സംഭാൽ (ഉത്തർപ്രദേശ്): അദ്ധ്യാപികയ്ക്കുനേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിനെ പൊലീസ് ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റുചെയ്തു. അംറോഹ ജില്ലയിലെ ടിഗ്രി ഗ്രാമക്കാരനായ നിഷു തിവാരി എന്ന മുപ്പതുകാരനാണ് അറസ്റ്റിലായത്. ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ച ജഹാൻവി എന്ന സ്ത്രീയെയും അറസ്റ്റുചെയ്തിട്ടുണ്ട്. അറസ്റ്റുചെയ്യാനെത്തിയ പൊലീസിനുനേരെ നിഷു വെടിവയ്ക്കുകയായിരുന്നു. പൊലീസ് ആത്മരക്ഷാർത്ഥം തിരിച്ചടിച്ചതോടെ ഇയാളുടെ രണ്ടുകാലിലും വെടിയേറ്റു.ഇയാളുടെ പക്കൽനിന്ന് തോക്കും തിരകളും പിടിച്ചെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ 23നായിരുന്നു അദ്ധ്യാപികയ്ക്കുനേരെ ആസിഡ് ആക്രമണം ഉണ്ടായത്. സ്കൂളിൽ നിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്നതിനിടെ നിഷു ആസിഡ് ഒഴിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സാരമായി പരിക്കേറ്റ അദ്ധ്യാപിക ഇപ്പോൾ ചികിത്സയിലാണ്. നിഷുവിനെ പൊലീസ് ചോദ്യംചെയ്തതോടെയാണ് ആക്രമണത്തിനുള്ള കാരണം വ്യക്തമായത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 'ഡോക്ടർ അർച്ചന' എന്ന സ്ത്രീയാണ് അദ്ധ്യാപികയെ ആക്രമിക്കാൻ പ്രേരിപ്പിച്ചതെന്നും ഇവരുമായി താൻ പ്രണയത്തിലായിരുന്നു എന്നുമാണ് നിഷു പറഞ്ഞത്.
തന്റെ സഹോദരി ജഹാൻവിയുടെ വിവാഹം ഒരു സൈനികനുമായി ഉറപ്പിച്ചതാണെന്നും എന്നാൽ ഇപ്പോൾ അയാൾ ഒരു അദ്ധ്യാപികയോട് ഇഷ്ടത്തിലാണെന്നും അവരെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും ഡോക്ടർ അർച്ചന നിഷുവിനോട് പറഞ്ഞു. തന്റെ സഹോദരിയെ അയാളെക്കൊണ്ട് വിവാഹം കഴിപ്പിക്കാനായി അദ്ധ്യാപികയുടെ മുഖത്ത് ആസിഡ് ഒഴിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതിനെത്തുടർന്നാണ് ആക്രമണം നടത്തിയത്. നേരത്തേ കെമിസ്റ്റായി ജോലിനോക്കിയിരുന്ന നിഷുതന്നെയാണ് ആസിഡ് വാങ്ങിയതും.
ഇതോടെ ഡോക്ടർ അർച്ചനയെ കണ്ടെത്താനായി പൊലീസിന്റെ ശ്രമം. ഇവർ പിടിയിലായതോടെയാണ് കള്ളങ്ങളെല്ലാം വെളിവായത്. നിഷുവിനെ ആക്രമണത്തിന് പ്രേരിപ്പിച്ച ഡോക്ടർ അർച്ചനയും ജഹാൻവിയും ഒരാളാണെന്നും പൊലീസിന് വ്യക്തമായി. വിവാഹിതയും മൂന്നുകുട്ടികളുടെ അമ്മയുമായ യുവതി ഭർത്താവിനെ ഉറക്കഗുളിക കൊടുത്ത് മയക്കിയശേഷം നിഷുവിനൊപ്പം ഒളിച്ചോടുകയായിരുന്നു. തന്നെ പെട്ടെന്ന് ആരും തിരിച്ചറിയാതിരിക്കാൻ മുഖത്തെ മറുകുപോലും ഇവർ നീക്കംചെയ്തിരുന്നു. അറസ്റ്റിലായ ഇരുവരും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |