ന്യൂഡൽഹി: കപ്പൽ നിർമ്മാണ-സമുദ്ര മേഖലകളുടെ വികസനത്തിന് 69,725 കോടി രൂപയുടെ പാക്കേജിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ കൂടിയ കേന്ദ്ര കാബിനറ്റ് യോഗത്തിൽ അംഗീകാരം.
30 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സമുദ്ര മേഖലയിലേക്ക് ഏകദേശം 4.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാൻ കഴിയുമെന്നും കണക്കുകൂട്ടുന്നു. കൊച്ചിയും പദ്ധതിയുടെ ഭാഗമാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് സൂചന നൽകി. ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ്
കപ്പൽശാല വികസനം പ്രോത്സാഹിപ്പിക്കും. 2036 മാർച്ച് 31 വരെയാണ് പദ്ധതി കാലാവധി. എല്ലാ സംരംഭങ്ങളുടെയും നടത്തിപ്പിന് മേൽനോട്ടം വഹിക്കാൻ ദേശീയ കപ്പൽ നിർമ്മാണ ദൗത്യസംഘം രൂപീകരിക്കും. മെഗാ കപ്പൽ നിർമ്മാണ ക്ലസ്റ്ററുകളെ പിന്തുണയ്ക്കുക, അടിസ്ഥാന സൗകര്യ വികസനം നടത്തുക, ഇന്ത്യൻ മാരിടൈം സർവകലാശാലയ്‌ക്കു കീഴിൽ ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്റർ സ്ഥാപിക്കുക, കപ്പൽ നിർമ്മാണ പദ്ധതികൾക്ക് ഇൻഷ്വറൻസ് പിന്തുണ ഉൾപ്പെടെയുള്ള റിസ്ക് കവറേജ് നൽകുക എന്നിവയും ലക്ഷ്യമിടുന്നു.
മുഖ്യപദ്ധതികൾ
(തുക കോടിയിൽ)
കപ്പൽ നിർമ്മാണ
സഹായപദ്ധതി ..................................................24,736
കപ്പൽ നിർമ്മാണശേഷി
4.5 ദശലക്ഷം ടണ്ണാക്കാൻ................................ 19,989
ഷിപ്പ് ബ്രേക്കിംഗ് ക്രെഡിറ്റ് നോട്ട്.....................4,001
മാരിടൈം വികസന ഫണ്ട്................................20,000
10,000 മെഡിക്കൽ
സീറ്റുകൾ വർദ്ധിക്കും
രാജ്യത്തെ മെഡിക്കൽ ബിരുദ, ബിരുദാനന്തര സീറ്റുകൾ വർദ്ധിപ്പിക്കാനും കേന്ദ്ര ക്യാബിനറ്റ് തീരുമാനിച്ചു. മെഡിക്കൽ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് അംഗീകാരം നൽകി. സർക്കാർ മെഡിക്കൽ കോളേജുകൾ നവീകരിച്ച് 5023 എം.ബി.ബി.എസ് സീറ്റുകളും, 5000 പി.ജി. സീറ്റുകളും വർദ്ധിപ്പിക്കും. രാജ്യത്ത് ഡോക്ടർമാരുടെയും വിദഗ്ധരുടെയും ലഭ്യത കൂട്ടാൻ സഹായിക്കുന്നതാണ് നടപടിയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |