ഇന്ന് ലോക മാരോ ഡോണർ ഡേ...
ആലപ്പുഴ: വിവിധ രോഗങ്ങൾ ബാധിച്ച് രക്ത മൂലകോശ ദാതാവിനായി കാത്തിരിക്കുന്നത് നിരവധിപേർ. രക്തദാനംപോലെ വളരെ എളുപ്പവും സുരക്ഷിതവുമാണ് രക്തമൂലകോശ ദാനവും. സംസ്ഥാനത്ത് അടിയന്തരമായി രക്തമൂലകോശം ആവശ്യമായിരിക്കുന്നത് രണ്ടുപേർക്ക്. കോഴിക്കോട് കുറ്റ്യാടി സ്വദേശി 28കാരൻ അർജുനും കാസർകോട് തൃക്കരിപ്പൂരിലെ ഏഴുവയസുകാരി നജമറിയവും. അർജുന് പാരോക്സിസ്മൽ നോക്റ്റേണൽ ഹീമോഗ്ലോബിനൂറിയ എന്ന അവസ്ഥയും നജമറിയത്തിന് തലാസീമിയ മേജർ എന്ന അവസ്ഥയുമാണ്.
ഇവർക്കായി ബ്ലഡ് സ്റ്റെം സെൽ ഡോണേഴ്സ് രജിസ്ട്രിയായ 'ദാത്രി' വഴി ദാതാവിനെ കണ്ടെത്താൻ കോളേജുകൾ കേന്ദ്രീകരിച്ച് ക്യാമ്പയിൻ തുടങ്ങി. ലോകത്ത് 43 ലക്ഷം ദാതാക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഏഴുലക്ഷം പേർ മാത്രമാണ് സന്നദ്ധത അറിയിച്ചിട്ടുള്ളത്.
പാരോക്സിസ്മൽ നോക്റ്റേണൽ ഹീമോഗ്ലോബിനൂറിയ (പി.എൻ.എച്ച്), രക്താർബുദം പോലെയുള്ള നൂറിലേറെ മാരക രോഗങ്ങൾക്കുള്ള അവസാന പ്രതിവിധിയാണ് രക്തമൂല കോശദാനം.
കുടുംബത്തിൽ നിന്ന് ജനിതക സാമ്യമുള്ള ദാതാവിനെ ലഭിക്കാനുളള സാദ്ധ്യത 25% മാത്രമാണ്. ഈ സാഹചര്യത്തിലാണ് പുറമേയുള്ള ദാതാവിനെ അന്വേഷിക്കേണ്ടിവരുന്നത്.
എന്നാൽ, ഇതിനുള്ള സാദ്ധ്യതയും 10,000 മുതൽ 20 ലക്ഷത്തിൽ ഒന്നുവരെ മാത്രമാണ്.
ലോകത്ത് എവിടെനിന്നും രക്തമൂലകോശം ദാനം ചെയ്യാം.
ആർക്കും ദാതാവാകാം
https://datri.org/arjun-needs-a-blood-stem-cell-donor/ എന്ന സൈറ്റിലൂടെ 18 മുതൽ 50 വരെ പ്രായമുള്ളവർക്ക് ദാതാക്കളാകാൻ രജിസ്റ്റർ ചെയ്യാം
ഡോണർ കിറ്റ് പോസ്റ്റൽ ആയി അയച്ചുനൽകും. അണുവിമുക്തമാക്കിയ പഞ്ഞി ഉൾക്കവിളിൽ ഉരസി സാമ്പിളെടുത്ത് തിരികെ അയയ്ക്കണം
ഇത് പരിശോധിച്ചശേഷം രോഗിയുടെ രക്തമൂലകോശവുമായി യോജിച്ചാൽ രജിസ്റ്ററിൽ ഉൾപ്പെടുത്തി ആവശ്യംവരുമ്പോൾ ദാനപ്രക്രിയയിലേക്ക് കടക്കും
''ലോകത്ത് ദാതാക്കളെ കണ്ടെത്തുന്നതിന് 150ലധികം രജിസ്ട്രികളാണുള്ളത്. പ്രതിവർഷം 3000 പേർക്ക് രക്തമൂലകോശം ആവശ്യമായി വരുന്നുണ്ട്. ആവശ്യക്കാർ കൂടുതലും കുട്ടികളാണ്. രക്തമൂലകോശം യോജിച്ചുകിട്ടാൻ വലിയ ബുദ്ധിമുട്ടാണ്
-എബി സാംജോൺ,
നാഷണൽ ഓപ്പറേഷൻസ്
ഹെഡ്, ദാത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |