SignIn
Kerala Kaumudi Online
Thursday, 25 September 2025 9.47 AM IST

ചോദ്യങ്ങൾ മുഴങ്ങുന്ന കുടുംബാന്തരീക്ഷം കുട്ടികൾ അനുഭവം കേട്ടു വളരട്ടെ...

Increase Font Size Decrease Font Size Print Page
sa

സിസിലി ജോസഫ്

ബാലാവകാശ കമ്മിഷൻ അംഗം

സ്വസ്ഥവും ഉല്ലാസഭരിതവുമായ ബാല്യം നല്ല പൗരനെ സൃഷ്‌ടിക്കുന്നു. ആധുനികകാലം സുഖസൗകര്യങ്ങൾ ഉറപ്പാക്കുമ്പോഴും ആരും കേൾക്കാനില്ലാത്ത ബാല്യങ്ങളും,​ വേർപിരിഞ്ഞ മാതാപിതാക്കളുടെ ഇരുപക്ഷത്തുമായി വീതംവയ്ക്കപ്പെടുന്ന ബാല്യങ്ങളും,​ ലഹരി മാഫിയകളുടെ കൈകളിലകപ്പെട്ട ബാല്യങ്ങളും നമുക്കു ചുറ്റുമുണ്ട്. ബാലാവകാശ കമ്മിഷൻ അംഗം സിസിലി ജോസഫ് സംസാരിക്കുന്നു.

?​ പുതിയ കാലത്തെ കുടുംബാന്തരീക്ഷം കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ഉതകുന്നതാണോ.

സുഖസൗകര്യങ്ങൾ ഏറെയുള്ള കാലമാണിത്. എന്നാൽ ആരോഗ്യകരമായ കുട്ടിക്കാലം ഉറപ്പാക്കുന്നതാണോ ഇക്കാലമെന്നതിൽ വിലയിരുത്തൽ അനിവാര്യമാണ്. കുട്ടികളുമായി മാതാപിതാക്കൾക്ക് എത്രത്തോളം സമയം ചെലവഴിക്കാനാവുന്നു എന്നതാണ് പ്രസക്തം. കുടുംബാന്തരീക്ഷത്തിന്റെ സന്തോഷവും സമാധാനവും ഉല്ലാസവുമൊക്കെയാണ് കുട്ടിയുടെ വളർച്ചയ്ക്കും വികാസത്തിനും വളമിടുന്നത്.

?​ രക്ഷിതാവിന്റെ നിർവചനം എല്ലാ രക്ഷിതാക്കൾക്കും ബോദ്ധ്യമാവുന്നുണ്ടോ.

രക്ഷിതാവ് എന്നാൽ നിയന്ത്രിക്കാനുള്ള ആളാണ് എന്നതാണ് വലിയൊരു വിഭാഗത്തിന്റെ ധാരണ. എന്തൊക്കെ പഠിച്ചു,​ എത്ര നേരം പഠിച്ചു,​ എത്ര മാർക്ക് കിട്ടും... നിരന്തരം ചോദ്യംചെയ്തുകൊണ്ടിരിക്കുന്നവർ! ഇങ്ങനെ സദാ ചോദ്യങ്ങൾ മുഴങ്ങുന്ന അന്തരീക്ഷമല്ല കുടുംബത്തിനു വേണ്ടത്. കുട്ടികളും രക്ഷിതാക്കളും ഓരോ ദിവസത്തെയും അനുഭവങ്ങൾ പങ്കുവയ്ക്കട്ടെ. മറ്റൊരു വിഭാഗത്തിന് ചോദ്യങ്ങളേയില്ല,​ മക്കൾക്ക് എല്ലാം കൊടുത്താൽ ചുമതല തീർന്നെന്ന ധാരണയുള്ളവർ. അമിത സ്വാതന്ത്ര്യം ലഭിക്കുന്ന കുട്ടികളും അമിതമായി നിയന്ത്രിക്കപ്പെടുന്ന കുട്ടികളും വഴുതിപ്പോയേക്കാം. കുട്ടിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന ധാരണ രക്ഷിതാവിനുണ്ടാവണം.

?​ തനിക്കു കിട്ടാത്തതെല്ലാം മക്കൾക്ക് ഞൊടിയിടയിൽ കിട്ടണമെന്ന ധാരണ ആരോഗ്യകരമാണോ.

ചെറിയ പ്രശ്നങ്ങളിൽപ്പോലും പതറിപ്പോകുന്നവരും ആത്മഹത്യ ചെയ്യുന്നവരുമായ കുട്ടികൾ മാനസിക അനാരോഗ്യത്തിന്റെ ഇരകളാണ്. മാതാപിതാക്കളുടെ സാമ്പത്തികപ്രയാസങ്ങൾ അറിഞ്ഞു വളരുന്ന കുട്ടികൾക്ക് പക്വതയും പ്രശ്നങ്ങളെ നേരിടാനുള്ള കഴിവും കൂടുതലായിരിക്കും. എന്തെങ്കിലും കിട്ടണമെങ്കിൽ പണ്ടൊക്കെ എത്രനാൾ കാത്തിരിക്കണം; ഇപ്പോൾ എല്ലാം വിരൽത്തുമ്പിലെത്തുന്നു. 'നോ" എന്ന വാക്കിനെ കുട്ടികൾ പേടിക്കാൻ കാരണം ഇതാണ്.

?​ അയൽപക്ക ബന്ധങ്ങളില്ലാതായത് കുട്ടികളുടെ വളർച്ചയ്ക്ക് ദോഷമായോ.

അയൽപക്കങ്ങളും സുഹൃദ് ബന്ധങ്ങളും കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് അനിവാര്യമാണ്. എന്നാൽ ഇന്ന് കുട്ടികളെ കുറച്ചുനേരം കാണാതിരുന്നാൽ രക്ഷിതാക്കൾക്ക് ആധിയാണ്. കേരളം ബാലസൗഹൃദമാക്കണം എന്ന ലക്ഷ്യത്തോടെ ബാലാവകാശ കമ്മിഷൻ പദ്ധതികൾ നടപ്പാക്കുന്നത് ഈ അവസ്ഥ മാറാനാണ്.

കുട്ടികളെ മനസിലാക്കുന്നതിലും അവരുടെ സുരക്ഷ നിരീക്ഷിക്കുന്നതിലും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ ശ്രദ്ധവേണം.

?​ അദ്ധ്യാപകരുടെ കാഴ്ചപ്പാടിൽ മാറ്റം വരുത്തേണ്ടതുണ്ടോ.

അദ്ധ്യാപക - വിദ്യാർത്ഥി ബന്ധം ശക്തിപ്പെടുത്തുന്നതിലും കുട്ടികളെ പരിശീലിപ്പിക്കുന്നതിലും അദ്ധ്യാപകർക്ക് കമ്മിഷൻ പരിശീലനം നൽകുന്നുണ്ട്. അദ്ധ്യാപകരും അപ്‌ഡേറ്റഡ് ആവണം.

?​ അച്ഛനോ അമ്മയോ ഒരാൾ മാത്രമുള്ള മക്കൾ നേരിടുന്ന വെല്ലുവിളികൾ.

കുടുംബത്തെ ഒറ്റയ്ക്ക് നയിക്കേണ്ടതിന്റെയും കുട്ടിയെ ഒറ്റയ്ക്കു വളർത്തേണ്ടതിന്റെയും മാനസിക സമ്മർദ്ദം നേരിടുന്ന രക്ഷിതാവിന് കുട്ടിയുടെ കാര്യത്തിൽ മതിയായ ശ്രദ്ധ നൽകാനായെന്നു വരില്ല. വളർച്ചയുടെ ഓരോ ഘട്ടത്തിലും കുട്ടിയെ കേൾക്കാൻ ഒരാളില്ലാതാവുന്നത് കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിക്കും.

വേർപിരിഞ്ഞ മാതാപിതാക്കളുടെ മക്കൾ നേരിടുന്നത് ചെറിയ സമ്മർദ്ദമല്ല. കുട്ടികളെ കേൾക്കണമെന്ന ശുപാർശ കുടുംബകോടതികൾക്ക് കമ്മിഷൻ നൽകിയിരുന്നത് ഈ ലക്ഷ്യത്തോടെയാണ്.

?​ പുനർവിവാഹിതരുടെ കുട്ടികളുടെ സുരക്ഷതന്നെ തുലാസിലാവുന്ന സാഹചര്യമുണ്ട് ...

രക്ഷിതാവിന്റെ പങ്കാളികളിൽനിന്ന് പീ‌ഡനവും മാനസിക സമ്മർദ്ദവും ഏൽക്കേണ്ടിവരുന്ന കുട്ടികളുണ്ട്. ഈ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഒരുപരിധിവരെ സമൂഹത്തിന്റെ ശ്രദ്ധയും ജാഗ്രത അനിവാര്യമാണ്. ഇങ്ങനെയുള്ള കുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ സംവിധാനമുണ്ട്. പലരും ഇതൊന്നും അറിയുന്നില്ലെന്നു മാത്രം.

?​ പ്രശ്നക്കാരായ കുട്ടികളെ ഒഴിവാക്കുകയെന്ന സ്കൂളുകളുടെ നിരീക്ഷണത്തെക്കുറിച്ച് ...

പ്രശ്നക്കാരായ കുട്ടികളെ ഒഴിവാക്കി സ്കൂളിന്റെ മാനം സംരക്ഷിക്കുകയെന്ന കുറുക്കുവഴി പല മാനേജ്‌മെന്റുകളും തേടുന്നുണ്ട്. കുട്ടിയെ നന്നാക്കേണ്ട ബാദ്ധ്യത നമുക്കല്ല; അവന്റെ രക്ഷിതാവിനാണ് എന്നതാണ് നിരീക്ഷണം. വിദ്യാഭ്യാസത്തിനുള്ള കുട്ടിയുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിത്. കുട്ടി എന്നത് സ്കൂൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.

?​ കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് അദ്ധ്യാപകർക്ക് ശരിയായ തിരിച്ചറിവ് വേണ്ടതിന്റെ പ്രാധാന്യം.

മാനസികാരോഗ്യം കുറവുള്ള കുട്ടികൾ ചൂഷകർക്ക് വശംവദരാകാനും ലഹരി ഉപയോഗത്തിലേക്ക് പെട്ടെന്ന് വഴുതിവീഴാനും അക്രമാസക്തരാകാനും സാദ്ധ്യതയുള്ളവരാണ്. ഇക്കാര്യങ്ങൾ തിരിച്ചറിയുന്നതിൽ അദ്ധ്യാപകർക്ക് ശരിയായ പരിശീലനം ലഭിക്കണം.

? റേഡിയോ നെല്ലിക്ക എന്ന, കമ്മിഷന്റെ പുതിയ സംരംഭം...

കുട്ടികളുടെ സ്ക്രീൻടൈം കുറയ്ക്കാനും അവരുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാനുമുള്ള വേദിയാണ് 'റേഡിയോ നെല്ലിക്ക." ലഹരി പ്രതിരോധം,​ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം... എന്നിവയൊക്കെ 'റേഡിയോ നെല്ലിക്ക" ഉറപ്പാക്കുന്നു. ദിവസവും നാല് മണിക്കൂർ സംപ്രേഷണവും തുടർന്ന് പുനഃസംപ്രേഷണവുമുണ്ട്

TAGS: AASA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.