SignIn
Kerala Kaumudi Online
Monday, 29 September 2025 3.53 AM IST

മലമുകളിലെ മന്ത്രജപം

Increase Font Size Decrease Font Size Print Page
man-kamana

നേപ്പാൾ ശാന്തമായിരുന്നു. കുന്നുകളും മലകളും കൊടുമുടികളും തട്ടുതട്ടായ കുന്നിൻ ചെരിവുകളും നിറഞ്ഞ പ്രകൃതിസുന്ദരമായ ഭൂവിഭാഗം. ദേശീയപാതയ്ക്ക് സമാന്തരമായി മൈലുകൾ താണ്ടി നിറഞ്ഞൊഴുകുന്ന നദികൾ നേപ്പാളിലൂടെയുള്ള യാത്രയെ തെല്ലൊന്നുമല്ല സർഗാത്മകമാക്കുന്നത്. ഹിമാലയത്തിന്റെ സ്വർഗഗേഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നേപ്പാളിലാണ് ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ സ്ഥാനം. മഞ്ഞിൽ സൂര്യകിരണങ്ങളേറ്റ് വെട്ടിത്തിളങ്ങുന്ന മലനിരകളാൽ ചുറ്റപ്പെട്ട എവറസ്റ്റിനെ അഭിമാനത്തോടെ ശിരസുയർത്തി കാണാൻ നേപ്പാളിലെത്തണം.

നവീന ശിലായുഗത്തോളം പഴക്കമുള്ള ഒരു ചരിത്രമുണ്ട്,​ നേപ്പാളിന്. ചിന്നിച്ചിതറി പോരടിച്ചു കഴിഞ്ഞിരുന്ന നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ച് ഒരൊറ്റ രാജ്യമാക്കി,​ 1768-ൽ നേപ്പാളിന്റെ ആദ്യത്തെ രാജാവായി അവരോധിതനായത് പൃഥ്വി നാരായൺ ഷാ ആണ്. ഇന്ത്യയോട് ചേർന്നുകിടക്കുന്ന നേപ്പാളിൽ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ സ്വാധീനത്താൽ 1920-കളിൽ തന്നെ ഒട്ടേറെ ജനാധിപത്യ പരീക്ഷണങ്ങൾക്ക് അരങ്ങൊരുങ്ങിയിരുന്നു. 1951-ൽ നേപ്പാൾ താത്വികമായെങ്കിലും ജനാധിപത്യത്തിലേക്ക് വന്നെങ്കിലും 2008 വരെ രാജവാഴ്ച തുടർന്നു. 2001 ജൂൺ ഒന്നിന് രാജകൊട്ടാരത്തിൽ നടന്ന നിഷ്ഠുരമായ കൂട്ടക്കൊലയിൽ രാജാവും കുടുംബവും വധിക്കപ്പെട്ടതോടെ പരിപൂർണ ജനാധിപത്യ ഭരണം എന്ന ആശയത്തിലേക്ക് നേപ്പാൾ ജനത നടന്നടുത്തു. 2008-ൽ രാജഭരണം അവസാനിപ്പിച്ച് നേപ്പാൾ ഒരു ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി.

ജനാധിപത്യത്തിന്റെ പതിനേഴ് വർഷങ്ങൾക്കിടയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരൊറ്റ ഗവൺമെന്റിനും അഞ്ചുവർഷ കാലാവധി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് നേപ്പാൾ ജനാധിപത്യത്തിന്റെ ദുർവിധി! ഈ കാലയളവിൽ 14 സർക്കാരുകളാണ് മാറിമറിഞ്ഞ് അധികാരം പങ്കിട്ടത്. നേപ്പാളിലെ മൂന്ന് പ്രബല കക്ഷികളായ നേപ്പാളി കോൺഗ്രസും,​ നേപ്പാളി കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയും,​ കമ്മ്യൂണിസ്റ്റ് മാവോ സെന്റർ പാർട്ടിയും പരസ്പരം പോരടിച്ചും ഇണങ്ങിയും പിണങ്ങിയും നടത്തിയ അധികാര വടംവലികൾക്കിടയിൽ നേപ്പാളി ജനാധിപത്യം അഴിമതിയുടെയും സ്വജനപക്ഷത്തിന്റേയും മക്കൾ പ്രേമത്തിന്റെയും കൂത്തരങ്ങായി. ഭരണകക്ഷികൾ മാറിവരുമ്പോഴും ഭരണചക്രത്തിന്റെ കടിഞ്ഞാൺ എഴുപതു പിന്നിട്ട മൂന്നുനാല് പേരുടെ കൈകളിലേക്കു തന്നെ ഊഴമിട്ട് വന്നുകൊണ്ടിരുന്നു. ഭരണസ്ഥിരത ഇല്ലാതായതോടെ വ്യക്തമായ സാമ്പത്തിക ആസൂത്രണമോ ദീർഘകാല വികസന പദ്ധതികളോ അന്യമായ നേപ്പാൾ വിഷനും (Vision) മിഷനും (Mission) ഇല്ലാത്ത രാജ്യമായി മാറി. തൊഴിലില്ലായ്മയും ദാരിദ്ര്യവും രൂക്ഷമായിക്കൊണ്ടിരിക്കെ രാഷ്ട്രീയ പ്രമുഖരുടെ മക്കൾ ആർഭാട ജീവിതം നയിക്കുന്നതും വിദേശ വിദ്യാഭ്യാസം നേടുന്നതും സമൂഹ മാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനത്തിന് വിധേയമായി. സർക്കാർ ഇരുപത്തിയാറോളം സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകൾ നിരോധിച്ചതോടെ ഇക്കഴിഞ്ഞ എട്ടിന് സ്‌കൂൾ വിദ്യാർത്ഥികളും കോളേജ് വിദ്യാർത്ഥികളും ജെൻസി വിപ്ലവം എന്ന പേരിൽ തെരുവിലിറങ്ങി പ്രക്ഷോഭം തുടങ്ങി.

പാർലമെന്റ് മന്ദിരവും മന്ത്രി ഭവനങ്ങളും അഗ്നിക്കിരയാക്കുന്നതിലേക്കും മുൻ പ്രധാനമന്ത്രിയുടെ ഭാര്യയെ വീടിനകത്ത് ചുട്ടെരിക്കുന്നതിലേയ്ക്കും സമരം അക്രമാസക്തമായി. 72 മണിക്കൂർ നീണ്ട കലാപത്തിൽ എഴുപതിലേറെ പേർ കൊല്ലപ്പെട്ടു. നൂറുകണക്കിനു പേർക്ക് പരിക്കേറ്റു. ഗത്യന്തരമില്ലാതെ നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി പ്രധാനമന്ത്രി പദം രാജിവച്ച് നാടുവിട്ടു. കലാപകാരികളുടെ കൂടി ഇംഗിത പ്രകാരം മുൻ സുപ്രീംകോടതി ജഡ്ജി,​ ജസ്റ്റിസ് സുശീല ഖർക്കി ഇടക്കാല പ്രധാനമന്ത്രിയായി. കലാപം പതിയെ കെട്ടടങ്ങി.

അമ്പതുകളുടെ തുടക്കം വരെ പുറംലോകത്ത് ഏറെയൊന്നും അറിയപ്പെടാതിരുന്ന രാജ്യമായിരുന്നു നേപ്പാൾ. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ പടുകൂറ്റൻ മലമടക്കുകൾക്കിടയിൽ കുടുങ്ങിപ്പോയ ഒരു കൊച്ചു രാജ്യം! എന്നാൽ ഇന്ന് നേപ്പാൾ ലോകത്തിലെ എണ്ണപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായിരിക്കുന്നു. ഇന്ത്യയും മറ്റു രാജ്യങ്ങളും കൈയയച്ച് സഹായിച്ചപ്പോൾ നേപ്പാളിലെ റോഡുകളും വിമാനത്താവളങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ടു. ഇന്ത്യക്കാർക്ക് പാസ്‌പോർട്ട് ഇല്ലാതെ യാത്ര ചെയ്യാവുന്ന ഒരേയൊരു വിദേശ രാജ്യമാണ് നേപ്പാൾ. 2008-ൽ റിപ്പബ്ലിക് ആവുന്നതുവരെ ലോകത്തിലെ ഏക ഹിന്ദു രാഷ്ട്രം എന്ന സവിശേഷതയും നേപ്പാളിന് അർഹതപ്പെട്ടതായിരുന്നു. ഉത്തർപ്രദേശിലെ ഖരക്പൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങിയാൽ പിന്നെ രണ്ടര മണിക്കൂർ നേരത്തെ റോഡ് യാത്രയേ വേണ്ടൂ,​ നേപ്പാളിലെത്താൻ. അതിർത്തിക്ക് ഇപ്പുറത്തുള്ള ഇന്ത്യൻ ഗ്രാമമായ സുനൗലി പിന്നിട്ടാൽ നമ്മുടെ അതിർത്തി രേഖയിലെ ചെക്ക് പോസ്റ്റ്. അതുകഴിഞ്ഞ് അല്പദൂരം ആരുടേതുമല്ലാത്ത ഭൂമി. (നോ മാൻസ് ലാൻഡ് ). നേപ്പാളിന്റെ സ്വാഗത കവാടം കടന്നാൽ അതിർത്തി ഗ്രാമമായ ഭൈരവ. ഇന്ത്യൻ അതിർത്തിക്കിപ്പുറം വാഹനങ്ങൾ യാത്ര അവസാനിപ്പിച്ച് കാൽനടയായോ സൈക്കിൾ റിക്ഷയിലോ അതിർത്തിക കടക്കുകയാണെങ്കിൽ തിരിച്ചറിയൽ കാർഡ് മാത്രമേ നമുക്ക് വേണ്ടൂ.


അതിർത്തി കഴിഞ്ഞാൽ വാച്ചിലെ സൂചി 15 മിനിറ്റ് മുന്നോട്ടാക്കി വയ്ക്കണം. നേപ്പാളിലെ സമയം നമ്മുടേതിനേക്കാൾ 15 മിനിറ്റ് മുമ്പിലാണ് . അതിർത്തിയിലെങ്ങും മണി എക്സ്‌ചേഞ്ച് സ്ഥാപനങ്ങൾ. യാത്ര തുടരുന്നതിനു മുമ്പ് അവിടെനിന്ന് ഇന്ത്യൻ രൂപയ്ക്കു പകരം നേപ്പാളി രൂപ വാങ്ങണം. നേപ്പാളി രൂപയ്ക്ക് മൂല്യം കുറവാണ്. നമ്മുടെ 100 രൂപ കൊടുത്താൽ 161 നേപ്പാളി രൂപ കിട്ടും.

ബുദ്ധൻ പിറന്ന

മണ്ണിൽ

ശുദ്ധോധന മഹാരാജാവിന്റെ മകനായി ഗൗതമ ബുദ്ധൻ പിറന്നു വീണ ലുംബിനിയിലേക്ക് ഇന്ത്യൻ അതിർത്തിയിൽ നിന്നുള്ള ദൂരം കേവലം 20 കിലോമീറ്റർ മാത്രം. ലുംബിനി വനമെന്ന് അറിയപ്പെടുന്ന ബുദ്ധവിഹാരത്തിന്റെ കവാടം കടന്നുള്ള നീണ്ട നടപ്പാത അവസാനിക്കുന്നത് ടിബറ്റുകാരുടെ ബുദ്ധവിഹാരത്തിലാണ്. സിദ്ധാർത്ഥൻ പിറന്നുവീണതെന്ന് വിശ്വസിക്കപ്പെടുന്ന സാല വൃക്ഷത്തിനു ചുവട്ടിൽ ധ്യാനനിരതരായിരിക്കുന്ന ലാമമാർ. ജന്മം നൽകിയതിന്റെ ഏഴാം നാൾ അകാലചരമമടഞ്ഞ മായാദേവിയുടെ ഓർമ്മയ്ക്കായി ശുദ്ധോധന മഹാരാജാവ് പണിത മായാദേവി ക്ഷേത്രം. 1996-ൽ കണ്ടെടുക്കപ്പെട്ട,​ ബുദ്ധൻ പിറന്നുവീണ സ്ഥലം അടയാളപ്പെടുത്തിയ ശില ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനകത്താക്കി സൂക്ഷിച്ചിരിക്കുന്നത് ഈ ക്ഷേത്രത്തിനകത്താണ്. ബി.സി 249-ലെ സന്ദർശന വേളയിൽ അശോക ചക്രവർത്തി ഇവിടെ പണിത സ്തൂപം സന്ദർശകരെ ആകർഷിക്കുന്നു. ബുദ്ധനെ സ്നാനം ചെയ്യിച്ച പുഷ്‌കരണി തടാകവും ബുദ്ധ കാലഘട്ടത്തിന്റെ മറ്റ് അനവധി ചരിത്ര ശേഷിപ്പുകളും സംരക്ഷിക്കുന്നതിനായി വൻ സന്നാഹങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 1997-ൽ ലുംബിനി ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചു. നിരവധി രാജ്യങ്ങൾ അവരവരുടെ തനത് വാസ്തുശില്പ ഭംഗിയിൽ പണിത ബുദ്ധവിഹാരങ്ങളുടെ സമുച്ചയം ഇവിടത്തെ മറ്റൊരു വിസ്മയക്കാഴ്ചയാണ്.
ഇന്ത്യൻ അതിർത്തിയിൽ നിന്ന് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കുള്ള യാത്രയ്ക്ക് ഒരു പകലിന്റെ ദൈർഘ്യമുണ്ട്. ചെങ്കുത്തായ പർവതനിരകളിലൂടെയുള്ള ഈ യാത്ര അവിസ്മരണീയമായ അനുഭവം തന്നെ. പത്തുപേരടങ്ങുന്ന ഞങ്ങളുടെ ഗ്രൂപ്പ് നേപ്പാളി ഗാനങ്ങളുടെ അകമ്പടിയോടെ ട്രാവലറിൽ മുമ്പോട്ടു നീങ്ങുമ്പോൾ ഒരോ മലമടക്കുകൾ പിന്നിടുമ്പോഴും മിന്നിമറയുന്ന ദൃശ്യഭംഗികൾ! മലനിരകളെ ചുറ്റിവളഞ്ഞ് ഒഴുകുന്ന നാരായണ പുഴയ്ക്ക് സമാന്തരമായ റോഡിലൂടെയാണ് താളാത്മകമായ ഈ യാത്ര. ഇടയ്ക്കിടെ കണ്ണിലുടക്കുന്ന കടുക് പാടങ്ങളും പച്ചക്കറിത്തോട്ടങ്ങളും പരമ്പരാഗത വേഷമണിഞ്ഞ നേപ്പാളി സുന്ദരികളും

മൻ കാമന ദേവീക്ഷേത്രം

കാഠ്മണ്ഡുവിലേക്കുള്ള യാത്രയ്ക്കിടയിലെ ഒരു ചെറുപട്ടണമാണ് കരിന്തർ. അവിടെ നമ്മെ കാത്തിരിക്കുന്നത് 1302 മീറ്റർ ഉയരത്തിൽ മലമടക്കുകൾക്കു മുകളിൽ സ്ഥിതി ചെയ്യുന്ന മൻകാമന ദേവീക്ഷേത്രത്തിലേക്കുള്ള കേബിൾ കാർ യാത്രയാണ്. തൃശൂലി നദിക്കു മുകളിലൂടെ ദൃശ്യഭംഗികൾ നുകർന്നുകൊണ്ടുള്ള ഈ യാത്ര ഒരു വിമാനയാത്രയുടെ അനുഭവമാണ് ഒരുക്കുന്നത്. ടവറുകൾക്കിടയിലെ ചെങ്കുത്തായ കമ്പികളിലൂടെ മൂന്നു കിലോമീറ്റർ ദൂരമുള്ള യാത്രയ്ക്ക് പത്ത് മിനിറ്റിലധികം സമയമെടുക്കും. ആറു പേർക്ക് ഇരിക്കാവുന്ന നിരവധി കേബിൾ കാറുകൾ ഇടതടവില്ലാതെ ക്ഷേത്രത്തിലേക്കും കീഴ്‌പോട്ടും നിരന്തരം ചലിച്ചുകൊണ്ടിരിക്കും. നേപ്പാളികളുടെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് മൻകാമന ക്ഷേത്രം. മൻകാമന എന്നാൽ മനസിന്റെ കാമന തന്നെ! മലയാള പദത്തോട് ഏറെ സാമ്യമുള്ള നേപ്പാളി പദം. ക്ഷേത്രത്തിൽ എത്തുന്നവരുടെ മനസിലെ ആഗ്രഹങ്ങളെല്ലാം നിറവേറ്റിക്കൊടുക്കുന്ന ഉഗ്രമൂർത്തിയായ ദേവിയാണ് അവിടത്തെ പ്രതിഷ്ഠ. കാമനകൾ സാക്ഷാത്കരിക്കാനായി നടത്തുന്ന മൃഗബലി ഇപ്പോഴും അവിടെ ഒരു വഴിപാടായി തുടരുന്നു. ആടിനെ കുളിപ്പിച്ച് അരിയും പൂവുമെറിഞ്ഞ് കുങ്കുമം തൊടുവച്ച് ക്ഷേത്ര വിഗ്രഹത്തിനു മുന്നിലെ ബലിക്കല്ലിൽ വച്ച് ഗളച്ഛേദം ചെയ്യുന്ന കാഴ്ച ഹൃദയഭേദകം തന്നെ!

കസ്തമണ്ഡപം എന്ന കാഠ്മണ്ഡു

ശിവപുരി, ഫുൽ ചൗക്കി, നാഗാർജുന,​ ചന്ദ്രഗിരി എന്നീ നാലു പർവതങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ ഒരു താഴ്വരയാണ് കാഠ്മണ്ഡു. ഇടവിട്ടിടവിട്ട് കുന്നുകൾ,​ നിബിഡമായ കുന്നിൻ ചെരിവുകൾ,​ മിതശീതോഷ്ണമായ കാലാവസ്ഥ... നമ്മുടെ ഊട്ടിയെയും കൊടൈക്കനാലിനെയുമൊക്കെ അനുസ്മരിപ്പിക്കുന്നു,​ ഈ നഗരം. ക്രിസ്തുവർഷം എട്ടാം ശതകത്തിൽ ഭാഗമതി വിഷ്ണുമതി നദീസംഗമത്തിൽ സ്ഥാപിക്കപ്പെട്ടതാണ് ഈ നഗരം. കാസളി ഭഗവതിയുടെ കൈയിലെ ഖഡ്ഗത്തിന്റെ മാതൃകയിലാണ് നഗരം സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. 1596-ൽ രാജലക്ഷ്മി നരസിംഹ മല്ലൻ ഒറ്റത്തടിയിൽ നിർമ്മിച്ച മണ്ഡപവുമായി (കസ്തമണ്ഡപം) ബന്ധപ്പെട്ടാണ് ഈ പേര് രൂപപ്പെട്ടത്. പഗോഡ രീതിയിലുള്ള വലിയ നിർമ്മാണങ്ങളിൽ ഒന്നാണ് കസ്തമണ്ഡപം. പഴയ കാലത്തിന്റെ പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്ന രാജവീഥികൾ,​ നാലും അഞ്ചും നിരകളായി സമാന്തരമായി നീണ്ടുപോകുന്ന തെരുവുകൾ... തെരുവുകൾക്ക് ഇരുവശവും മൂന്നും നാലും നിലകളുള്ള കെട്ടിടങ്ങളാണ്. കാലപ്പഴക്കംകൊണ്ട് ജീർണിച്ച അവസ്ഥയിലാണ് ഇവയിൽ പലതും. പൊട്ടിപ്പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളിൽ മരണഭയം കൂടാതെ കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുകയാണ് നേപ്പാളികൾ! ചൈനയിൽ നിന്നും മലേഷ്യയിൽ നിന്നും തായ്‌വാനിൽ നിന്നുമൊക്കെ എത്തുന്ന സാധനങ്ങൾ വിൽക്കുന്ന തെരുവോരങ്ങൾ. സൈക്കിൾ റിക്ഷക്കാർ കൈയടക്കിയ തെരുവകളിലും പലചരക്കു കടകളിലും പെട്ടിക്കടകളിൽപ്പോലും ഇവിടെ സുലഭമായി മദ്യം ലഭിക്കും. സന്ധ്യ മയങ്ങുന്നതോടെ നിശാ ക്ലബ്ബുകൾ സജീവമാകുന്നു. ഈ വഴിയോരക്കാഴ്ചകൾ നേപ്പാളിന്റെ പ്രതിഫലനമാണ്. കൃഷിയും വ്യവസായവുമൊന്നും ഏറെ പച്ചപിടിക്കാത്ത നേപ്പാളിന്റെ ദാരിദ്ര്യത്തിന് അല്പമെങ്കിലും ശമനമേകുന്നത് ഇതിൽ നിന്നുള്ള വരുമാനമാണ്.

കാഠ്മണ്ഡുവിലെ പശുപതി

ലോകപ്രശസ്ത ഹിന്ദു ക്ഷേത്രമായ പശുപതിനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കാഠ്മണ്ഡുവിലാണ്. ഗംഗാനദിയുടെ പ്രഭവസ്ഥാനങ്ങളിൽ ഒന്നായ ഭഗമതി നദി ഈ ക്ഷേത്രത്തെ വലംവച്ച് ഒഴുകുന്നു. ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ഈ ശിവക്ഷേത്രം നിരവധി ഐതിഹ്യങ്ങളാൽ സമ്പന്നമാണ്. ശങ്കരാചാര്യർ കേരളത്തിൽനിന്ന് ഇവിടെ നടന്നെത്തി ക്ഷേത്രാചാരങ്ങളും പൂജാരികളുടെ നിയമനവുമൊക്കെ ചിട്ടപ്പെടുത്തിയതായി പറയപ്പെടുന്നു. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ബ്രാഹ്മണരാണ് ഇപ്പോഴും ഇവിടത്തെ പൂജാരികൾ! ഈ ക്ഷേത്രമുറ്റത്തെ കളിത്തൊട്ടിലിൽ ഇരുന്നാണ് അമരസിംഹൻ അമരകോശം രചിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർമുഖമുള്ള ശിവലിംഗമാണ്. ക്ഷേത്ര കവാടത്തിൽ നന്ദിയുടെ കൂറ്റൻ സ്വർണപ്രതിമ. ക്ഷേത്രത്തിന്റെ മദ്ധ്യഭാഗം ജാപ്പനീസ്,​ ചൈനീസ് വാസ്തുശില്പ മാതൃകയായ പഗോഡ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഭിത്തികൾ പാർവതിയുടെയും ഗണപതിയുടെയും മറ്റ് ഹൈന്ദവ ദേവതകളുടെയും ശില്പങ്ങളാൽ അലങ്കരിക്കപ്പെട്ടിട്ടുണ്ട്. വരാണസിയിലെ സ്നാനഘട്ടങ്ങളെ അനുസ്മരിപ്പിക്കുന്നവയാണ് പശുപതി ക്ഷേത്രത്തോടു ചേർന്നുള്ള ഭഗമതീ തീരത്തെ സ്നാനഘട്ടങ്ങൾ. മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിന്റെയും പിതൃദർപ്പണങ്ങളുടെയും ആരവങ്ങൾകൊണ്ട് മുഖരിതമാണ് അവിടം.

ദർബാർ സ്‌ക്വയർ

നിരവധി ക്ഷേത്രങ്ങളും രാജകൊട്ടാരങ്ങളും അനുബന്ധ കെട്ടിടസമുച്ചയങ്ങളും ചേർന്നതാണ് കാഠ്മണ്ഡുവിലെ ദർബാർ സ്‌ക്വയർ. ഹനുമാൻ ദോക്ക എന്നും പേരുണ്ട്. യുനെസ്‌കോയുടെ എട്ട് ലോക സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ് ഇത്. പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ടു വരെ നേപ്പാളിന്റെ ഭരണകാര്യങ്ങൾ തീരുമാനിക്കപ്പെട്ടിരുന്നത് ഇവിടെ വച്ചായിരുന്നത്രെ! പഴയ ദർബാർ ചത്വരത്തിലെ ദിവ്യകന്യകയുടെ വാസഗൃഹം സഞ്ചാരികളിൽ കൗതുകമുണർത്തും. ജീവിച്ചിരിക്കുന്ന ഒരു ഹൈന്ദവ ബാലികയാണ് ദിവ്യകന്യക. സരസ്വതീദേവിയുടെ പ്രതീകമായ ഈ കന്യകയ്ക്ക് പ്രായമായാൽ ജാതക വിധികളും മറ്റും പരിശോധിച്ച് അടുത്ത കന്യകയെ കണ്ടെത്തും. കാഠ്മണ്ഡു താഴ്വരയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പൗരാണിക ബുദ്ധക്ഷേത്രമാണ് സ്വയംഭൂനാഥ്. 365 പടികൾ കയറി വേണം ഈ ക്ഷേത്രത്തിലെത്താൻ. ബുദ്ധമതക്കാരുടെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണിത്. 'മങ്കി ടെമ്പിൾ" എന്നുകൂടി അറിയപ്പെടുന്ന ഈ ക്ഷേത്രം അഞ്ചാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടത്. പഴയ കാലത്ത് ചൈനീസ്,​ ടിബറ്റൻ സംഘങ്ങളുടെ വിശ്രമ കേന്ദ്രമായിരുന്ന ബൗദ്ധനാഥ ക്ഷേത്രവും നേപ്പാളിലെ നേവാർ രാജവംശത്തിന്റെ തലസ്ഥാനവുമായിരുന്ന ഭക്തപൂരും ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചവ തന്നെ.

പോഖ്രയിലെ കാഴ്ചകൾ

നേപ്പാളിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രമാണ് പോഖ്ര. ഹിമാലയത്തിലെ വളരെ ഉയരമുള്ള അന്നപൂർണ്ണ, മുക്തിനാഥ്, മാക്ച, പോക്ചിറ തുടങ്ങിയ മലനിരകൾക്കിടയിലെ ഒരു സ്വപ്ന താഴ്വര! കാഠ്മണ്ഡുവിൽ നിന്ന് 200 കിലോമീറ്റർ യാത്ര ചെയ്താൽ ഈ സ്വപ്നഭൂമിയിലെത്താം. പോഖ്ര നഗരത്തെ ചുറ്റിവളഞ്ഞ് നാലര കിലോമീറ്റർ നീളത്തിൽ കിടക്കുന്ന ഫേവ തടാകം സഞ്ചാരികളുടെ ഒരു പറുദീസയാണ്. മലനിരകളുടെ നിഴലിലൂടെ,​ മഞ്ഞണിഞ്ഞ ഗിരിശൃംഗങ്ങളുടെ താഴ്‌വാരത്തിലൂടെയുള്ള ഈ തടാകത്തിലെ ബോട്ട് യാത്ര അവിസ്മരണീയമായ അനുഭവമാണ്. ഫേവ തടാകത്തിന്റെ മധ്യത്തിൽ നിത്യവിസ്മയം പോലെ ഒരു ദ്വീപ്! ദ്വീപിൽ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒന്നായ വരാഹത്തെ പ്രതിഷ്ഠിച്ച വരാഹ ക്ഷേത്രം. ഫേവാ തടാകത്തിനടുത്ത് 'ഡേവിസ് ഫാൾ" എന്ന പേരിൽ മനോഹരമായ ഒരു വെള്ളച്ചാട്ടം. വെൺനുരകൾ ചിതറി കാതടപ്പിക്കുന്ന ഇരമ്പലോടെയുള്ള ഇതിന്റെ കുത്തൊഴുക്ക് അമ്പരപ്പിക്കുന്ന ഒരു ദൃശ്യമാണ്. വർഷങ്ങൾക്കു മുമ്പ് സ്വിറ്റ്സർലൻഡുകാരിയായ ഡേവിസ് എന്ന യുവതി വെള്ളച്ചാട്ടത്തിന്റെ ഒഴുക്കിൽപ്പെട്ട് മരിച്ചതോടെയാണ് വെള്ളച്ചാട്ടത്തിന് ഡേവിസ് എന്ന് പേരു കിട്ടിയത്.
ഈ വെള്ളച്ചാട്ടത്തിനടുത്തു തന്നെയാണ് ഗുപ്‌തേശ്വർ ഗുഹ. ഭീതിദമായ ചുറ്റുപാടിൽ ഭൂമിക്ക് അടിയിലേക്ക് നൂറിലേറെ മീറ്റർ ദൂരം നൂണ്ടിറങ്ങാൻ ധൈര്യപ്പെടുന്നവരെ കാത്തിരിക്കുന്നത് ഡേവിസ് ഫാളിന്റെ മറ്റൊരു മുഖമാണ്. ഗുഹയുടെ അടിഭാഗത്തുനിന്ന് വശം ചേർന്ന് മുകളിലേക്കു നോക്കിയാൽ നേർത്ത വിടവിലൂടെ ആകാശക്കീറിന്റെ ദൃശ്യ വിസ്മയം. ഒപ്പം വെള്ളച്ചാട്ടത്തിന്റെ ഇരമ്പവും ജലകണങ്ങൾ അന്തരീക്ഷത്തിൽ ചിതറി രൂപപ്പെടുന്ന മഴവിൽ ദൃശ്യങ്ങളും! പോഖ്രയിലെ വിദ്യാ ബാസിനി ക്ഷേത്രത്തിൽ നിന്നുള്ള ഹിമാലയ പർവതങ്ങളുടെ ദൃശ്യങ്ങൾ നയന മനോഹരങ്ങളാണ്.

ഏറ്റവും ഉയരത്തിലുള്ള സാരഗോട്ട് മലയിൽ നിന്നുള്ള ഉദയ കാഴ്ചകളും നാഗർകോട്ടിൽ നിന്നുള്ള അസ്തമയ കാഴ്ചകളും കാണാൻ മാത്രമായി എത്തുന്ന സഞ്ചാരികൾ നിരവധിയാണ്. ഇപ്പോൾ നേപ്പാളിന്റെ ആകാശത്ത് പടർന്നിരിക്കുന്ന കാർമേഘപടലങ്ങൾ ഏറെ താമസിയാതെ അകന്നുനീങ്ങി നേപ്പാൾ രാഷ്ട്രീയ സ്ഥിരതയാർജ്ജിക്കുമ്പോൾ, സൂര്യന്റെ തങ്കരശ്മികൾ പതിച്ച് തിളങ്ങുന്ന എവറസ്റ്റ് കൊടുമുടിയെ നമസ്കരിക്കാൻ നമുക്ക് മലനിരകൾ താണ്ടി നേപ്പാളിലേക്ക് പോകാം.

(ലേഖകന്റെ ഫോൺ: 94460 97241)​

TAGS: NEPPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.