44-ാം ചരമവാർഷികം കേരളകൗമുദിയിൽ ആചരിച്ചു
തിരുവനന്തപുരം: നിലപാടുകളിലെ ഉറപ്പും വാർത്തകളിലെ സത്യസന്ധതയും കൊണ്ട് മാദ്ധ്യമരംഗത്ത് ചരിത്രദീപമായി വിളങ്ങുന്ന പത്രാധിപർ കെ.സുകുമാരന്റെ ഓർമ്മകൾക്കുമുന്നിൽ പ്രണാമം. പത്രാധിപരുടെ 44-ാം ചരമവാർഷികദിനമായ ഇന്നലെ സമൂഹത്തിലെ നാനാതുറകളിലുള്ളവരും കുടുംബാംഗങ്ങളും കേരളകൗമുദി ജീവനക്കാരും അദ്ദേഹത്തിന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി. കേരളകൗമുദി നോൺ ജേർണലിസ്റ്റ് അസോസിയേഷൻ കേരളകൗമുദി അങ്കണത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
സത്യസന്ധമായി വാർത്തകൾ നൽകുന്നതിനാണ് കേരളകൗമുദിയുടെ സ്ഥാപക പത്രാധിപരായ കെ.സുകുമാരൻ എന്നും ശ്രദ്ധിച്ചിരുന്നതെന്ന് ബാലഗോപാൽ അനുസ്മരിച്ചു.
മാദ്ധ്യമങ്ങൾ സമൂഹത്തിന്റെ അടിസ്ഥാന സ്തംഭങ്ങളാണെന്നും കേരളത്തിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്നായി കേരളകൗമുദിയെ പത്രാധിപർ മാറ്റിയെടുത്തെന്നും മുഖ്യപ്രഭാഷണം നടത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ്ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. പത്രാധിപർ മുന്നോട്ടുവച്ച മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കേരളകൗമുദി ഇന്നും മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
സത്യസന്ധമായ വാർത്തകൾക്കു പകരം സെൻസേഷണൽ വാർത്തകൾ ചമച്ചുകൂട്ടുന്ന പ്രവണത മാദ്ധ്യമമേഖലയിൽ കൂടിവരുന്നു. പത്രാധിപരെ അറിയാവുന്നവർക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണിതെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത യു.ഡി.എഫ് കൺവീനർ അടൂർപ്രകാശ് എം.പി പറഞ്ഞു.
കേരള കൗമുദി നോൺ ജേർണലിസ്റ്ര് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്.സാബു അദ്ധ്യക്ഷത വഹിച്ചു. രാജധാനി ഗ്രൂപ്പ് ചെയർമാൻ ഡോ. ബിജുരമേശ്, രത്നകലാ ഗ്രൂപ്പ് ചെയർമാൻ രത്നാകരൻ എന്നിവർക്ക് വ്യാവസായിക മേഖലയിലെ മികവിനുള്ള പത്രാധിപർ പുരസ്കാരം നൽകി കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി ആദരിച്ചു. യൂണിയൻ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച കൊല്ലം യൂണിറ്റിലെ പ്രൊഡക്ഷൻ സെക്ഷൻ പ്രസ് ഇൻചാർജ് വിജയന്റെ മകൾ എം.വി. വിദ്യയ്ക്കും പ്ളസ് ടു പരീക്ഷയിൽ കൂടുതൽ മാർക്കുവാങ്ങി വിജയിച്ച തിരുവനന്തപുരം യൂണിറ്റ് സർക്കുലേഷനിലെ ആർ.വിജുകുമാറിന്റെ മകൻ വി.കെ.വിശ്വജിത്തിനും മന്ത്രി കെ.എൻ.ബാലഗോപാൽ പത്രാധിപർ സ്മാരക അവാർഡുകൾ നൽകി. മെമന്റോയും ക്യാഷ് അവാർഡുമാണ് നൽകിയത്. തിരുവനന്തപുരം ജില്ലയിലെ മികച്ച പ്രാദേശിക ലേഖകനുള്ള പത്രാധിപർ പുരസ്കാരം മലയിൻകീഴ് ലേഖകൻ ടി.എസ്.ചന്ദ്രൻ മന്ത്രി കെ.എൻ.ബാലഗോപാലിൽ നിന്ന് ഏറ്റുവാങ്ങി. അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ സ്വാഗതവും വർക്കിംഗ് പ്രസിഡന്റ് എസ്.ആർ.അനിൽകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |