രേവതി പിള്ളയെ തേടി വന്ന ഓണം ബമ്പറാണ് 'ഓടും കുതിര ചാടും കുതിര".മലയാള സിനിമയിൽ അഭിനയിക്കാൻ വർഷങ്ങൾ നീണ്ട കാത്തിരിപ്പും ശ്രമവും നടത്തി നിരാശ തോന്നിയ നിമിഷത്തിൽ തേടി വന്ന അവസരം. ഇന്ത്യൻ പശ്ചാത്തലത്തിൽ ഇറങ്ങിയ ടീനേജ് സീരിസുകളിൽ ഏറെ കാഴ്ചക്കാരെ സ്വന്തമാക്കിയ 'കോട്ട ഫാക്ടറി"യിലും നിരവധി പരസ്യ ചിത്രങ്ങളിലും തിളങ്ങിയ രേവതി പിള്ള മലയാളി എന്ന് അധികം പേരും അറിഞ്ഞില്ല. ഫഹദ് ഫാസിൽ നായകനായി അൽത്താഫ് സലിം സംവിധാനം ചെയ്ത 'ഒാടും കുതിര ചാടും കുതിര"യിൽ കല്യാണി പ്രിയദർശനൊപ്പം നായികയായി നിറഞ്ഞു നിൽക്കുന്ന രേവതി പിള്ള സംസാരിക്കുന്നു.
മടിയിൽ എത്തിയ സിനിമ
ഒരു ദിവസം സിനിമാ നടിയാകുമെന്നും അത് കരിയറായി മാറുമെന്നും കരുതിയതേയില്ല. ഓട്ടോ മൊബൈൽ എൻജിനീയറിംഗ് പഠിക്കാൻ ആഗ്രഹിച്ചു അതിന് ശ്രമം നടത്തുന്ന സമയത്ത് വന്ന ഓഡിഷൻ പങ്കെടുത്തു. അപ്പോഴും ഇഷ്ടം തോന്നിയില്ല. ഷാമ്പുവിന്റെ പരസ്യചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി ആദ്യമായി എന്റെ മുഖം തെളിഞ്ഞു. അതിനുശേഷം നിരവധി പരസ്യ ചിത്രങ്ങൾ . ഒരുവർഷം കഴിഞ്ഞ് ഇഷ്ടം തോന്നി തുടങ്ങിയപ്പോൾ കരിയറായി മാറ്റണമെന്ന് ആഗ്രഹിച്ചു. വെബ് സീരിസുകളും പരസ്യ ചിത്രങ്ങളും ചെയ്തപ്പോൾ അടുത്തപടി സിനിമയാകണമെന്ന് വിചാരിച്ചു. എന്നാൽ ഹിന്ദി സിനിമയിൽ നിന്ന് കാര്യമായ അവസരം ലഭിച്ചില്ല. ആ സമയത്ത് ഒരു മാലാഖയെ പോലെ ജീവിതത്തിലേക്ക് വന്നു അൽത്താഫ് സലിം മടിയിൽ തന്ന കഥാപാത്രമാണ് രേവതി. എന്റെ പേരുതന്നെ കഥാപാത്രത്തിനും വന്നത് യാദൃശ്ചികമാകാം. ഫഹദ് ഫാസിൽ നായകനായ വലിയ സിനിമയിൽ ആദ്യമായി ചുവടുവപ്പ് നടത്താൻ കഴിയുമെന്ന്എന്റെ സ്വപ്നങ്ങളിലൊന്നുമില്ലാത്ത കാര്യമായിരുന്നു.
ഒന്നും വർക്കൗട്ട് ആയില്ല
പതിമൂന്ന് വർഷമായി കരിയർ തുടങ്ങിയിട്ട്. മലയാള സിനിമയിൽ അഭിനയിക്കാൻ ഒരുപാട് ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. യുട്യൂബ് ചാനൽ വഴി അവസരം വരുമെന്ന് കരുതി. അതും വർക്കൗട്ട് ആയില്ല. അഞ്ചുവർഷം മുൻപ് അവസരം വന്നെങ്കിലും കഥാപാത്രത്തിന് പക്വത ഉണ്ടെന്ന കാരണം കൊണ്ട് അതും നടന്നില്ല. ക്ഷമയോടെ കാത്തിരിക്കുമ്പോഴാണ് മൂന്നുവർഷംമുൻപ് അൽത്താഫിന്റെ മെസേഞ്ച് വരുന്നത്. ആ സമയത്ത് 'പാച്ചുവും അത്ഭുതവിളക്കും "ഷൂട്ട് നടക്കുകയാണ്. മുംബയിൽ പാച്ചുവിന്റെ ലൊക്കേഷനിൽ പോയി അൽത്താഫിനെ കണ്ടു. പിന്നെ എല്ലാം സാവധാനം സംഭവിച്ച കാര്യങ്ങൾ. ഹിന്ദിയിൽ അഭിനയിക്കുമ്പോഴും മലയാള സിനിമയുടെ ഭാഗമാകാനാണ് ആഗ്രഹിച്ചത്. പഠനം കഴിഞ്ഞ് സിനിമയിൽ വരാൻ അച്ഛനും അമ്മയും ഉപദേശിച്ചു. ആ തീരുമാനം നല്ലതായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. അഭിനയം എന്റെ കരിയറായി കാണാൻ അച്ഛന് തുടക്കത്തിൽ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. മലയാളത്തിൽ ഞാൻ അഭിനയിക്കുന്നത് കാണാൻ അച്ഛൻ ഏറെ ആഗ്രഹിച്ചു.മലയാള സിനിമയിൽ ആരേയും പരിചയമില്ലായിരുന്നിട്ടും അച്ഛൻ പോലും ശ്രമം നടത്തി. അച്ഛനും നാടക പ്രവർത്തകനായിരുന്ന മുത്തച്ഛനുമാണ് എന്റെ സിനിമ സമർപ്പിക്കുന്നത്. അൽത്താഫിനോട് എത്ര നന്ദി പറഞ്ഞാലും അത് കുറവായിരിക്കും.
തടി കുറച്ചു തുടങ്ങി
ഭാഷ കുറച്ചു പ്രശ്നമായിരുന്നു. ജനിച്ചതും വളർന്നതും എല്ലാം മുംബയിൽ. ഇംഗ്ളീഷും ഹിന്ദിയും മറാത്തിയും സംസാരിക്കുന്നതുപോലെ മലയാളം വഴങ്ങില്ല. അടുത്ത ദിവസത്തെ സീൻ തലേന്ന് വാട് ആപ്പിൽ അയച്ചു തന്നു. ഷൂട്ട് ചെയ്യുന്ന സമയത്ത് ശരിയായ ഉച്ചാരണത്തിൽ പറയാൻ കഴിയുമോ എന്ന ആശങ്കയിൽ എന്റെ പ്രകടനം മോശമാകും എന്ന് പേടിച്ചു. എനിക്ക് ഉച്ചരിക്കാൻ വേണ്ടി അൽത്താഫ് പല ഡയലോഗും മാറ്റി. വലിയ വാക്കുകൾ ചുരുക്കി തന്നു. എന്റെ സ്ക്രിപ്ട് മംഗ്ളീഷിലായിരുന്നു. അതും സഹായിച്ചിട്ടുണ്ട്.ഫഹദും ധ്യാനും ലാലും എല്ലാം സഹായിച്ചു.
കല്യാണിയോടൊപ്പം രണ്ട് നായികമാരിൽ ഒരാളായി വരാൻ കഴിഞ്ഞത് ഭാഗ്യം ആണെന്ന് കരുതുന്നു.തടി കൂട്ടണമെന്ന് അൽത്താഫ് ആദ്യമേ പറഞ്ഞിരുന്നു.ഏഴു കിലോ ഗ്രാം കൂടിയപ്പോൾ തന്നെ നല്ല തടി തോന്നിപ്പിക്കുന്ന ശരീര പ്രകൃതത്തിലേക്ക് എത്തി. ഒാടും കുതിരയുടെ ഷൂട്ടിനിടെ വേറൊരു സിനിമ ചെയ്യാനുണ്ടായിരുന്നു .അപ്പോൾ വീണ്ടും 12 കിലോ കുറച്ചു. വീണ്ടും ഈ സിനിമയ്ക്ക് വേണ്ടി തടി കൂട്ടി. തടി കൂടിയത് വല്ല അസുഖം കാരണമാണോ എന്ന് ചോദിച്ചവരുണ്ട്. വെയ്റ്റ് ലോസ് യാത്ര തുടങ്ങി. എന്നാൽ ക്യാമറയുടെ മുൻപിലും പിൻപിലും രേവതിയുടെ ജീവിതം ഒരേപോലെയായിരുന്നു. ഞാനും ഫുഡി ആണ്.
വീട്ടിലുണ്ട് രേവതി !
അമ്മ കിൻഡൻ ഗാർട്ടൻ ടീച്ചറാണ്. രേവതി എന്ന കഥാപാത്രമായി വന്നപ്പോൾ അമ്മയുടെ വേഷവിധാനവും കുട്ടികളോട് സംസാരിക്കുന്ന രീതിയും എല്ലാം സഹായിച്ചിട്ടുണ്ട്. ലൊക്കേഷനിൽ എല്ലാവരുംഎന്നെ നോർത്ത് ഇന്ത്യക്കാരിയായി കണ്ടു. മുംബയിൽ ആണ് ജീവിക്കുന്നതെങ്കിലും മലയാളം കുഴപ്പമില്ലാതെ സംസാരിക്കുമെന്ന് അറിഞ്ഞപ്പോൾ എല്ലാവരും സൗഹൃദം തുടങ്ങി.കല്യാണി അവതരിപ്പിച്ച നിധി പകുതി നോർത്ത് ഇന്ത്യക്കാരിയായതിനാൽ ആ കഥാപാത്രമായിരിക്കും എന്റേത് കരുതി. സിനിമയിൽ അഭിനയിക്കാൻ എനിക്ക് ലുക്ക് ഇല്ല എന്ന് മുൻപ് കേട്ടതാണ്. ആ ചിന്താഗതി എല്ലാം മാറിയത് നല്ല സൂചനയായി കാണുന്നു. അതിന്റെ തുടക്കമായിരിക്കും ഇത്. കായംകുളം ആണ് നാട്. അച്ഛൻ മനോജ് പിള്ള. ബിസിനസ് ചെയ്യുന്നു. അമ്മ ഷീജ. മുംബയിൽ വലിയ ബന്ധുബലമാണ്. എന്റെ സ്വപ്നം കണ്ടവരാണ് അവരും. സിനിമ കണ്ട് അവർ കരഞ്ഞു. അത് നേരിൽ കണ്ട് ഞാൻ. എന്റെ കണ്ണും നിറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |