്മ മൗന, ക്രിസ്റ്റഫർ എറിക്സെൻ എന്നിവരും ചേർന്നാണ് ഹ്യൂമൻ ലൈബ്രറി എന്ന ആശയത്തിന് രൂപം നല്കിയത്. അക്രമ സംഭവങ്ങൾക്കെതിരെ സാമൂഹിക പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വിശാലമായ ഈ സങ്കല്പത്തിന്റെ പിറവി.
ഹ്യൂമൻ ലൈബ്രറിയിലെ ഓരോ മനുഷ്യപുസ്തകവും വിവിധങ്ങളായ ജീവിതമാണ്. സാധാരണ ലൈബ്രറിയുടെ ഘടനയെ മാതൃകയാക്കിത്തന്നെയാണ് ഹ്യൂമൻ ലൈബ്രറിയും പ്രവർത്തിക്കുന്നത്. ഇവിടെ പുസ്കങ്ങൾക്കു പകരമായുളളത് മനുഷ്യർ ആണെന്നു മാത്രം. ലൈബ്രറിക്കകത്ത് ഇരിപ്പിടത്തിനു മുന്നിലായി ആ ഓരോ വ്യക്തിയും അനുഭവിച്ച ജീവിതങ്ങളുടെ ലഘുവിവരണങ്ങളുണ്ടാകും. ലൈംഗിക തൊഴിലാളികൾ, എയ്ഡ്സ് രോഗികൾ, പ്രണയ പരാജയം നേരിട്ടവർ, ആത്മഹത്യാ ശ്രമങ്ങളെ അതിജീവിച്ചവർ, അനാഥർ, അഭയാർഥികൾ... നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങളിലൂടെ കടന്നുപോയ നിരവധി മനുഷ്യർ!
ഇവരുടെയെല്ലാം ജീവിതാനുഭവങ്ങൾ നേരിട്ട് കേൾക്കാൻ ലൈബ്രറിയിലെത്തുന്ന വായനക്കാരന് അവസരം ലഭിക്കുന്നു. സമൂഹം തങ്ങളുടെ മുൻധാരണകളുടെ അളവുകോലുകൾകൊണ്ട് അരികുവൽക്കരിച്ച മനുഷ്യരാണ് ഇത്തരം ലൈബ്രറികളിൽ പുസ്തകങ്ങളാകുന്നത്. അവരോട് സംസാരിക്കുന്നതിലൂടെ, ഭാവനയുടെ അതിപ്രസരമില്ലാത്ത ജീവിതത്തിന്റെ മറ്റൊരു മുഖം സ്വാഭാവികതോയോടെ അനുഭവിച്ചറിയാൻ വായനക്കാരന് സാധിക്കുന്നു. 20- 30 മിനിറ്റ് വരെ 'കടമെടുത്ത മനുഷ്യനു"മായി മുൻധാരണകളില്ലാതെ നിങ്ങൾക്ക് സംവദിക്കാം.
രണ്ടായിരത്തിൽ ഡെന്മാർക്കിലെ റോസ്കിൽഡെ ഫെസ്റ്റിവലിൽ വെച്ചാണ് ആദ്യത്തെ ഹ്യൂമൻ ലൈബ്രറി പരിപാടി സംഘടിപ്പിച്ചത്. നാല് ദിവസത്തേക്ക് എട്ടു മണിക്കൂർ വീതം തുറന്നുപ്രവർത്തിച്ച ഈ പരിപാടിയിൽ അമ്പതിലധികം വ്യത്യസ്ത 'പുസ്തകങ്ങൾ" (ജീവിതാനുഭവങ്ങളുള്ള മനുഷ്യർ) പങ്കെടുത്തു. ആയിരത്തിലധികം വായനക്കാർ ഈ സംരംഭത്തിൽ പങ്കെടുത്തപ്പോൾ ചെറുത്തുനിൽപ്പിന്റെ പുതിയ വഴിയാണ് ലോകം കണ്ടത്. ഇന്ന് ആറ് ഭൂഖണ്ഡങ്ങളിലായി എൺപത്തിയഞ്ചിലധികം രാജ്യങ്ങളിൽ സജീവമായ ഈ ആശയം ആയിരക്കണക്കിന് മനുഷ്യരുടെ സുഖദുഃഖങ്ങൾക്കൊപ്പം നിൽക്കുന്നു.
മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് ഇന്ത്യയിലെ ആദ്യ ഹ്യൂമൻ ലൈബ്രറി ആരംഭിച്ചത്. തുടർന്ന് ഹൈദരാബാദ്, മുംബയ്, ഡൽഹി, ഗുഡ്ഗാവ്, കൊൽക്കത്ത, പുനെ, ഭുവനേശ്വർ, ചെന്നൈ, ബംഗളൂരു, റോഹ്തക്, ചണ്ഡീഗഢ്, സൂററ്റ്, ഗുരുഗ്രാം തുടങ്ങിയ മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും 'മനുഷ്യ പുസ്തകങ്ങളുടെ ലൈബ്രറി" എത്തി. ഹൈദരാബാദിൽ ഒരു കൂട്ടം വിദ്യാർത്ഥികളാണ് ഹ്യൂമൻ ലൈബ്രറി പ്രസ്ഥാനത്തിന് ചുക്കാൻ പിടിച്ചത്. ലോകത്ത് ആദ്യമായി സ്ഥിം ഹ്യൂമൻ ലൈബ്രറിക്ക് രൂപം നൽകിയത് ആസ്ട്രേലിയയാണ്.
ആധുനിക സമൂഹവും സാങ്കേതിക വിദ്യകളും നമുക്ക് എല്ലാ സുഖസൗകര്യങ്ങളും നൽകുന്നു; മാനസിക സൗഖ്യം ഒഴികെ. ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ റിപ്പോർട്ട് അനുസരിച്ച് ലോകത്ത് ഓരോ വർഷവും 7,20,000- ത്തിൽ അധികം ആളുകൾ ആത്മഹത്യയിൽ അഭയം തേടുന്നുണ്ട്. ഉള്ളിലുള്ള ചിന്തകളെക്കുറിച്ചും വികാരങ്ങളെക്കുറിച്ചും മറച്ചുവയ്പുകളില്ലാതെ സംസാരിക്കാൻ ഇടം കിട്ടാതെ വരുമ്പോഴാണ് പലരും സ്വയം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്നത്. ആ വേദനകൾ മുൻവിധികളില്ലാതെ കേൾക്കാൻ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവരിൽ എത്രയോ പേർ ഇന്നും നമുക്കു ചുറ്റും ജീവിച്ചിരിക്കുമായിരുന്നു!
ജീവിതത്തിന്റെ ചില നേരത്തെ അസംബന്ധങ്ങളിൽ മനുഷ്യൻ തണുത്തു പോകുമ്പോൾ ചുടുചായ നീട്ടി ആരെങ്കിലും വരും എന്നൊരു പ്രതീക്ഷയാണ് ഓരോ ഹ്യൂമൻ ലൈബ്രറിയും പങ്കുവയ്ക്കുന്നത്. ഏതു ബന്ധത്തിലും വ്യക്തികൾ ആഗ്രഹിക്കുന്നത് മുൻവിധികളില്ലാതെ കേൾക്കാൻ കഴിയുന്ന രണ്ടു ചെവികളെയാണ്! മനുഷ്യനെ വിധിക്കാതിരിക്കുക എന്ന ബോധത്തിലേക്കോ പക്വതയിലേക്കോ നമ്മൾ ഇതുവരെയും എത്തിയിട്ടില്ല. നെഞ്ചിൽ ചുമക്കുന്നത് കേൾക്കാനും പറയാനും പങ്കുവയ്ക്കാനും ആളില്ലാത്തതിന്റെ പേരിൽ ഒരാൾ ആത്മഹത്യ ചെയ്യാതിരിക്കാൻ വേണ്ടിയെങ്കിലും ഇത്തരം സംരംഭങ്ങളെ നമ്മൾ ചേർത്തുനിറുത്തണം. സ്നേഹശു ശ്രൂഷകളിൽ തീരുന്ന നോവിന്, പകരം മരുന്നു നൽകി പരിചരിക്കാൻ ശ്രമിച്ചാൽ തോറ്റുപോവുകയേയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |