കാലാതീതമായ ക്ലാസിക്ക് അഭിനയ മുഹുർത്തങ്ങളിലൂടെ ലോകത്തിന്റെ നാന കോണിലുമുളള സിനിമാ പ്രേക്ഷകരെ ആനന്ദത്തിന്റെ പരകോടിയിലെത്തിച്ച നാട്യവിസ്മയമാണ് മലയാളത്തിന്റെ മോഹൻലാൽ.1978 ലെ ആദ്യ സിനിമ തിരനോട്ടത്തിൽ തുടങ്ങി മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ മലയാളികളുടെ നിത്യജീവിതത്തിൽ അദ്ദേഹം സ്വാഭാവികതയോടെ നിറഞ്ഞു നിന്നു. പിന്നീടങ്ങോട്ട് ലാൽ എന്ന പ്രതിഭാസത്തിനൊപ്പം പൊട്ടി്ച്ചിരിച്ചും തേങ്ങിക്കരഞ്ഞും പ്രണയ വിരഹ വേദനകൾ പങ്കുവെച്ചും മലയാളി യാത്ര ചെയ്തു,
തിരിഞ്ഞുനോക്കുമ്പോൾ ഒരു കാലഘട്ടത്തെ അഭ്രപാളിയിലെത്തിച്ച മലയാളികളുടെ സ്വന്തം ലാലേട്ടൻ ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി 400 ലധികം ചിത്രങ്ങളിൽ വേഷമിട്ടു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായകനായും മോഹൻലാൽ അരങ്ങേറി. ഇന്ന് ഇന്ത്യൻ സിനിമയുടെ പരമോന്നത പുരസ്കാര നേട്ടത്തിൽ അദ്ദേഹം എത്തി നിൽക്കുമ്പോൾ മലയാള സിനിമാ ചരിത്രം മറ്റൊരു നാഴികകല്ലുകൂടി പിന്നിട്ടിരിക്കുന്നു.
ദ കംപ്ളീറ്റ് ആക്‌ടറിന്റെ പുരസ്കാര നേട്ടങ്ങളിലൂടെ ഒരു തിരനോട്ടം
കിരീടത്തിലെ സേതുവിനെ മലയാളിക്ക് മറക്കാനാകുമോ? ദേശിയ പുരസ്കാരം ആദ്യമായി ലാലേട്ടനെ തേടിയെത്തിയത് കിരീടം എന്ന സിബി മലയിൽ ചിത്രത്തിലൂടെ ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുളള സ്പെഷ്യൽ ജൂറി മെൻഷൻ താരത്തിന് ലഭിച്ചു. പിന്നീട് 1991 ൽ ഇറങ്ങിയ ഭരതം എന്ന ചിത്രത്തിലൂടെ മികച്ച നടനുളള ദേശീയ പുരസ്കാരത്തിന് അദ്ദേഹം അർഹനായി. തുടർന്ന് 1999ൽ വാനപ്രസ്ഥം എന്ന ഷാജി എൻ കരുൺ ചിത്രത്തിലൂടെ മികച്ച നടനുളള പുരസ്കാരം വീണ്ടും അദ്ദേഹത്തെ തേടിയെത്തി. 2016 ൽ പുറത്തിറങ്ങിയ ജനതാ ഗാരേജ്. പുലിമുരുകൻ, മുന്തിരിവളളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു. അഭനയത്തിന് അഞ്ച് ദേശീയ പുരസ്കാരങ്ങാണ് ഇക്കാലയളവിൽ മോഹൻലാൽ സ്വന്തമാക്കിയത്.
സംസ്ഥാന സർക്കാരിന്റെ മികച്ച നടനുളള ചലച്ചിത്രപുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത് 6 തവണയാണ്. 9 തവണ മികച്ച നടനുളള കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരത്തിനും അദ്ദേഹം അർഹനായി. പിന്നെയും ഉണ്ട് എണ്ണിയാൽ തീരാത്തത്രയും പുരസ്കാരങ്ങളുടെ നീണ്ട നിര. ഭാഷാ ഭേദങ്ങൾക്കും അപ്പുറം അദ്ദേഹത്തിനു ലഭിച്ച അംഗീകാരത്തിൽ പ്രധാനമായിരുന്നു കമ്പനി എന്ന ഹിന്ദി സിനിമയിലെ അഭിനയത്തിനുളള ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അവാർഡ് .2001 ൽ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു. 2019 ൽ പദ്മഭൂഷൺ ബഹുമതിയും മലയാളികളുടെ സ്വകാര്യ അഹങ്കാരത്തെ തേടിയെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |