കൊച്ചി: ശ്രീനാരായണ ധർമ്മ പ്രഭാഷണത്തിൽ ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ 104 വേദികൾ പിന്നിട്ട് പതിനൊന്നുകാരി ഗൗരിനന്ദ. ഇത്തവണ മഹാസമാധി ദിനത്തിൽ ഷാർജ ഗുരുവിചാരധാരയിലും അജ്മാനിലുമായിരുന്നു പ്രഭാഷണം.എസ്.എൻ.ഡി.പി യോഗം മലയാറ്റൂർ ഈസ്റ്റ് ശാഖാംഗം കാടപ്പാറ ഈട്ടുങ്ങപ്പടി ദുർഗ ദാസിന്റെയും ജിഷയുടെയും മകളാണ് കാലടി ബ്രഹ്മാനന്ദോദയം ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഗൗരിനന്ദ.
മൂന്നര വയസിൽ സ്വന്തം ശാഖയിൽ കൊച്ചു പ്രഭാഷണങ്ങൾ നടത്തിയായിരുന്നു തുടക്കം. പിന്നാലെ അയൽപക്ക ശാഖകളിലേക്കും ക്ഷണമെത്തി. ഏഴ് വർഷത്തിനിടെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നൂറോളം വേദികൾ. ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം, ഈഴവ ചരിത്രം എന്നിവയാണ് ഇഷ്ട വിഷയങ്ങൾ.ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുൾപ്പെടെ നിരവധി പേർ കുഞ്ഞു പ്രഭാഷകയെ അകമഴിഞ്ഞ് അനുമോദിച്ചിട്ടുണ്ട്.
സ്വകാര്യ ചാനൽ സംപ്രേഷണം ചെയ്ത പരിപാടിയിലൂടെ ഗൗരി മറുനാടൻ മലയാളികൾക്കിടയിലും ശ്രദ്ധേയയായി. അങ്ങനെ കഴിഞ്ഞ വർഷം ഗുരുദേവ ജയന്തിയോടനുബന്ധിച്ച് പൂനെ ശ്രീനാരായണ ഗുരുസമിതിയിൽ പ്രഭാഷണത്തിന് അവസരം ലഭിച്ചു. അതാണ് ഗൾഫ് നാടുകളിലേക്കും വഴിയൊരുക്കിയത്. ഈ മാസം 5ന് മാതാപിതാക്കൾക്കൊപ്പം ഗൾഫിലെത്തിയ ഗൗരിനന്ദ മഹാസമാധി ആചരണവും കഴിഞ്ഞാണ് മടങ്ങിയത്. 7ന് ഗുരുദേവ ജയന്തിക്ക് അബുദാബിയിലായിരുന്നു ഗൾഫിലെ ആദ്യ വേദി.
തുടക്കം കുടുംബ
യോഗങ്ങളിൽ
മൂന്നാം വയസിൽ മാതാപിതാക്കൾക്കൊപ്പം കുടുംബ യോഗങ്ങളിൽ പങ്കെടുത്തപ്പോൾ തുടങ്ങിയതാണ് ഗൗരിയുടെ ഗുരുഭക്തി. മുതിർന്നവർ ഗുരുവിനെക്കുറിച്ച് പറയുന്നതൊക്കെ ശ്രദ്ധയോടെ കേട്ടിരുന്നും, മാതാപിതാക്കൾക്കൊപ്പം കുടുംബ പ്രാർത്ഥനയിൽ പങ്കെടുത്തു.. അമ്മ പറഞ്ഞുകൊടുത്ത ഗുരുദേവ കഥകളും ഗൗരിക്ക് ആത്മവിശ്വാസമേകി.മൂന്നര വയസുള്ളപ്പോൾ കുടുംബയോഗ വാർഷികത്തിൽ 'വയൽവാരം വീട്ടിലെ കൊച്ചു നാണു" എന്ന കഥ പറഞ്ഞ് ആദ്യമായി വേദിയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |