കൽപ്പറ്റ: മഴമാറി,മാനം തെളിഞ്ഞു.കൽപ്പറ്റ നഗരത്തിലെ എൽസ്റ്റൺ എസ്റ്റേറ്റിന്റെ മുഖവും മാറുന്നു.നഗരത്തോട് ചേർന്ന തേയിലത്തോട്ടം വിപ്ളവകരമായ ഒരു മാറ്റത്തിനുളള തയ്യാറെടുപ്പിലാണ്. ഇവിടം വലിയൊരു ടൗൺഷിപ്പാവുകയാണ്.ഉരുൾ ദുരിതബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പ് നിർമ്മാണത്തിനായി 350 ഓളം തൊഴിലാളികൾ രാവുംപകലും ജോലി ചെയ്യുന്നു.
മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിൽ ഒരമ്മ പെറ്റ മക്കളെപ്പോലെ കഴിഞ്ഞ ജനതയെ ഉരുൾ ദുരന്തം തത്കാലത്തേക്ക് അകറ്റി.ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പറിച്ച് നടപ്പെട്ട ജനതയുടെ പുനരധിവാസത്തിന്റെ ഭാഗമായി അഞ്ച്സോണുകളിലായി 45 ഹെക്ടറിലാണ് ഇപ്പോൾ പണി നടക്കുന്നത്.410വീടുകളാണ് വേണ്ടത്.മൊത്തം 200 ഓളം വീടുകളുടെ പ്രവൃത്തി ആരംഭിച്ചു.ഹിറ്റാച്ചി അടക്കം ഇരുപതോളം യന്ത്രസാമഗ്രികൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു.
ഡിസംബർ 31നകം നാന്നൂറോളം വീടുകൾ നിർമ്മിക്കുകയാണ് ലക്ഷ്യം. ഷിഫ്റ്റ് അടിസ്ഥാനത്തിൽ അഞ്ച് സോണുകളിൽ പ്രവൃത്തി പുരോഗമിക്കുന്നു.മാതൃകാ വീട് ഉൾപ്പെടെ ഏഴ് വീടുകളുടെ വാർപ്പ് കഴിഞ്ഞ ദിവസം നടന്നു. 262 വീടിന് നിലമൊരുക്കിയിട്ടുണ്ട്. 114വീടിന് അടിത്തറയൊരുക്കാൻ കുഴിയെടുത്ത് മണ്ണ് പരിശോധന പൂർത്തിയായി. നാൽപ്പത് വീടിന് അടിത്തറയായി. 35 വീടിന് പില്ലറും ഉയർന്നു. ഇവിടേക്കുളള 11.72 കിലോമീറ്ററുളള റോഡ് നിർമ്മാണവും നടക്കുന്നുണ്ട്. കെ.എസ്. ഇ.ബി ഏറ്റെടുത്ത ഭൂമിയിൽ 110കെ.വി സബ് സ്റ്റേഷൻ നിർമ്മാണവും തുടങ്ങി.ഒന്നാമത്തെ സോണിൽ പ്രധാന കവാടത്തിന് ചേർന്ന് 2.34ഏക്കർ ഭൂമിയാണ് കെ.എസ്.ഇ.ബിക്ക് കൈമാറിയത്. ഉരുൾ പുനരധിവാസത്തിന്റെ ഭാഗമായി 52.12 കോടി രൂപയുടെ പദ്ധതിയാണ് കെ.എസ്.ഇ.ബി ടൗൺഷിപ്പിലും ചൂരൽമലയിലുമായി നടപ്പിലാക്കുന്നത്.സബ് സ്റ്റേഷനിൽ 12.5 എം.വി.എയുടെ രണ്ട് ട്രാൻസ്ഫോർമറുകളുണ്ടാകും. ടൗൺഷിപ്പിന് പുറത്തേക്കും വൈദ്യുതി വിതരണം ചെയ്യും.ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് ടൗൺഷിപ്പ് നിർമ്മാണച്ചുമതല.
#രണ്ടുമൂന്നു മാസം മഴയായതാണ് തടസമായത്. കാലാവസ്ഥ അനുകൂലമായതോടെ ഇപ്പോൾ പ്രവൃത്തികൾക്ക് ആക്കം കൂടിയിട്ടുണ്ട്.നിശ്ചിത തീയതിക്ക് മുമ്പുതന്നെ വീടുകളുടെ പണി പൂർത്തീകരിക്കും. ''
മുഹമ്മദ് ഷമീം
സീനിയർ പ്രോജക്ട് എൻജിനിയർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |