ചണ്ഡിഗഡ്: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദി വർഷത്തിൽ നടക്കുന്ന 25-ാം പാർട്ടി കോൺഗ്രസ് നിലവിലെ ജനറൽ സെക്രട്ടറി ഡി.രാജയ്ക്ക് ഇളവു നൽകി തുടരാൻ അനുവദിക്കുമോ എന്ന കാര്യത്തിൽ ആശങ്ക തുടരുന്നു. 75 വയസ് പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് ശക്തികേന്ദ്രമായ കേരള ഘടകം വാദിക്കുന്നുണ്ട്.സ്വന്തം സംസ്ഥാനമായ തമിഴ്നാടും രാജയ്ക്കൊപ്പമല്ല. ഇതാണ് രാജയ്ക്ക് മുന്നിലുള്ള കടമ്പ. എന്നാൽ, ബിഹാർ അടക്കം ഉത്തരേന്ത്യൻ ഘടകങ്ങൾ രാജയ്ക്കൊപ്പമാണ്.
ഇന്നു രാത്രി ചേരുന്ന നിലവിലെ ദേശീയ കൗൺസിൽ പുതിയ ജനറൽ സെക്രട്ടറിയുടെ പേര് നിർദ്ദേശിച്ചേക്കും.ഇന്നലെ നടന്ന പ്രതിനിധി ചർച്ചയിൽ കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമുയർന്നിരുന്നു.
പാർട്ടി കോൺഗ്രസിന് മുന്നോടിയായി ചേർന്ന ദേശീയ സെക്രട്ടേറിയറ്റിൽ ഡി.രാജയ്ക്ക് ഇളവു നൽകണമെന്നതായിരുന്നു ധാരണ. എന്നാൽ, ചണ്ഡിഗഡിലെ പാർട്ടി കോൺഗ്രസിലേക്ക് ചർച്ച എത്തിയപ്പോൾ 75 വയസ് പ്രായ പരിധി ചൂണ്ടിക്കാട്ടി കേരള ഘടകത്തിന്റെ നേതൃത്വത്തിൽ രാജ മാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പാർട്ടിക്ക് സ്വാധീനമുള്ള ബിഹാർ ഘടകം രാജയ്ക്ക് ഇളവു നൽകി നിലനിറുത്തണമെന്ന് വാദിക്കുന്നു. 80കാരനായ രാം നരേഷ് പാണ്ഡ സെക്രട്ടറിയായ ബിഹാർ ഘടകത്തിൽ ഭൂരിപക്ഷവും പ്രായ പരിധി കഴിഞ്ഞവരാണ്. യു.പി അടക്കം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും രാജയ്ക്കൊപ്പമാണ്. കേരളത്തിൽ ഔദ്യോഗിക പക്ഷത്തിന് വിരുദ്ധമായി രാജയെ പിന്തുണയ്ക്കുന്ന ചെറിയ ഒരു വിഭാഗമുണ്ട്. രാജ മാറിയാൽ പരിഗണിക്കേണ്ട നേതാക്കളിൽ മുൻപന്തിയിലുള്ള ദേശീയ സെക്രട്ടേറിയറ്റ് അംഗം അമർജിത് കൗറിന് പിന്തുണ നൽകുന്നവർ കുറവായതും രാജയ്ക്ക് നേട്ടമാകും.
25-ാം പാർട്ടി കോൺഗ്രസ് ഏകകണ്ഠമായി ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുമെന്ന് ചർച്ചകൾ വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ ദേശീയ കൗൺസിൽ അംഗം പി. സന്തോഷ് കുമാർ എം.പി പറഞ്ഞു. ഉന്നത കമ്മിറ്റികളിൽ 75 വയസ് പ്രായ പരിധി പാലിക്കുമോ എന്ന ചോദ്യത്തിന് ഭരണഘടനയും മാർഗരേഖകളും പാലിച്ചാകും പാർട്ടി കോൺഗ്രസ് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുകയെന്ന് മറുപടി നൽകി.
ഇത്തരം വിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ പാർട്ടി കോൺഗ്രസിന് അധികാരമുണ്ട്. ചർച്ചകളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുമെങ്കിലും അന്തിമ തീരുമാനം ഏകകണ്ഠമായിരിക്കുമെന്നും സന്തോഷ് കുമാർ പറഞ്ഞു.
ജി.എസ്.ടി പരിഷ്കാരം
തട്ടിപ്പെന്ന് സി.പി.ഐ
ചണ്ഡിഗഡ്: ജി.എസ്.ടി സംവിധാനത്തിലെ പിഴവുകൾ മറയ്ക്കാനുള്ള തട്ടിപ്പാണ് കഴിഞ്ഞ ദിവസം നിലവിൽ വന്ന രണ്ടാം തലമുറ പരിഷ്കാരങ്ങളെന്ന് ചണ്ഡിഗഡിൽ നടക്കുന്ന 25-ാം സി.പി.ഐ പാർട്ടി കോൺഗ്രസ്. പരിഷ്കാരങ്ങളുടെ പ്രയോജനം ഒരിക്കലും സാധാരണക്കാരായ ഉപഭോക്തൾക്ക് ലഭിക്കില്ലെന്നും പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച പ്രമേയം കുറ്റപ്പെടുത്തുന്നു. ജി.എസ്.ടി വരുമാനത്തിൽ പകുതിയും സാധാരണക്കാരായ ഉപഭോക്താക്കളിൽ നിന്നാണ്. ദേശീയ കൗൺസിൽ അംഗം പി. സന്തോഷ്കുമാറാണ് പ്രമേയം അവതരിപ്പിച്ചത്. വയനാട് അടക്കം പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ധവള പത്രമിറക്കുക, രാജ്യത്ത് സമഗ്ര ആരോഗ്യ പരിരക്ഷ നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിക്കുന്ന പ്രമേയങ്ങളും അവതരിപ്പിച്ചു.
37 രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആശംസ
ചണ്ഡിഗഡ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അടക്കം 37 രാജ്യങ്ങളിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് സംഘടനകൾ ചണ്ഡിഗഡ് സി.പി.ഐ പാർട്ടി കോൺഗ്രസിന് ആശംസ നേർന്നു. ഇക്കുറി വിദേശ പ്രതിനിധികളെ പാർട്ടി കോൺഗ്രസിന് ക്ഷണിച്ചിരുന്നില്ല. പാർട്ടി ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നവംബറിൽ വിജയവാഡയിൽ നടക്കുന്ന പ്രത്യേക സെഷനിൽ വിദേശ പ്രതിനിധികളെ ക്ഷണിക്കുമെന്ന് ദേശീയ കൗൺസിൽ അംഗം പി. സന്തോഷ് കുമാർ എംപി അറിയിച്ചു.
ആസ്ട്രേലിയ, ബംഗ്ളാദേശ്, ബ്രിട്ടൻ,ബ്രസീൽ, ചിലി, ക്യൂബ, സൈപ്രസ്, കാറ്റലോണിയ, ചെക്ക്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഇറാൻ, ഐർലൻഡ്, ജപ്പാൻ, കെനിയ, കൊറിയ, ലാവോസ്, നേപ്പാൾ, പാകിസ്ഥാൻ, പാലസ്തീൻ, ഫിലിപ്പെയിൻസ്, പോർച്ചുഗീസ്, റഷ്യ, സ്പെയിൻ, ശ്രീലങ്ക, സിറിയ, സ്വിറ്റ്സർലൻഡ്, ടർക്കി, യു.എസ്.എ, യുക്രെയിൻ, വിയറ്റ്നാം, യൂഗോസ്ളാവിയ എന്നീ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആശംസാ സന്ദേശമയച്ചു.
സി.പി.ഐ നേതാവ്
കമലാ സദാനന്ദന്
വാഹനാപകടത്തിൽ
ഗുരുതര പരിക്ക്
ചണ്ഡിഗഡ്: സി.പി.ഐ സംസ്ഥാന നിർവാഹക സമിതി അംഗം കമലാ സദാനന്ദന് ചണ്ഡിഗഡിലുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്ക്. വിദഗ്ദ്ധ ചികിത്സയ്ക്കായി കമലാ സദാനന്ദനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചണ്ഡിഗഡിൽ സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ കമലാ സദാനന്ദൻ ഇന്നലെ രാവിലെ മുഖ്യ വേദിയായ കിസാൻഭവന് മുന്നിലുള്ള റോഡ് മുറിച്ചു കടക്കുമ്പോൾ ഇരു ചക്രവാഹനം ഇടിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത ചണ്ഡിഗഡ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കാനിംഗിൽ തോളെല്ലിനും നടുവിനും കാര്യമായ ക്ഷതമുണ്ടായതായി കണ്ടെത്തി. തുടർന്നാണ് നാട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്.
എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനും പത്നിക്കുമൊപ്പം ഇന്നലെ വൈകിട്ട് അഞ്ചിനുള്ള ഇൻഡിഗോ വിമാനത്തിൽ പോകാൻ ചണ്ഡിഗഡ് വിമാനത്താവളത്തിൽ എത്തിയ കമലാ സദാനന്ദന് ബോധക്ഷയമുണ്ടായി. തുടർന്ന് മറ്റൊരു വിമാനത്തിലാണ് യാത്ര തുടർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |