കൊച്ചി: ക്ഷീരസംഘങ്ങളുടെയും മേഖലാ യൂണിനയുകളുടെയും സമ്മർദ്ദത്തിന്റെ ഫലമായി ജനുവരിയിൽ പാൽവില വർദ്ധിപ്പിക്കാൻ സർക്കാരും മിൽമയും തീരുമാനിച്ചത്, ഉത്പാദനച്ചെലവിന് അനുസൃതമായി വരുമാനം ലഭിക്കാതെ നട്ടംതിരിയുന്ന മൂന്നു ലക്ഷത്തോളം കർഷകർക്ക് ആശ്വാസമാകും. ഒരുലിറ്ററിന് ആറു രൂപ വിൽപ്പനവില വർദ്ധിപ്പിക്കുമ്പോൾ 5.40 രൂപ കർഷകർക്ക് ലഭിക്കും, ക്ഷീര സംഘങ്ങൾക്ക് 60 പൈസയും.
സംഭരണവില വർദ്ധിപ്പിക്കണമെന്ന് കർഷകരുടെ സംഘടനകൾ ദീർഘകാലമായി ആവശ്യപ്പെടുന്നതാണ്. മിൽമ ആസ്ഥാനത്ത് രണ്ടാഴ്ച മുമ്പ് കർഷകർ ധർണ നടത്തുകയും തോമസ് കെ. തോമസ് എം.എൽ.എ നിയമസഭയിൽ വിഷയം അവതരിപ്പിക്കുകയും ചെയ്‌തിരുന്നു. തുടർന്നാണ് വില വർദ്ധിപ്പിക്കാൻ അനുമതി നൽകുമെന്ന് ക്ഷീരവികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതിനാലാണ് പാൽവില വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകാതിരുന്നത്. പശുവളർത്തൽ ലാഭകരമല്ലാതായതോടെ രണ്ടുലക്ഷം കർഷകർ പിന്മാറുകയും പാലുത്പാദനത്തെ ബാധിക്കുകയും ചെയ്‌തത് വിലയിരുത്തിയാണ് വില വർദ്ധിപ്പിക്കാൻ അനുവദിച്ചത്. ലിറ്ററിന് ആറു രൂപ വർദ്ധിപ്പിക്കാനാണ് മിൽമയുടെ തീരുമാനം.
മിൽമയുടെ പഠനപ്രകാരം ഒരു ലിറ്റിന് 52 രൂപ ഉത്പാദനച്ചെലവുണ്ട്. 48 രൂപ വരെയാണ് കർഷകർക്ക് ലഭിക്കുന്നത്. ലാഭകരമല്ലാത്തതിനാൽ നിരവധിപേർ പശുവളർത്തൽ ഉപേക്ഷിച്ചു.
കർഷകരുടെ പ്രശ്‌നങ്ങൾ
1.കാലിത്തീറ്റയുടെ വിലവർദ്ധന
2.തൊഴിലാളികളുടെ ഉയർന്ന കൂലി
3.പുൽക്കൃഷി ചെലവിലെ വർദ്ധന
4.വെറ്റിനറി സേവന ചെലവ് കൂടി
5.വൈദ്യുതി, വെള്ളം നികുതികൾ
പോരാടിയത് എറണാകുളം
സംഭരണവില വർദ്ധിപ്പിക്കാൻ മിൽമ ഭരണസമിതി യോഗങ്ങളിൽ എറണാകുളം യൂണിയൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ആഗസ്റ്റ് 29, സെപ്തംബർ15 തീയതികളിലെ യോഗങ്ങളിലും ഉന്നയിച്ചു. കഴിഞ്ഞ 16ന് പൊതുയോഗത്തിൽ നിന്ന് യൂണിയൻ പ്രതിനിധികൾ ഇറങ്ങിപ്പോയിരുന്നു.
പാൽവില വർദ്ധിപ്പിക്കാതെ കർഷകർക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല. കാലത്തീറ്റയുടെ വില വർദ്ധന തടയാനും സർക്കാർ തയ്യാറാകണം.
- സി.എൻ. വത്സലൻപിള്ള,
ചെയർമാൻ,
മിൽമ എറണാകുളം മേഖല
പാലിന് ആശ്വാസവില ലഭിക്കുന്നത് കുറേപ്പേരെയെങ്കിലും പശുവളർത്തലിൽ പിടിച്ചുനിറുത്താൻ സഹായിക്കും.
- സി.കെ. സ്‌റ്റീഫൻ
കേരള ഡെയറി ഫാർമേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |