തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി 25 മുതൽ സംസ്ഥാന വ്യാപകമായി ഗൃഹസമ്പർക്കം നടത്താൻ ഇന്നലെ ചേർന്ന ബി.ജെ.പി.കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണെന്ന് യോഗം വിലയിരുത്തി.
ഗൃഹസമ്പർക്കത്തിനൊപ്പം പ്രാദേശിക ഇലക്ഷൻ ഫണ്ട് സമാഹരണവും നടത്തും. അതിന് ടാർജറ്റ് ഒന്നുമില്ല.അതത് പ്രാദേശിക വിഭാഗങ്ങൾക്ക് തിരഞ്ഞെടുപ്പ് പ്രവർത്തനം ഊർജ്ജിതമാക്കാൻ ഈ ഫണ്ട് വിനിയോഗിക്കാം.തദ്ദേശ തിരഞ്ഞെടുപ്പിനായി തുടക്കമിട്ട നൂറ് ദിന കർമ്മ പരിപാടിയുടെ പുരോഗതി യോഗം വിലയിരുത്തി.ഇനി വരുന്ന രണ്ടു മാസത്തേക്ക് പ്രവർത്തന പദ്ധതിയിൽ മാറ്റം വരുത്തിയുള്ള നിർദ്ദേശം അദ്ധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.കേന്ദ്രത്തിൽ മോദി സർക്കാർ നടത്തുന്ന ജനപ്രിയ ഭരണത്തിന്റെ പ്രതിച്ഛായ തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യോഗം നിർദ്ദേശിച്ചു.
ബി.ജെ.പിക്ക് വൻ വിജയ സാധ്യതയുള്ള തിരുവനന്തപുരം,തൃശൂർ നഗരസഭകളിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കോൺഗ്രസും സി.പി.എം രഹസ്യ ധാരണയുണ്ടാക്കി ശ്രമം നടത്തുന്നതിനെതിരെ ജാഗ്രത പാലിക്കാൻ യോഗത്തിൽ നിർദ്ദേശമുയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |