സുൽത്താൻ ബത്തേരി: രാഷ്ട്രീയത്തിലെ തരികിടപ്പണി തനിക്ക് ഇഷ്ടമല്ലെന്ന ആമുഖത്തോടെ പാർട്ടി നേതൃത്വത്തെ തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള ഫോൺസംഭാഷണം വിവാദമായി. ഇതിന്റെ ഓഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. പാർട്ടി നേതാക്കൾ കാരണം മുൻ ഡി.സി.സി ട്രഷറർ എൻ.എം.വിജയന്റെ കുടുംബത്തിനുണ്ടായ ബാദ്ധ്യത തീർക്കുന്നതുമായി ബന്ധപ്പെട്ട കരാർ പാലിക്കാത്തതിനെതിരെ വിജയന്റെ മകനും മരുമകളും തിരുവഞ്ചൂരുമായി നടത്തിയ ഫോൺ സംഭാഷണം എന്നതരത്തിലാണ് പ്രചരിക്കുന്നതെങ്കിലും ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചിട്ടില്ല .എൻ.എം.
വിജയന്റെ കുടുബമാണ് ഇത് പുറത്ത് വിട്ടത്.
'സണ്ണി ജോസഫ് സാറിനെ വിളിച്ച് കാര്യം പറയൂ 'എന്ന് വിജയന്റെ മകൻ തിരുവഞ്ചൂരിനോട് പറയുന്നു. അതിന് മറുപടിയായിട്ടാണ് തിരുവഞ്ചൂർ പ്രതികരിക്കുന്നത്.
'ഒരു കാര്യം പറയാം. പാർട്ടി നേതൃത്വത്തിന്റെ ഒളിച്ചുകളി എനിക്കിഷ്ടമല്ല. രാഷ്ട്രീയത്തിലെ തരികിടപ്പണി എനിക്കിഷ്ടമല്ല. പറഞ്ഞ വാക്കിന് വിലയുണ്ടാകണം. പറയുന്ന കാര്യത്തിൽ നിശ്ചയം വേണം. ഒരാൾ പരാതി പറഞ്ഞാൽ കേൾക്കണം. നമ്മൾ പറയുന്നത് ഇഷ്ടമല്ല. പിന്നെ എന്തിനാണ് ഞാൻ പറയുന്നത്.'
സമിതിയിൽ സാറും ഉണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിന് സമിതിയിലൊക്കെയുണ്ട്' എന്ന് മറുപടി. 'എന്തെങ്കിലും വീഴ്ചയുണ്ടായാൽ വിളിച്ച് ശാന്തമായി സംസാരിക്കുകയാണ് വേണ്ടത്. ഇത് കൊടുക്കാമെന്ന് പറഞ്ഞ തുകയാണ്. ഇത് നടപ്പാകാതെ വന്നതോടെ അവിടെ തന്നെ പോയി. കൊടുക്കാൻ തീരുമാനിച്ച തുക കൊടുക്കണം. നാട്ടുകാരുടെ കണ്ണീര് കാണാൻ ഞാനില്ല. സെറ്റിൽമെന്റ് കൃത്യമായി പാലിക്കുകയാണ് വേണ്ടത്. എല്ലാം പരിഹരിക്കാമെന്ന് ടി.സിദ്ദിഖും എ.പി.അനിൽകുമാറും പറഞ്ഞിരുന്നു.'
എഗ്രിമെന്റ് കോപ്പിയുടെ ഫോട്ടോ കോപ്പി എന്തു കൊണ്ട് എടുത്തില്ലെന്ന തിരുവഞ്ചൂരിന്റെ ചോദ്യത്തിന് മറുപടിയായി വിജയന്റെ മരുമകൾ പറയുന്നത്, ഫോട്ടോ കോപ്പി എടുക്കരുതെന്ന് ടി.സിദ്ദിഖ് പറഞ്ഞിരുന്നു എന്നാണ്. സിദ്ദീഖ് പറഞ്ഞ എന്തെങ്കിലും കാര്യം നടന്നിട്ടുണ്ടോയെന്ന്
തിരുവഞ്ചൂർ പറയുന്നതായാണ് ശബ്ദ സന്ദേശത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |