തിരുവനന്തപുരം: നിത്യോപയോഗ സാധന വില റോക്കറ്റു പോലെയെന്ന് പ്രതിപക്ഷം. ഇല്ലാത്ത കാര്യം തങ്ങളുടെ വീട്ടുകാരോട് പറഞ്ഞാൽ അവർ പോലും പുച്ഛിക്കുമെന്ന് ഭരണപക്ഷം. അവശ്യ വസ്തുക്കളുടെ വിലവർദ്ധനയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയാണ് വാദപ്രതിവാദമുണ്ടായത്.
രൂക്ഷമായ വിലക്കയറ്റം സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കി. ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള വിലക്കയറ്റത്തോത് എട്ടു മാസമായി ഉയർന്നാണെന്നും പ്രതിപക്ഷം ആരോപിച്ചു. വിലകയറ്റമെന്നത് പ്രതിപക്ഷത്തിന്റെ സാങ്കല്പിക കഥ മാത്രമാണ്. ഓണക്കാലത്ത് 56 ലക്ഷം പേരാണ് സപ്ലൈകോയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങിയതെന്നും ഭരണപക്ഷം തിരിച്ചടിച്ചു.
പി.സി.വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെയായിരുന്നു ചർച്ച. മാവേലിസ്റ്റോറുകളിൽ ഓണക്കാലത്ത് 386 കോടി രൂപയുടെ വില്പന നടന്നെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. വിപണി ഇടപെടൽ ഫലപ്രദമായി നടക്കുന്നുണ്ടോ, ഓണക്കാലത്ത് 243 കോടി ആവശ്യപ്പെട്ടപ്പോൾ 150 കോടിയല്ലേ അനുവദിച്ചുള്ളൂവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. കേരളത്തിൽ ഓഗസ്റ്റിലെ വിലക്കയറ്റ തോത് 9 ആണെങ്കിൽ കർണാടകയിൽ അത് വെറും 3.8 ആണെന്ന് വിഷ്ണുനാഥ് പറഞ്ഞു. ചർച്ചയ്ക്കൊടുവിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
വിലക്കയറ്റം സാങ്കല്പിക
കഥ : മന്ത്രി അനിൽ
മാവേലിസ്റ്റോറുകളിലെ വില്പന റെക്കാഡാണ്
ഓണത്തിന് പ്രതിദിനം 25 കോടി രൂപയുടെ വില്പന നടന്നു
വിലക്കയറ്റമെന്ന് മാദ്ധ്യമങ്ങൾ പോലും പറഞ്ഞില്ല
എല്ലാ കുടുംബങ്ങൾക്കും കുറഞ്ഞ വിലയ്‌ക്ക് അരി നൽകി
വെളിച്ചെണ്ണ വില ഇനിയും കുറയ്‌ക്കും
ഏറ്റവും വിലക്കയറ്റമുള്ള
സംസ്ഥാനം : സതീശൻ
വിലക്കയറ്റം വാങ്ങൽ ശേഷി കുറയ്ക്കും
ഹോട്ടികോർപിലെ വില വിപണിയേക്കാൾ കൂടുതൽ
വിലക്കയറ്റം നിയന്ത്രിക്കാൻ മുഖ്യമന്ത്രിതല യോഗം ചേർന്നിട്ടില്ല
അവശ്യസാധന വില കൂടിയാൽ എല്ലാത്തിനും വില കൂട്ടും
നിരവധി ഹോട്ടലുകൾ വിലക്കയറ്റം കാരണം പൂട്ടി
ചർച്ചയിൽ നിറഞ്ഞ്
കേരളകൗമുദി
അടിയന്തര പ്രമേയ ചർച്ചയിൽ വി.ജോയി ഓണത്തിന് വിലക്കയറ്റമില്ലെന്ന് സ്ഥാപിച്ചത് കേരളകൗമുദി റിപ്പോർട്ടും മുഖപ്രസംഗവും ഉയർത്തിക്കാട്ടിയാണ്. 'സാധനവില താഴുന്നു, ഹാപ്പി ഓണം " എന്ന റിപ്പോർട്ടും 'സമൃദ്ധി വിളമ്പി സപ്ലൈകോ നേട്ടം" എന്ന മുഖപ്രസംഗവുമാണ് അദ്ദേഹം സഭയിൽ കാണിച്ചത്. വിലക്കയറ്റം പ്രതിരോധിക്കാൻ സർക്കാർ ഇടപെടൽ പൂർണ വിജയമെന്നാണ് ഇതു തെളിയിക്കുന്നതെന്ന് ജോയി പറഞ്ഞു. ചർച്ചയ്ക്ക് മറുപടി മറുപടി പറഞ്ഞ മന്ത്രി ജി.ആർ.അനിലും കേരളകൗമുദി മുഖപ്രസംഗം പരാമർശിച്ചു. പത്രത്തിന്റെ നയമാണ് മുഖപ്രസംഗം. ഓണം സമൃദ്ധമായി ആഘോഷിച്ചെന്ന് എഴുതിയത് സർക്കാരിനുള്ള അംഗീകാരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |