അജിത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തു. ഇളയരാജയുടെ ഹർജിയിൽ മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്നാണ് നടപടി. പകർപ്പവകാശ ലംഘനം ചൂണ്ടികാണിച്ച് ഇളയരാജ നൽകിയ ഹർജിയിൽ ഒടിടി അടക്കമുളള സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ നിന്ന് ചിത്രത്തിന്റെ പ്രദർശനം കോടതി വിലക്കുകയായിരുന്നു. തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ കോടതിയെ സമീപിച്ചത്.
പകർപ്പവകാശം ലംഘിച്ചെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിലെ ഗാനത്തിന്റെ പകർപ്പവകാശം കൈവശം വച്ചിരിക്കുന്നവരിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നായിരുന്നു സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് പറഞ്ഞത്. 'ഒത്ത റൂബ താരേൻ', 'ഇളമൈ ഇദോ ഇദോ', 'എൻ ജോഡി മഞ്ച കുരുവി' എന്നീ ഗാനങ്ങളായിരുന്നു ‘ഗുഡ് ബാഡ് അഗ്ലി’യിൽ ഉപയോഗിച്ചത്. ഗാനങ്ങളെല്ലാം വലിയ ജനസ്വീകാര്യത നേടുകയും ചെയ്‌തു. തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് നേരത്തെയും ഇളയരാജ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ‘മഞ്ഞുമ്മൽബോയ്‌സിൽ തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് ഇളയരാജ നിയമനടപടി സ്വീകരിച്ചിരുന്നതും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |