ലോകപ്രശസ്‌തമായ കാനന ക്ഷേത്രമാണ് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്രം. പത്തനംതിട്ട ജില്ലയിൽ സ്ഥിതിചെയ്യുന്ന ശബരിമല ക്ഷേത്രത്തിന് അടുത്തായിത്തന്നെ പിന്നെയും ചില കാനന ക്ഷേത്രങ്ങളുണ്ടെന്നത് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല.അത്തരത്തിൽപെട്ട ഒരു മഹാദേവ ക്ഷേത്രമാണ് കാക്കരക്കുടി ശ്രീമഹാദേവ ക്ഷേത്രം.
പത്തനംതിട്ടയിലെ പ്രധാന പട്ടണമായ കോന്നിയിൽ നിന്നും തണ്ണിത്തോട് പോകുന്ന വഴി അതുവാംകുളത്ത് നിന്നും വലത്തേക്ക് ഏകദേശം നാല് കിലോമീറ്റർ സഞ്ചരിച്ചാൽ ആവോലിക്കുടിയിലെ ഈ ക്ഷേത്രത്തിന് മുന്നിലെ വലിയ മൈതാനത്തിലെത്താം. എല്ലാ വാഹനങ്ങളും പോകുന്ന ചെറിയ വഴിയാണ്. എന്നാൽ ഭക്തർക്ക് ഏത് സമയവും എത്താവുന്ന വഴിയല്ല ഇത്.
പകൽ സമയം മാത്രമേ ഭക്തരെ അനുവദിക്കൂ. ക്ഷേത്രവുമായി ചേർന്ന് പലഭാഗങ്ങളും വനംവകുപ്പിന്റെ കീഴിലാണ്. കാരണം ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശം കൊടുംകാടാണ് എന്നതുതന്നെ. കോന്നി വനത്തിനുള്ളിൽ സമുദ്ര നിരപ്പിൽ നിന്ന് 1500 മീറ്റർ ഉയരത്തിലാണ് ക്ഷേത്രമുള്ളത്. ശിവനാണ് പ്രധാന പ്രതിഷ്‌ഠ.
പന്തളം രാജകുടുംബവുമായും ഈ ക്ഷേത്രത്തിന് ബന്ധമുണ്ട്. കാരണം ആദ്യകാലത്ത് രാജകുടുംബം താമസിച്ചിരുന്നത് കോന്നിയിലായിരുന്നു. ശിവഭക്തരായ അവർ കോന്നിയിൽ മുരിങ്ങമംഗലം ശിവക്ഷേത്രം സ്ഥാപിച്ചു. ഇതിനടുത്ത് തന്നെ വീണ്ടും ശിവക്ഷേത്രങ്ങൾ ഇവർ നിർമ്മിച്ചു. വനത്തിനുള്ളിലുള്ള ആലുവാംകുടി ശിവക്ഷേത്രം അത്തരത്തിൽ ഒന്നാണ്. മലയാളമാസം ഒന്നാംതീയതി മാത്രമാണ് ആലുവാംകുടി ക്ഷേത്രത്തിൽ ആരാധന ഉള്ളത്. മുരിങ്ങമംഗലം ക്ഷേത്രത്തിന്റെ ഭരണത്തിൻകീഴിൽ വരുന്നൊരു ക്ഷേത്രമാണിത്.
ക്ഷേത്രം സ്ഥിതിചെയ്യുന്ന ചുറ്റുപാടുകളിൽ തന്നെ ആനയും കാട്ടുപോത്തുകളും കരടിയുമടക്കം വന്യജീവികളുള്ളതിന്റെ എല്ലാ സൂചനകളും നമുക്ക് കാണാനാകും. മാസത്തിൽ രണ്ട് ഞായറാഴ്‌ചകളും ശിവരാത്രിയടക്കം വിശേഷ ദിവസങ്ങളും മാത്രമാണ് ക്ഷേത്രം തുറന്ന് പൂജയുള്ളത്. അതിനാൽ ക്ഷേത്രത്തിലെത്തുന്നവർ ഇക്കാര്യം അറിഞ്ഞ് എത്തുകയാണ് വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |