തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാം സ്കീമിൽ പ്രതിമാസ പ്രീമിയം മന്ത്രിസഭ അംഗീകരിച്ച അടിസ്ഥാന തുകയായ 750 രൂപയേക്കാൾ കൂടുമെന്ന് സൂചന. സർക്കാർ നിശ്ചയിച്ച ഈ തുകയേക്കാൾ ഉയർന്ന തുകയാവും ഇൻഷ്വറൻസ് കമ്പനികൾ ടെൻഡറിൽ മുന്നോട്ടുവയ്ക്കുക. അതു നൽകേണ്ടി വരുമെന്നാണ് കഴിഞ്ഞദിവസം നിയമസഭയിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കിയത്.
നിലവിൽ മൂന്നുവർഷ പദ്ധതിയിൽ 500 രൂപയാണ് പ്രതിമാസ പ്രീമിയം. പുതിയ പദ്ധതിയിൽ ഓരോ വർഷവും പ്രീമിയം ഉയർത്താമെന്നാണ് സർക്കാർ നിലപാട്. ആദ്യ വർഷത്തെ പ്രീമിയത്തിൽ 5% വർദ്ധന രണ്ടാംവർഷം അനുവദിക്കാൻ സർക്കാർ സമ്മതിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ കരാർ കാലാവധി രണ്ടു വർഷമാണ്.
ആദ്യ പദ്ധതി ഏറ്റെടുത്ത ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിക്ക് പ്രീമിയമായി ലഭിച്ചതിനേക്കാൾ ഉയർന്ന തുക ചികിത്സാത്തുകയായി നൽകേണ്ടി വന്നിരുന്നു. 87കോടിയോളം രൂപയുടെ ക്ളെയിമുകൾ അവസാനഘട്ടത്തിൽ ഇൻഷ്വറൻസ് കമ്പനി നിരസിക്കുന്ന സാഹചര്യവുമുണ്ടായി. ഉയർന്ന പ്രീമിയം സർക്കാർ അംഗീകരിച്ചാൽ മാത്രമേ, പദ്ധതി ഏറ്റെടുക്കാൻ ഇൻഷ്വറൻസ് കമ്പനികൾ മുന്നോട്ടുവരൂ.
കുറഞ്ഞ വേതനം വാങ്ങുന്ന ജീവനക്കാരെയും പെൻഷൻകാരെയും പ്രീമിയം തുക ഈടാക്കുന്നതിൽ നിന്ന് ഒഴിവാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഒരേ ചികിത്സയാണ് കിട്ടുന്നതെങ്കിലും 11,500 രൂപ അടിസ്ഥാന പെൻഷൻ വാങ്ങുന്നവരും 83,500 രൂപ അടിസ്ഥാന പെൻഷൻ വാങ്ങുന്നവരും ഒരേ തുക പ്രീമിയം അടയ്‌ക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
ടെൻഡർ ഉടൻ
1. ഒന്നാം മെഡിസെപ് കാലാവധി ജൂണിൽ അവസാനിച്ചിരുന്നു. മൂന്നു മാസത്തേക്ക് നീട്ടി. രണ്ടാം മെഡിസെപ്പിന്റെ ടെൻഡർ ഉറപ്പിക്കാൻ കഴിയാത്തതിനാൽ ഒക്ടോബർ 31വരെ വീണ്ടും നീട്ടി. അതിനുള്ളിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി രണ്ടാംമെഡിസെപ് തുടങ്ങാനാണ് തീരുമാനം.
2. ഒന്നാം മെഡിസെപ്പിൽ 5.45ലക്ഷം ജീവനക്കാരും 5.89ലക്ഷം പെൻഷൻകാരും അവരുടെ കുടുംബാഗങ്ങളും ഉൾപ്പെടെ 31ലക്ഷത്തോളം പേരാണുണ്ടായിരുന്നത്.
3. രണ്ടാം മെഡിസെപ്പിൽ എംപ്ളോയ്മെന്റ് സ്റ്റേറ്റ് ഇൻഷ്വറൻസ് ആനുകൂല്യം ഇല്ലാത്ത പൊതുമേഖലാസ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ, സാറ്റ്യൂട്ടറി ബോഡികൾ, സഹകരണമേഖല എന്നിവിടങ്ങളിലെ ജീവനക്കാരേയും ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
4. ഗുണഭോക്താക്കളുടെ എണ്ണം 40ലക്ഷം കടക്കുമെന്നാണ് സൂചന. രണ്ടാംഘട്ടത്തിൽ ഇൻഷ്വറൻസ് കവറേജ് 5 ലക്ഷമായി ഉയർത്തിയിട്ടുണ്ട്.
1749.70 കോടി:
ഒന്നാം മെഡിസെപ്പിൽ
പ്രീമിയമായി നൽകിയത്
1964.74 കോടി:
ചികിത്സാചെലവായി
വിതരണം ചെയ്തത്
പുതിയ കരാറിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇൻഷ്വറൻസ് കമ്പനിയെ തിരഞ്ഞെടുത്തശേഷം മാത്രമേ പ്രീമിയം അന്തിമമായി തീരുമാനിക്കൂ.
- ധനകാര്യ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |