ഇന്ത്യൻ സിനിമയുടെ നെറുകയിൽ മലയാളത്തിന്റെ അഭിമാനമായി തിളങ്ങുകയാണ് മോഹൻലാലെന്ന മഹാനടൻ. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചുവെന്ന വാർത്ത ഓരോ മലയാളിയുടെയും ഹൃദയത്തിൽ അഭിമാനത്തിന്റെ നിറദീപം കൊളുത്തിയിരിക്കുന്നു. വെറുമൊരു നടനിൽ നിന്ന് ഇന്ത്യൻ സിനിമയുടെ നെടുംതൂണായി അദ്ദേഹം മാറിയത് ഒരു നിയോഗം പോലെയായിരുന്നു. അമ്പതു വർഷത്തോളം നീണ്ട ഈ സിനിമ ജീവിതം ഒരു നടന്റെ പൂർണ്ണതയുടെ നേർസാക്ഷ്യമാണ്.
തന്റെ ഒരു നോട്ടത്തിലൂടെയും ചിരിയിലൂടെയും വികാരത്തിന്റെ നൂറ് ഭാവങ്ങൾ ആളുകളിലേക്കെത്തിക്കാൻ മോഹൻലാലിന് സാധിച്ചു. സിനിമകളിൽ പല ഭാവത്തിലാണ് അദ്ദേഹം വേഷമിട്ടിട്ടുള്ളത്. തമാശക്കാരനായ കൂട്ടുകാരൻ,വില്ലൻ,കുടുംബനാഥൻ, കാമുകൻ,സൈനികൻ എല്ലാത്തിനും ഉപരി ഒരു സാധാരണ നിഷ്കളങ്ക മനുഷ്യൻ.ഓരോ കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു. മാത്രവുമല്ല ഒരു നടനെന്നതിനപ്പുറം നിർമ്മാതാവ്,ചലച്ചിത്ര വിതരണകാരൻ, ഗായകൻ എന്നീ നിലകളിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
1960-ൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും മകനായി ജനനം. തിരുവനന്തപുരം മോഡൽ സ്കൂളിലും എം.ജി. കോളേജിലുമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. സിനിമയെ അത്രക്കണ്ട് ചെറുപ്പം മുതലെ നെഞ്ചിലേറ്റിയ ഒരാളായിരുന്നു മോഹൻലാൽ. തന്റെ 18-ാം വയസ്സിൽ തിരനോട്ടം എന്ന സിനിമയിലൂടെ ആദ്യ അരങ്ങേറ്റം കുറിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്. രണ്ടാമത്തെ സിനിമയായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻ കഥാപാത്രമാണ് ജീവിതത്തെ മാറ്റി മറിച്ചത്. ഇതിൽ അസാധാരണ അഭിനയം കാഴ്ച്‌വച്ച അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്ര പിന്നീടൊരു അത്ഭുതമായിരുന്നു.
ആദ്യ സിനിമയിൽ വില്ലൻ വേഷം ചെയ്തെങ്കിലും തുടർന്നുള്ള സിനിമകൾ തലവര മാറ്റിയെഴുതി. സംവിധായകർ അദ്ദേഹത്തിലെ പ്രതിഭയെ തിരിച്ചറിഞ്ഞ് നായകവേഷങ്ങൾ നൽകി. അതിനുശേഷം നമ്മൾ കണ്ടത് മലയാള സിനിമയെ ലോകഭൂപടത്തിൽ അടയാളപ്പെടുത്തിയ ഒരു നടനെയാണ്. തൂവാനത്തുമ്പികളിലെ ജയകൃഷ്ണൻ, കിരീടത്തിലെ സേതുമാധവൻ, ഭരതത്തിലെ കല്ലൂർ ഗോപിനാഥൻ, വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടൻ, ദൃശ്യത്തിലെ ജോർജ്കുട്ടി, ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി... ഇങ്ങനെ ഓരോ കഥാപാത്രവും നമ്മുടെ ഉള്ളിൽ ജീവിക്കുന്നു.
സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് അദ്ദേഹത്തെ തേടിയെത്തിയ ബഹുമതികൾ നിരവധിയാണ്. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ,സ്പെഷ്യൽ ജൂറി പുരസ്കാരം,സംസ്ഥാന-ഫിലിംഫെയർ അവാർഡുകൾ,പത്മശ്രീ,പത്മഭൂഷൺ തുടങ്ങി രാജ്യത്തിന്റെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികൾ, ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി എന്നിങ്ങനെ ഒരു നീണ്ട നിരതന്നെയുണ്ട്.ഇതിനെല്ലാം മകുടം വെച്ചുകൊണ്ട് ഇപ്പോഴിതാ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നു.2023 ലെ പുരസ്കാരമാണ് ഇന്ന് പ്രഖ്യാപിച്ചിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |