അന്തരിച്ച തമിഴ് ചലചിത്രതാരം റോബോ ശങ്കറിനെ അവസാനമായി ഒരു നോക്കുകാണാൻ ഉലകനായകനെത്തി.കമൽഹാസന്റെ കടുത്ത ആരാധകനായിരുന്നു റോബോ ശങ്കർ.വലസാരവാക്കത്തെ വസതിയിൽ റോബോയെ കാണാൻ താരമെത്തിയപ്പോൾ വൈകാരിക രംഗങ്ങൾക്കാണ് സിനിമാലോകം സാക്ഷിയായത് .വീട്ടിലെത്തിയ കമൽഹാസൻ റോബോശങ്കറിന്റെ മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു. അകാല വിയോഗത്തിൽ തകർന്നിരിക്കുന്ന കുടുംബത്തെ താരം ആശ്വസിപ്പിച്ചു.
കമൽ വീട്ടിലെത്തിയപ്പോൾ റോബോയുടെ മകൾ ഇന്ദ്രജ ശങ്കറും ഭാര്യ പ്രിയങ്കയും അതി വൈകാരികമായാണ് പ്രതികരിച്ചത് .അദ്ദേഹത്തെ കണ്ടയുടനെ ദുഃഖം അടക്കാനാവാതെ ഇന്ദ്രജ പൊട്ടിക്കരഞ്ഞു. ആരാധകരും കുടുംബാംഗങ്ങളും പൊതുജനങ്ങളും അടക്കം ആയിരക്കണക്കിന് ആളുകൾ റോബോയെ കാണാൻ അദ്ദേഹത്തിന്റെ വസതിയിൽ തടിച്ചുകൂടി.
കമൽഹാസന്റെ കൂടെ ഒരു ചിത്രം എന്ന ആഗ്രഹം ബാക്കിയാണ് റോബോയുടെ മടക്കം .കമൽഹാസൻ സിനിമകളുടെ ഫാൻസ് ഷോയിൽ ദീപവുമായി എത്തി താരത്തിന് ആദരം പറയുന്ന റോബോയുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാണ്. താരത്തിന്റെ വിയോഗത്തിൽ കമൽ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കവിത ആരുടേയും കണ്ണു നിറക്കുന്നതായിരുന്നു.
മിമിക്രി കലാകാരനായ താരം സ്റ്റേജുകളിൽ യന്ത്ര മനുഷ്യനെ അനുകരിക്കാൻ തുടങ്ങിയതോടെയാണ് റോബോ ശങ്കർ എന്ന പേരു ലഭിച്ചത്. കലക്കപോവത് യാര് എന്ന സ്റ്റാർ വിജയ് ചാനലിലെ ഹാസ്യപരിപാടിയിലൂടെയാണ് അദ്ദേഹം പ്രേക്ഷക ശ്രദ്ധ കൂടുതൽ ആർജിച്ചത്. വിജയ് സേതുപതി ചിത്രം ഇതർക്കുതനെ അസൈപ്പെട്ടൈ ബാലമുരുകയിലൂടെയാണ് സിനിമാ രംഗത്ത് പ്രവേശിപ്പിച്ചത്.പിന്നീട് വായൈ മൂടി പേശവും, ടൂറിങ് ടോക്കീസ്, മാരി തുടങ്ങിയ സിനിമകളിൽ ശ്രദ്ധയമായ വേഷംചെയ്തിരുന്നു. പ്രമുഖമായ ഒട്ടേറെ ടെലിവിഷൻ പരിപാടികളിലും വെബ് സീരിസുകളിലും അഭിനയിച്ചു.കുറച്ചുമാസങ്ങൾക്കു മുൻപ് മഞ്ഞപ്പിത്തം ബാധിച്ച് അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് അഭിനയ രംഗത്ത് സജീവമാകുന്നതിനിടെയാണ് സിനിമാമേഖലെയെത്തന്നെ തകർത്ത അപ്രതീക്ഷിത വിയോഗം. കരളിന്റെയും വൃക്കയുടേയും പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |